മദ്യശാല നിരോധനം ഹോട്ടല്‍ വ്യവസായത്തിലെ നിക്ഷേപങ്ങള്‍ക്ക് നഷ്ടമുണ്ടാക്കി

മദ്യശാല നിരോധനം ഹോട്ടല്‍ വ്യവസായത്തിലെ നിക്ഷേപങ്ങള്‍ക്ക് നഷ്ടമുണ്ടാക്കി

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ അടക്കേണ്ടി വന്നു

ന്യൂഡെല്‍ഹി: ദേശീയ പാതയോരത്തെ മദ്യശാലകള്‍ സുപ്രീംകോടതി നിരോധിച്ചത് രാജ്യത്തെ ഹോട്ടല്‍ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് വന്‍ഭീഷണിയാകുന്നു. ഇതിനു പുറനേ ചില സംസ്ഥാനങ്ങളില്‍ പൂര്‍ണമായ മദ്യ നിരോധനംകൂടി ഏര്‍പ്പെടുത്തിയിട്ടുള്ളത് ഇരട്ട തിരിച്ചടിയാണ് നല്‍കുന്നതെന്നും ചില ഹോട്ടല്‍ ഉടമകളും വിദേശ നിക്ഷേപകരും കരുതുന്നു. ഇതേ തുടര്‍ന്ന് ഈ മേഖലയിലെ പല നിര്‍ദിഷ്ട പദ്ധതികളെ കുറിച്ചും നിക്ഷേപങ്ങളെ കുറിച്ചും വിദേശ നിക്ഷേപകര്‍ പുനര്‍വിചിന്തനം നടത്തുകയാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മദ്യ നിരോധനം നടപ്പാക്കുന്നത് ഹോട്ടല്‍ വ്യവസായത്തിലെ ലയ- ഏറ്റെടുക്കല്‍ കരാറുകളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

ഹൈവേകള്‍ക്കു സമീപം മദ്യം വിതരണം ചെയ്യാനാകാത്ത സാഹചര്യം വരാനിരിക്കുന്ന പദ്ധതികളില്‍ 30-35 ശതമാനത്തെ ബാധിക്കും. ഹോട്ടല്‍ വ്യവസായത്തിലെ നിലവിലുള്ള പദ്ധതികളെയും വിധി ബാധിക്കുമെന്ന് കാള്‍സണ്‍ റെസിഡോറിന്റെ സൗത്ത് ഏഷ്യ സിഇഒ രാജ് റാണ പറഞ്ഞു. കഴിഞ്ഞ 12 മാസമായി നിര്‍മാണ ഘട്ടത്തിലായിരുന്ന 40 ശതമാനം ഹോട്ടലുകളെയും സുപ്രീംകോടതിയുടെ ഉത്തരവ് ബാധിച്ചു. കാള്‍സണിന്റെ 30 ശതമാനം ഹോട്ടലുകളെ ഇത് ബാധിച്ചു. എയര്‍പോര്‍ട്ടുകളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന, ഹൈവേകളുടെ സമീപത്തുള്ള ഹോട്ടലുകള്‍ക്കാണ് പ്രധാനമായും നഷ്ടമുണ്ടായത്. തീരുമാനത്തില്‍ പുനഃപരിശോധന നടത്തിയില്ലെങ്കില്‍ ഹോട്ടലുകളുടെ നിര്‍മാണത്തെ കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

നിരോധനം നിരാശാജനകമാണെന്നും ആശങ്കയുണ്ടെന്നും സാമ്ഹി ഹോട്ടല്‍ സിഇഒ ആശിഷ് ജഖന്‍വാല അഭിപ്രായപ്പെട്ടു. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടണണെന്നും നിക്ഷേപം സംബന്ധിച്ച തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്‌സാണ് സാമ്ഹി ഹോട്ടലിന്റെ പാതി ഉടമസ്ഥര്‍. കഴിഞ്ഞവര്‍ഷം 441 കോടി രൂപയുടെ നിക്ഷേപം ഗോള്‍ഡ്മാന്‍ സാച്‌സ് സാമ്ഹി ഹോട്ടലില്‍ നടത്തിയിരുന്നു.

ഹോട്ടല്‍ മേഖലയില്‍ ഭാവിയിലെ വിപുലീകരണ പദ്ധതികളില്‍ നിക്ഷേപകര്‍ ചില വ്യക്തതകള്‍ ആഗ്രഹിക്കുന്നു. അടുത്തിടെ നടന്ന മാറ്റങ്ങള്‍ ഹോട്ടല്‍, എഫ് ആന്റ് ബി (ഫുഡ് ആന്റ് ബിവറേജ്) മേഖലകളിലെ കരാറുകളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുവെന്നും ഹോട്ടല്‍ മേഖലയ്ക്ക് ജിഎസ്ടി വഴി ലഭിക്കുമെന്ന് കരുതിയിരുന്ന നേട്ടങ്ങളെ ഇത് ഇല്ലാതാക്കുമെന്നും പിഡബ്ല്യുസി ഇന്ത്യയുടെ പ്രൈവറ്റ് ഇക്വിറ്റി ലീഡറായ സഞ്ജീവ് കൃഷ്ണന്‍ പറഞ്ഞു. ഹൈവേകള്‍ക്ക് സമീപം വരാനിരിക്കുന്ന ഹോട്ടല്‍ പദ്ധതികള്‍ എല്ലാം വന്‍കിടയെന്ന് വിശേഷിപ്പിക്കാവുന്നവയാണ്. ഇത് വലിയ നഷ്ടങ്ങള്‍ക്കു കാരണമാകുമെന്നും ഹോട്ടല്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയായ എച്ച്‌വിഎസിന്റെ എംഡി അഛിന്‍ ഖന്ന പറഞ്ഞു. .

അതേസമയം മുംബൈ, പൂനെ, കൊല്‍ക്കത്ത, ഷിംല, സിലിഗുരി, തിരുവനന്തപുരം,ഉദയ്പൂര്‍,എന്നിവിടങ്ങളില്‍ വരാന്‍ പോകുന്ന തങ്ങളുടെ ഹോട്ടലുകളെ നിരോധനം ബാധിക്കില്ലെന്നും പദ്ധതികള്‍ ആരംഭിക്കുമെന്നും ലെമണ്‍ ട്രീ ഹോട്ടല്‍ ചെയര്‍മാനായ പാറ്റു കെസ്വനി വ്യക്തമാക്കി. ഹരീഷ് സാല്‍വയെ പോലുള്ള പ്രമുഖ അഭിഭാഷകരെ തങ്ങള്‍ സമീപിച്ച് കൊണ്ടിരിക്കുകയാണെന്നും നിയമപരമായ തന്ത്രങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ തയാറാക്കുമെന്നും ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ (എഫ്എച്ച്ആര്‍എഐ) അറിയിച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ അടക്കേണ്ടി വന്നുവെന്നാണ് കണക്കുകള്‍.

Comments

comments

Categories: Business & Economy