ഗ്രാസിം-ആദിത്യ ബിര്‍ള നുവോ ലയനത്തിന് പച്ചക്കൊടി

ഗ്രാസിം-ആദിത്യ ബിര്‍ള നുവോ ലയനത്തിന് പച്ചക്കൊടി

80 ശതമാനത്തിലധികം ന്യൂനപക്ഷ ഓഹരി ഉടമകള്‍ ലയനത്തെ അനുകൂലിച്ചു

മുംബൈ: ഗ്രാസിം ഇന്‍ഡസ്ട്രീസും ആദിത്യ ബിര്‍ള നുവോയും തമ്മിലെ ലയനത്തിന് ബിര്‍ള ഗ്രൂപ്പ് കമ്പനികളുടെ ഓഹരി ഉടമകള്‍ അനുമതി നല്‍കി. 9.2 ബില്ല്യണ്‍ ഡോളറിന്റെ നിര്‍മാണ, സേവന ബിസിനസുകള്‍ സ്ഥാപിക്കുന്നതിനുള്ള തടസങ്ങള്‍ നീക്കുന്നതിനുവേണ്ടിയാണ് ലയനമെന്ന് ഇരു കമ്പനികളും അറിയിച്ചു.

ബിര്‍ള ഗ്രൂപ്പിന്റെ ധനകാര്യ സേവന വിഭാഗമായ ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ വേര്‍പെടുത്തലിനും ലിസ്റ്റിംഗിനും പിന്നാലെയാണ് ഗ്രാസിം- നുവോ ലയനം സാധ്യമാക്കുന്നത്. നിലവില്‍ ആദിത്യ ബിര്‍ള ഫിനാന്‍ഷ്യല്‍ സര്‍വീസസ് നുവോയുടെ കീഴിലാണ്. ലയനത്തിലൂടെയുള്ള സംരംഭം സിമന്റ്, ധനകാര്യ സേവനം, ടെലികോം, ടെക്‌സ്‌റ്റൈല്‍, കെമിക്കല്‍ ബിസിനസുകളില്‍ പ്രമുഖ പങ്കു വഹിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച നടന്ന യോഗത്തില്‍ ആദിത്യ ബിര്‍ള നുവോയുടെ 80 ശതമാനത്തിലധികം ന്യൂനപക്ഷ ഓഹരി ഉടമകളും ഗ്രാസിമുമായുള്ള ലയനത്തെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. 41 ബില്ല്യണ്‍ ഡോളറിന്റെ ബിസിനസുകള്‍ക്ക് നേതൃത്വം നല്‍കുന്ന കുമാര്‍ മംഗളം ബിര്‍ളയ്ക്ക് കോപ്പര്‍, വിസ്‌കോസ് സ്റ്റാപ്പിള്‍ ഫൈബര്‍, കാര്‍ബണ്‍ ബ്ലാക്ക് വ്യവസായങ്ങളിലും താല്‍പര്യമുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആദിത്യ ബിര്‍ള നുവോ 3.6 ബില്ല്യണ്‍ ഡോളറിന്റെയും ഗ്രാസിം ഇന്‍ഡസ്ട്രീസ് 5.6 ബില്ല്യണ്‍ ഡോളറിന്റെയും വരുമാനം രേഖപ്പെടുത്തുകയുണ്ടായി. ശക്തമായ സംരംഭം സ്ഥാപിക്കുന്നതിന് ഓഗസ്റ്റിലാണ് അനുബന്ധ കമ്പനികളെ ലയിപ്പിക്കുന്നത് സംബന്ധിച്ച് ഗ്രൂപ്പ് പ്രഖ്യാപനം നടത്തിയത്. ഇനി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെയും (എന്‍സിഎല്‍ടി) ബിഎസ്ഇ, എന്‍എസ്ഇ എന്നിവയില്‍ നിന്നും ലയനത്തിന് അന്തിമ അനുമതി ലഭിക്കണം. നിലവിലെ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ ലയനം നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Business & Economy