ഇന്ത്യയെ ഹാന്‍ഡ്‌വെയര്‍ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങി സിസ്‌കോ

ഇന്ത്യയെ ഹാന്‍ഡ്‌വെയര്‍  കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങി സിസ്‌കോ

കഴിഞ്ഞവര്‍ഷം കമ്പനി 100 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു

ഗുരുഗ്രാം: യുഎസ് ആസ്ഥാനമാക്കിയ നെറ്റ്‌വര്‍ക്കിംഗ് ഭീമനായ സിസ്‌കോ, ഇന്ത്യയെ ഹാന്‍ഡ്‌വെയര്‍ കയറ്റുമതി ഹബ്ബാക്കാന്‍ ഒരുങ്ങുന്നു. കമ്പനി അടുത്തിടെ പൂനെയില്‍ അക്‌സെസ് പോയിന്റ്‌സ്, റൂട്ടേഴ്‌സ് തുടങ്ങിയ കംപ്യൂട്ടിംഗ് ഉപകരണങ്ങളുടെ നിര്‍മാണം തുടങ്ങിയിരുന്നു.

ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ 50 ഡിജിറ്റല്‍വല്‍ക്കരണ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണ് സിസ്‌കോ പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം കമ്പനി 100 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ രൂപരേഖ വളരെ വ്യക്തമാണ്. ആദ്യഘട്ടത്തില്‍ അക്‌സെസ് പോയിന്റ്, റൂട്ടേഴ്‌സ് പോലുള്ള അഞ്ച്, ആറ് ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തര വിപണിക്കുവേണ്ടി ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. പൂനെയെ ആഗോള കയറ്റുമതി ഹബ്ബാക്കുകയാണ് രണ്ടാം ഘട്ടമെന്ന് സിസ്‌കോയുടെ ഇന്ത്യയിലെ പ്രസിഡന്റായ ദിനേശ് മല്‍ക്കാനി പറഞ്ഞു. സിസ്‌കോ ഇന്ത്യ സമ്മിറ്റ് 2017 ല്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ചില്‍ സിസ്‌കോ ആദ്യത്തെ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്‍പ്പന്നം പുറത്തിറക്കുകയുണ്ടായി. യുഎസ്, മെക്‌സിക്കോ, ചൈന, ബ്രസീല്‍, മലേഷ്യ തുടങ്ങിയവയ്ക്ക് പുറമെ സിസ്‌കോയ്ക്ക് നിര്‍മാണ സൗകര്യമുള്ള 12ാമത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ഷോപ്പ് സ്ഥാപിക്കുന്നതിന് കമ്പനിയുടെ കൂട്ടാളികളെ പ്രോത്സാഹിപ്പിക്കുമെന്ന് മല്‍ക്കാനി പറഞ്ഞു.

ഇന്ത്യയിലെ ഡിജിറ്റല്‍വല്‍ക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് 100 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരിക്കുന്നത്. 2017ന്റെ അന്ത്യത്തോടെ 50 ഡിജിറ്റല്‍വല്‍ക്കരണ പദ്ധതികള്‍ പൂര്‍ത്തിയാകും. തെലങ്കാനയിലെ ടി-ഹബ്, രാജസ്ഥാനിലെ ഫെര്‍ട്ടി വില്ലേജ്- വൈഫൈ പദ്ധതി, ഗുജറാത്തിലെ ഐക്രിയേറ്റ് എന്നിവ അതില്‍ ഉള്‍പ്പെടും. ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ അടുത്തഘട്ടത്തില്‍ ആറ് പുതിയ ഇന്നോവേഷന്‍ ലാബുകളും ആറ് എക്‌സലന്‍സ് സെന്ററുകളും കൂട്ടിച്ചേര്‍ക്കുന്ന പദ്ധതിയില്‍ സിസ്‌കോ സംസ്ഥാന സര്‍ക്കാരുകളുമായി സഹകരിക്കുമെന്ന് മല്‍ക്കാനി കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy