കുല്‍ഭൂഷണിനെ രക്ഷപ്പെടുത്താന്‍ എല്ലാ വഴികളും സ്വീകരിക്കും: സുഷമ സ്വരാജ്

കുല്‍ഭൂഷണിനെ രക്ഷപ്പെടുത്താന്‍ എല്ലാ വഴികളും സ്വീകരിക്കും: സുഷമ സ്വരാജ്

ന്യൂഡെല്‍ഹി: ചാരപ്രവര്‍ത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ സൈന്യത്തിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. ജാദവിന്റെ വധശിക്ഷയുമായി മുന്നോട്ടുപോയാല്‍ കനത്ത പ്രത്യാഘാതം നേരിടാന്‍ പാകിസ്ഥാന്‍ തയാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മുന്നറിയിപ്പ് നല്കി. ജാദവ് ഇന്ത്യയുടെ മകനാണ്.അദ്ദേഹത്തെ മോചിപ്പിക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്നും രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് 46 കാരനായ മുന്‍നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവ് പാകിസ്താനില്‍ പിടിയിലായത്. കുല്‍ഭൂഷണ്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച കാര്യം പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയാണ് വെളിപ്പെടുത്തിയത്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഉദ്യോഗസ്ഥനാണ് കുല്‍ഭൂഷണ്‍ എന്നാണ് പാകിസ്താന്റ ആരോപണം.

ബലൂചിസ്താന്‍ പ്രവിശ്യയിലെ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ജാദവിന്റെ ദൗത്യമെന്നും ചൈന-പാകിസ്താന്‍ വാണിജ്യ ഇടനാഴിയില്‍ അട്ടിമറിനടത്താന്‍ നീക്കമുണ്ടായിരുന്നുവെന്നുമാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. ചാരപ്രവര്‍ത്തി ചെയ്‌തെന്ന കുല്‍ഭൂഷണ്‍ന്റെ കുറ്റസമ്മത വീഡിയോയും പാക്കിസ്ഥാന്‍ പുറത്തു വിട്ടിരുന്നുവെങ്കിലും ഇന്ത്യ ഇത് തള്ളിക്കളഞ്ഞിരുന്നു.

Comments

comments

Categories: Top Stories

Related Articles