ന്യൂയോര്‍ക്ക് ടൈംസിനും വാഷിംഗ്ടണ്‍ പോസ്റ്റിനും പുലിറ്റ്‌സര്‍ സമ്മാനം

ന്യൂയോര്‍ക്ക് ടൈംസിനും വാഷിംഗ്ടണ്‍ പോസ്റ്റിനും പുലിറ്റ്‌സര്‍ സമ്മാനം

ന്യൂയോര്‍ക്ക്: മികച്ച ദേശീയ, അന്തര്‍ദേശീയ റിപ്പോര്‍ട്ടിംഗിനുള്ള 2017-ലെ പുലിറ്റ്‌സര്‍ സമ്മാനം ഇപ്രാവിശ്യം അമേരിക്കന്‍ മാധ്യമങ്ങളായ ന്യൂയോര്‍ക്ക് ടൈംസിനും വാഷിംഗ്ടണ്‍ പോസ്റ്റിനും ലഭിച്ചു. തിങ്കളാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ റിപ്പോര്‍ട്ടിനാണു വാഷിംഗ്ടണ്‍ പോസ്റ്റിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. റഷ്യന്‍ ഹാക്കര്‍മാര്‍ ട്രംപിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചതും ട്രംപ് നികുതി വെട്ടിച്ചതുമടക്കം നിരവധി എക്‌സ്‌ക്ലൂസീവുകളാണു തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യയുടെ ശക്തി ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനു വേണ്ടി പ്രസിഡന്റ് വഌഡ്മിര്‍ പുടിന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചു റിപ്പോര്‍ട്ട് ചെയ്തതിനാണു ന്യൂയോര്‍ക്ക് ടൈംസിനു അവാര്‍ഡ് സമ്മാനിച്ചത്.

ദി ഡെയ്‌ലി ന്യൂസ് ഓഫ് ന്യൂയോര്‍ക്ക്, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ന്യൂസ് വെബ്‌സൈറ്റായ പ്രോപബ്ലിക്ക എന്നീ സ്ഥാപനങ്ങള്‍ക്കാണു മികച്ച പൊതുജന സേവന മാധ്യമപ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് ലഭിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടന്ന ന്യൂയോര്‍ക്ക് പൊലീസിന്റെ അക്രമങ്ങളെ കുറിച്ച് റിപ്പോര്‍ട്ടിംഗ് നടത്തിയതിനാണ് ഇവര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.

പനാമ പേപ്പറുകള്‍ പുറത്തുകൊണ്ടുവന്നതിന് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്‌സ്(ഐസിഐജെ) എന്ന സംഘടനയ്ക്കും അവാര്‍ഡ് ലഭിച്ചു. ആറ് ഭൂഖണ്ഡങ്ങളിലുള്ള 300-ാളം മാധ്യമ പ്രവര്‍ത്തകരടങ്ങുന്ന സംഘടനയാണ് ഐസിഐജെ. സമൂഹത്തിലെ ഉന്നതര്‍ നികുതി വെട്ടിക്കുന്നതും അഴിമതി പണം സൂക്ഷിക്കുന്നതും എങ്ങനെയെന്നു വെളിപ്പെടുത്തുന്നതായിരുന്നു പനാമ പേപ്പറുകള്‍.

മാധ്യമ രംഗത്തെ നൊബേല്‍ സമ്മാനമെന്ന് അറിയപ്പെടുന്ന പുരസ്‌കാരമാണ് പുലിസ്റ്റര്‍ സമ്മാനം. 1917 മുതല്‍ ഈ അവാര്‍ഡ് മാധ്യമരംഗത്ത് മികവ് പുലര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കി വരുന്നു.മുന്‍കാലങ്ങളില്‍ പുലിസ്റ്റര്‍ സമ്മാനം നേടിയവര്‍ ഉള്‍പ്പെടുന്ന 19 അംഗ സമിതിയാണു പുലിസ്റ്റര്‍ സമ്മാനം പ്രഖ്യാപിക്കുന്നത്. ഇപ്രാവിശ്യം 2500 അപേക്ഷകളാണു സമിതിക്കു മുമ്പാകെ എത്തിച്ചേര്‍ന്നത്.

Comments

comments

Categories: Top Stories, World