ട്രായ് മാനദണ്ഡങ്ങള്‍ ജിയോ ലംഘിക്കുന്നു; പരാതിയുമായി വൊഡാഫോണ്‍

ട്രായ് മാനദണ്ഡങ്ങള്‍ ജിയോ ലംഘിക്കുന്നു; പരാതിയുമായി വൊഡാഫോണ്‍

എതിരാളികള്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്ന് ജിയോ

മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫോകോമിനെതിരെ ടെലികോം റെഗുലേറ്ററി അതോറിറ്റിയില്‍ (ട്രായ്) പരാതിയുമായി വൊഡാഫോണ്‍. സൗജന്യ ഓഫര്‍ നീട്ടിയ നടപടി പിന്‍വലിക്കണമെന്ന ട്രായ് നിര്‍ദേശം ചെവിക്കൊള്ളാതെ ഓഫര്‍ ചില ഉപയോക്തക്കള്‍ക്ക് ജിയോ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൊഡാഫോണ്‍ പരാതിയുമായി രംഗത്തെത്തിയത്. റെഗുലേറ്ററിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ജിയോ ഓഫര്‍ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ഉപഭോക്താക്കളെ പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള ഓഫറുകള്‍ ജിയോ പ്രചരിപ്പിക്കുന്നുണ്ട്. ഇതേ രീതിയില്‍ ആശയവിനിമയം നടത്താന്‍ ജിയോ റീട്ടെയ്‌ലര്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രായിക്ക് അയച്ച കത്തില്‍ വൊഡാഫോണ്‍ പറഞ്ഞു.

ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ആഴ്ചയാണ് ട്രായ് ആവശ്യപ്പെട്ടത്. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് 303 രൂപ റീച്ചാര്‍ജ്ജില്‍ മൂന്നുമാസം വരെ ദിനംപ്രതി 1 ജിബി ഡേറ്റയും ഫ്രീ കോളുകളും നല്‍കുന്ന ജിയോയുടെ നടപടി റെഗുലേറ്ററി ചട്ടക്കൂടിന് എതിരാണെന്നും ട്രായ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ജിയോപിന്‍വലിച്ചിരുന്നു. എന്നാല്‍ മാര്‍ച്ച് 31ന് മുമ്പ് പ്രൈം അംഗത്വം നേടി റീച്ചാര്‍ജ്ജ് ചെയ്തവര്‍ക്ക് ഓഫര്‍ തുടരുന്നുണ്ട്.

ഞങ്ങളുടെ നോട്ടത്തില്‍ റിലയന്‍സ് ജിയോ നടത്തുന്നത് ട്രായ് നിര്‍ദേശത്തിന്റെ നഗ്നമായ ലംഘനവും അവഗണനയുമാണ്. ജിയോയുടെ ചില പ്രചാരണങ്ങള്‍ ട്രായ് നിര്‍ദേശങ്ങളെ അര്‍ത്ഥശൂന്യമാക്കുന്നു. മാത്രമല്ല അത് ഉപഭോക്താക്കള്‍ക്ക് തെറ്റായ ചിത്രം നല്‍കുന്നുവെന്നും വൊഡാഫോണ്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള ഓഫറുകള്‍ വിപണിയില്‍ വില്‍ക്കാന്‍ അനുവദിച്ചാല്‍ റെഗുലേറിയുടെ ചട്ടക്കൂടിന് ഉറപ്പില്ലാതാകും. അതിനാല്‍ ട്രായ് എത്രയും വേഗം വിഷയത്തില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഓഫര്‍ എത്രയും വേഗം പിന്‍വലിക്കുന്നതിന് വേണ്ട അനുയോജ്യമായ നിര്‍ദേശങ്ങള്‍ ട്രായ് നല്‍കണമെന്നും വൊഡാഫോണ്‍ ആവശ്യപ്പെട്ടു.

ട്രായ് നിര്‍ദേശ പ്രകാരം നടപടികള്‍ പൂര്‍ത്തിയായാലുടന്‍ തങ്ങള്‍ ഓഫര്‍ പിന്‍വലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ജിയോ വക്താവ് പ്രതികരിച്ചത്. വിപണിയില്‍ അനാവശ്യമായ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള എതിരാളികളുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ വേദനാജനകമാണെന്നും ജിയോ വക്താവ് പ്രതികരിച്ചു.അതേസമയം ഭാരതി എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ തിങ്കളാഴ്ച ട്രായ് ചെയര്‍മാനമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Comments

comments

Categories: Business & Economy