നോട്ട് നിരോധനശേഷം കൂട്ടിച്ചേര്‍ത്തത് 10 ലക്ഷം സ്‌വൈപിംഗ്‌ മെഷീനുകള്‍

നോട്ട് നിരോധനശേഷം  കൂട്ടിച്ചേര്‍ത്തത് 10 ലക്ഷം സ്‌വൈപിംഗ്‌ മെഷീനുകള്‍

എസ്ബിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയില്‍ നിന്നാണ് സ്‌വൈപിംഗ്‌ മെഷീനിന്റെ പകുതിയിലധികവും വിതരണം ചെയ്യപ്പെട്ടത്

മുംബൈ: നവംബറിലെ നോട്ട് അസാധുവാക്കലിനുശേഷം ഇന്ത്യയിലൊട്ടാകെ കൂട്ടിച്ചേര്‍ക്കപ്പെട്ടത് പത്ത് ലക്ഷം സ്‌വൈപിംഗ്‌ മെഷീനുകള്‍. കാര്‍ഡ് പേമെന്റ് സ്വീകരിക്കുന്ന കടകളുടെ എണ്ണം 15 ലക്ഷത്തില്‍ നിന്ന് 25 ലക്ഷമായി ഉയര്‍ന്നു. ഡിജിറ്റല്‍വല്‍ക്കരണ നിലവാരം കണക്കിലെടുക്കുമ്പോള്‍ സമ്പദ് വ്യവസ്ഥയിലെ കറന്‍സി നോട്ട് ആവശ്യകത ഒരു ലക്ഷം കോടി രൂപയായി താഴുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിലയിരുത്തുന്നു.

2016 ഒക്‌റ്റോബറില്‍ രാജ്യത്ത് 15.1 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് സ്‌വൈപിംഗ്‌ മെഷീനുകളാണുണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 22.2 ലക്ഷമായി ഉയര്‍ന്നു. സ്‌വൈപിംഗ്‌ മെഷീനുകളുടെ എണ്ണം ഇതിനോടകം തന്നെ 25 ലക്ഷം കടന്നിട്ടുണ്ടെന്ന് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വെളിപ്പെടുത്തി. എസ്ബിഐ, ആക്‌സിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയില്‍ നിന്നാണ് സ്‌വൈപിംഗ്‌ മെഷീനിന്റെ പകുതിയിലധികവും വിതരണം ചെയ്യപ്പെട്ടത്.

നാലു മാസത്തിനിടെ എസ്ബിഐ 1.24 ലക്ഷം മെഷീനുകള്‍ കൈമാറി. എച്ച്ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കും 1.18 ലക്ഷം വീതവും കോര്‍പ്പറേഷന്‍ ബാങ്ക് 80,822 ഉം ഐസിഐസിഐ ബാങ്ക് 67,000 ഉം സ്‌വൈപിംഗ്‌ മെഷീനുകള്‍ വിതരണം ചെയ്തു. കാര്‍ഡിലേക്ക് മാറിയില്ലായിരുന്നെങ്കില്‍ ഏകദേശം 1.17 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കേണ്ടിവരുമായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ പേമെന്റ വ്യാപനം കറന്‍സി പ്രിന്റിംഗ് ചെലവില്‍ 500- 1,000 കോടി രൂപയുടെ കുറവുവരുത്തി.

ഡിജിറ്റല്‍ പേമെന്റില്‍ മികച്ച വളര്‍ച്ച സാധ്യമായെന്ന് ഇതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അടുത്തിടെ പുറത്തിറക്കിയ ഡാറ്റ ചൂണ്ടിക്കാട്ടുന്നുവെന്ന് എസ്ബിഐയിലെ ചീഫ് ഇക്കണോമിസ്റ്റായ സൗമ്യ കാന്തി ഘോഷ് പറഞ്ഞു. നോട്ട് പിന്‍വലിക്കലിനുശേഷം ഒരുദിവസം 5,476 സ്‌വൈപിംഗ്‌ മെഷീനുകള്‍ സ്ഥാപിച്ചു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഉയര്‍ന്നു. കൂടാതെ മൊബീല്‍ ബാങ്കിംഗ് ഇടപാടിലും 36 ശതമാനം വര്‍ധനയുണ്ടായെന്ന് ഘോഷ് സൂചിപ്പിച്ചു.

ഈ വര്‍ഷം സെപ്റ്റംബറിനകം 10 ലക്ഷം അധിക സ്‌വൈപിംഗ്‌ മെഷീനുകള്‍, 10 ലക്ഷം ആധാര്‍ അധിഷ്ഠിത പേമെന്റ് സൗകര്യങ്ങള്‍, ക്യൂആര്‍ കോഡുകളിലൂടെ പണമടയ്ക്കല്‍ സാധ്യമാക്കുന്ന 10 ലക്ഷം ഔട്ട്‌ലെറ്റുകള്‍ എന്നിവ ഉള്‍പ്പെടെ 30 ലക്ഷം കടകളെ കൂടി ഇലക്ട്രോണിക് പേമെന്റ് ശൃംഖലയില്‍ ചേര്‍ക്കാനുള്ള പദ്ധതിയില്‍ ബാങ്കുകള്‍ അന്തിമ നടപടി സ്വീകരിച്ചുകഴിഞ്ഞു. 2017ല്‍ 50,000 എംപോസ് ഡിവൈസുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് പേമെന്റ് കമ്പനി മൊബിസ്‌വൈപ് വ്യക്തമാക്കിയിട്ടുണ്ട്. പോക്കറ്റ് വലുപ്പത്തിലുള്ള കാര്‍ഡ് റീഡറുമായി ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ച് സ്മാര്‍ട്ട്‌ഫോണിലൂടെയോ ടാബ്‌ലെറ്റിലൂടെയോ പേമെന്റ് ഉറപ്പാക്കുന്നതാണ് എംപോസ്.

Comments

comments

Categories: Business & Economy