സ്മാര്‍ട്ട്‌ഫോണുകളുടെ വില മൂന്ന് ശതമാനം ഉയര്‍ന്നു

സ്മാര്‍ട്ട്‌ഫോണുകളുടെ  വില മൂന്ന് ശതമാനം ഉയര്‍ന്നു

വന്‍കിട ബ്രാന്‍ഡുകള്‍ ഉയര്‍ന്ന വിലയിലുള്ള മോഡലുകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു

ന്യൂഡെല്‍ഹി: രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് കഴിഞ്ഞ വര്‍ഷം അനുകൂല സമയമായിരുന്നു. നാല് വര്‍ഷത്തിനിടെ ആദ്യമായി സ്മാര്‍ട്ട്‌ഫോണുകളുടെ ശരാശരി വില്‍പ്പനയും കമ്പനികളുടെ വരുമാനവും ലാഭവും മൂന്ന് ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. നിലവിലെ വര്‍ഷവും തല്‍സ്ഥിതി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

നിരവധി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ആപ്പിള്‍, സാംസംഗ് ഇലക്ട്രോണിക്‌സ് എന്നിവയില്‍ നിന്ന് ഉയര്‍ന്ന വിലയുള്ള ഫോണുകള്‍ക്ക് പണം ചെലവാക്കാന്‍ തയാറാകുമ്പോഴും ചൈനീസ് കമ്പനികള്‍ ഇടത്തരം വിലയിലെ ഫോണുകള്‍ പുറത്തിറക്കുമ്പോഴുമാണ് ആഭ്യന്തര വിപണിയില്‍ അപ്രതീക്ഷിതമായ മാറ്റം സാധ്യമായിരിക്കുന്നതെന്ന് വ്യവസായ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വന്‍കിട ബ്രാന്‍ഡുകള്‍ ഉയര്‍ന്ന വിലയിലുള്ള മോഡലുകളില്‍ പ്രത്യേകിച്ച് 10,000-20,000 വില ബാന്റില്‍ ശ്രദ്ധകേന്ദ്രീകരിച്ചു.

അതേസമയം ഫഌപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ലാഭം നേടുന്നതിനായി ഇടത്തരം ബ്രാന്‍ഡുകളിലാണ് ശ്രദ്ധയൂന്നിയത്- വിപണി ഗവേഷകരായ കൗണ്ടര്‍പോയിന്റിന്റെ അസോസിയേറ്റ് ഡയറക്റ്ററായ തരുണ്‍ പതക് പറഞ്ഞു. 75 ശതമാനം വില്‍പ്പനയും 150 ഡോളറിന് കീഴിലായിരുന്നു. ഉപഭോക്തൃ വാങ്ങലുകള്‍ 75 ഡോളറില്‍ നിന്ന് 100 ഡോളറിലേക്ക് മാറി. ഇത് ശരാശരി വില്‍പ്പന വില (ആവറേജ് സെല്ലിംഗ് പ്രൈസ്, എഎസ്പി) വര്‍ധനവിലേക്ക് നയിച്ചുവെന്ന് കൗണ്ടര്‍പോയിന്റ് വിശദമാക്കി.

2013 മുതലുള്ള ഇടിവിന് ശേഷം രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ എഎസ്പി മൂന്ന് ശതമാനം ഉയര്‍ന്ന് 122 ഡോളറിലെത്തി. എന്നാല്‍ പ്രമുഖ വിപണികള്‍ക്കിടയില്‍ ഇന്ത്യയിലെ എഎസ്പി ഇപ്പോള്‍ കുറഞ്ഞ നിലയിലാണെന്ന് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ മൈക്രോമാക്‌സ് ഇന്‍ഫോര്‍മാറ്റിക്‌സിന്റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ ശുഭജിത് സെന്‍ പറഞ്ഞു.

പുതിയ കമ്പനികള്‍ ഇടത്തരം പ്രീമിയം വിഭാഗത്തിലുള്ള (10,000-20,000 രൂപ) ഫോണുകള്‍ പുറത്തിറക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിക്കുന്നത്. ഇടത്തരം പ്രീമിയം വിഭാഗത്തില്‍ ഉയര്‍ന്ന ഇരട്ടയക്ക വളര്‍ച്ചയിലേക്ക് ഇത് നയിക്കുന്നുണ്ട്. എഎസ്പി 20 ശതമാനം ഉയര്‍ന്ന് ആദ്യമായി 10,000 രൂപ മറികടന്നു. ഇടത്തരം-പ്രീമിയം വിഭാഗത്തിലും ഇതേ വളര്‍ച്ച തുടരുമെന്ന് സെന്‍ വിലയിരുത്തി.

Comments

comments

Categories: Business & Economy