ടെലികോം കമ്പനികള്‍ക്ക് വന്‍ നഷ്ടം നേരിടുമെന്ന് സിഎല്‍എസ്എ റിപ്പോര്‍ട്ട്

ടെലികോം കമ്പനികള്‍ക്ക് വന്‍ നഷ്ടം നേരിടുമെന്ന് സിഎല്‍എസ്എ റിപ്പോര്‍ട്ട്

വരുമാന നഷ്ടത്തില്‍ നിന്ന് കരകയറാനാകുക 2018-19ല്‍ മാത്രം

ന്യൂഡെല്‍ഹി: 2008- 09 ന് ശേഷം ആദ്യമായി ഇന്ത്യന്‍ ടെലികോം കമ്പനികളുടെ വാര്‍ഷിക വരുമാനത്തില്‍ ആദ്യമായി ഇടിവ്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 1.88 ട്രില്യണ്‍ രൂപയാണ് ടെലികോം മേഖലയുടെ വാര്‍ഷിക വരുമാനം. മുന്‍വര്‍ഷത്തിലിത് 1.93 ട്രില്യണ്‍ രൂപയായിരുന്നു. 2017-18ല്‍ ഇത് വീണ്ടും കുറയുമെന്നും ബ്രോക്കറേജ് സ്ഥാപനമായ സിഎല്‍എസ്എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയുടെ കടന്നുവരവും കടുത്ത മല്‍സരമുണര്‍ത്തിയ ആക്രമണോത്സുകമായ നിരക്കും മറ്റ് ടെലികോം കമ്പനികളെ നിരക്ക് കുറയ്ക്കുന്നതിന് നിര്‍ബന്ധിപ്പിച്ചു. ഇതാണ് വാര്‍ഷിക വരുമാനം ഇടിയാനുള്ള പ്രധാന കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2018-19ല്‍ വരുമാന നഷ്ടത്തില്‍ നിന്ന് കരകയറാന്‍ സാധിക്കുമെന്നാണ് ടെലികോം കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

റിലയന്‍സ് ജിയോയും മറ്റ് ടെലികോം ദാതാക്കളും തമ്മിലുണ്ടായ നിരക്ക് യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യന്‍ മൊബീല്‍ സേവന മേഖലയില്‍ വരുമാന ഇടിവ് തുടരുതയാണ്. ടെലികോം റെഗുലേറ്ററായ ട്രായ് ഇപ്പോള്‍ ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ മാര്‍ച്ച് 31നകം ഈ ഓഫറിനായി റീച്ചാര്‍ജ് ചെയ്ത പ്രൈം അംഗങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. മറ്റ് സേവനദാതാക്കളുടെ പുതിയ ഓഫറുകളും കുറഞ്ഞ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം ഇത് കുറയ്ക്കുമെന്ന് സിഎല്‍എസ്എ അനലിസ്റ്റുമാരായ ദീപ്തി ചതുര്‍വേദിയും അക്ഷത് അഗര്‍വാളും റിപ്പോര്‍ട്ടില്‍ പറയുന്നു.

സെപ്റ്റംബറില്‍ സേവനമാരംഭിച്ച റിലയന്‍സ് ജിയോ സൗജന്യ ഡാറ്റ, വോയ്‌സ് കോള്‍ സേവനങ്ങള്‍ വഴി ഇതിനകം 100 മില്യണിലധികം വരിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. വൊഡാഫോണിന്റെ ഇന്ത്യാ യൂണിറ്റും ഐഡിയ സെല്ലുലാര്‍ ലിമിറ്റഡും തമ്മിലുള്ള ലയനത്തിന് വഴിയൊരുക്കിയത് ജിയോ ഉയര്‍ത്തിയ വെല്ലുവിളികളാണ്.

വിപണി വിഹിതം നേടാന്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ നിരക്കുകള്‍ക്ക് മേലുള്ള സമ്മര്‍ദ്ദം തുടരും. ഉയര്‍ന്ന വ്യാപ്തിയും കുറഞ്ഞ മാര്‍ജിനും ടെലികോം മേഖല അഭിമുഖീകരിക്കുന്ന വലിയ ചോദ്യമാണെന്നും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിസിയേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്റ്റര്‍ ജനറലായ രാജന്‍ മാത്യൂസ് പറഞ്ഞു.

എന്നാല്‍ 2021ല്‍ നിലവിലെ വരുമാനത്തില്‍ നിന്ന് 50 ശതമാനം വര്‍ധന് ഇന്ത്യന്‍ ടെലികോം മേഖലയ്ക്കാകെ ഉണ്ടാകുമെന്നാണ് റിയലന്‍സ് ജിയോ കണക്കുകൂട്ടുന്നത്. ഡാറ്റയ്ക്ക് ആവശ്യം വര്‍ധിക്കുമെന്നും വോയ്‌സ് സേവനത്തില്‍ നിന്നുള്ള വരുമാനം 1.5 ട്രില്യണ്‍ രൂപയില്‍ നിന്ന് 0.5 ട്രില്യണ്‍ രൂപയായി കുറയുമെന്നുമാണ് ജിയോ വിലയിരുത്തുന്നത്.

Comments

comments

Categories: Business & Economy