ആര്‍ഇസി വൈവിധ്യവല്‍ക്കരണത്തിന്

ആര്‍ഇസി വൈവിധ്യവല്‍ക്കരണത്തിന്

കല്‍ക്കരിപ്പാട വികസനം, നിര്‍മാണം എന്നിവയ്ക്ക് ധനസഹായം നല്‍കും.

ന്യൂഡെല്‍ഹി: പബ്ലിക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കമ്പനിയായ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ (ആര്‍ഇസി) വൈവിധ്യവല്‍ക്കരണത്തിന് തയാറെടുക്കുന്നു. ഇനിമുതല്‍ ഊര്‍ജ്ജമേഖലയ്ക്ക് (ഉല്‍പ്പാദനം, പ്രസരണം, വിതരണം) മാത്രമല്ല ഉപകരണ നിര്‍മാണം, ഊര്‍ജ്ജ കാര്യക്ഷമത പദ്ധതി, ഊര്‍ജ്ജ നിലയങ്ങളുടെ നവീകരണം, കല്‍ക്കരിപ്പാടങ്ങളുടെ വികസനം എന്നിവയ്ക്കും ധനസഹായം നല്‍കുമെന്ന് ആര്‍ഇസി ചെയര്‍മാന്‍ പി വി രമേശ് പറഞ്ഞു.

വൈവിധ്യവല്‍ക്കരണ പദ്ധതികള്‍ക്ക് അനുയോജ്യമായവിധം കമ്പനിയുടെ പേര് മാറ്റുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഊര്‍ജ്ജ വിതരണ മേഖലയില്‍ കമ്പനി വലിയ നിക്ഷേപ അവസരങ്ങള്‍ കാണുന്നുണ്ട്. ഇപ്പോഴും ദുര്‍ബലമായ ശൃംഖലയാണത്. വിതരണ കമ്പനികള്‍ നിരവധി നിക്ഷേപങ്ങള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് രമേശ് വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ ഉജ്ജ്വല്‍ ഡിസ്‌കോം അഷുറന്‍സ് യോജന (ഉദയ്) നിലവില്‍ വന്നതോടെ ഊര്‍ജ്ജ വിതരണ കമ്പനികള്‍ക്ക് ധനസഹായം നല്‍കുന്നത് എളുപ്പമായി- രമേശ് ചൂണ്ടിക്കാട്ടി. അന്തര്‍ സംസ്ഥാന ട്രാന്‍സ്മിഷന്‍ നവീകരണ ശൃംഖലയിലും സര്‍ക്കാരിന്റെ 175 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തിലും ആര്‍ഇസി ഭാഗമാകും. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പഴയ താപോര്‍ജ്ജ പദ്ധതികളുടെ നവീകരണത്തിനും പുനര്‍നിര്‍മാണത്തിനും ധനസഹായം നല്‍കാനും കമ്പനി നീക്കമിടുന്നു.

കല്‍ക്കരിപ്പാടങ്ങളുടെ വികസനം പോലുള്ള വലിയ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനും താല്‍പര്യമുണ്ട്. ഊര്‍ജ്ജ കാര്യക്ഷമത പദ്ധതി, ഉപകരണങ്ങളുടെ നിര്‍മാണം തുടങ്ങിയവയ്ക്ക് ആര്‍ഇസി ഇതുവരെ വായ്പ നല്‍കിയിട്ടില്ല. മെയ്ക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ തയാറെടുക്കുന്നത്. ജലവൈദ്യുത മേഖലയിലും ധാരാളം സാധ്യതകളുണ്ട്.

ഊര്‍ജ്ജ മേഖലയിലെ മുഴുവന്‍ ശൃംഖലയിലും നിക്ഷേപിക്കാന്‍ ആര്‍ഇസിക്ക് അനുമതിയുണ്ട്. പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളില്‍ ആര്‍ഇസി പലിശ നിരക്ക് താഴ്ത്തിയിരുന്നു. പുനരുപയോഗ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഈ മേഖലയിലെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരുമായി കമ്പനി ചര്‍ച്ച നടത്തുകയും ചെയ്തു. നടപ്പു സാമ്പത്തിക വര്‍ഷം 55,000 കോടി രൂപ കടമെടുക്കാമെന്നാണ് ആര്‍ഇസി പ്രതീക്ഷിക്കുന്നതെന്നും രമേശ് കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy