ഹിന്ദുസ്ഥാന്‍ പവര്‍ പ്രോജക്റ്റിന്റെ സൗരോര്‍ജ ആസ്തികള്‍ മക്വാറി ഏറ്റെടുക്കുന്നു

ഹിന്ദുസ്ഥാന്‍ പവര്‍ പ്രോജക്റ്റിന്റെ സൗരോര്‍ജ ആസ്തികള്‍ മക്വാറി ഏറ്റെടുക്കുന്നു

ഏകദേശം 2 ബില്യണ്‍ ഡോളര്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ മക്വാറി നിക്ഷേപിച്ചിട്ടുണ്ട്

മുംബൈ: ഹിന്ദുസ്ഥാന്‍ പവര്‍ പ്രോജക്റ്റ് ലിമിറ്റഡിന്റെ സോളാര്‍ വൈദ്യുതി ആസ്തികള്‍ 600 മില്യണ്‍ ഡോളറിന് ഓസ്‌ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മക്വാറി ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഏകദേശം 330 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാനാകുന്ന സോളാര്‍ ആസ്തികളാണ് മക്വാറി ഏറ്റെടുക്കുന്നത്. കരാര്‍ വഴി ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ പ്രവേശിക്കാനാണ് മക്വാറി ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും കരാറില്‍ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞുവെന്നുമാണ് റിപ്പോര്‍ട്ട്. മക്വാറി ഏഷ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എംഎഐഎഫ്) ഈ ആസ്തികളുടെ 100 ശതമാനവും കൈവശം വെക്കും. അതേസമയം ഇതുസംബന്ധിച്ച് മക്വാറി ഗ്രൂപ്പോ ഹിന്ദുസ്ഥാന്‍ പവര്‍ പ്രൊജക്‌റ്റോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ പുനരുപയോഗ ഊര്‍ജ മേഖലയില്‍ സൗരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും യാജിപ്പിച്ചുകൊണ്ടുള്ള പോര്‍ട്ട്‌ഫോളിയോ സൃഷ്ടിക്കാനാണ് മക്വാറി നോക്കുന്നത്. ഇതിനായി മറ്റ് ആസ്തികളും ഏറ്റെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്്. ക്ലീന്‍ എനര്‍ജി മേഖലയില്‍ വളര്‍ച്ചാ മൂലധനത്തിനായി നിരവധിസംരംഭകര്‍ ശ്രമിക്കുകയും ലയന ഏറ്റെടുക്കല്‍ പ്രവണത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മക്വാറിയുടെ ഏറ്റെടുക്കല്‍ സംബന്ധിച്ച വാര്‍ത്തകലും വരുന്നത്.

ഹിന്ദുസ്ഥാന്‍ ക്ലീന്‍ എന്‍ര്‍ജിയെന്ന ഉപസ്ഥാപനം വഴി നിലവില്‍ 600 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ ശേഷിയാണ് ഹിന്ദുസ്ഥാന്‍ പവര്‍ പ്രോജക്റ്റ് കൈകാര്യം ചെയ്യുന്നത്. മധ്യപ്രദേശില്‍ 1,200 മെഗാവാട്ടിന്റെ കല്‍ക്കരി ഉല്‍പ്പാദന പ്ലാന്റ് കമ്പനിക്കുണ്ട്. ഈ കമ്പനിയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മക്വാറി ഗ്രൂപ്പും ചേര്‍ന്ന് 80 കോടിരൂപ നിക്ഷേപിച്ചിരുന്നു. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുസ്ഥാന്‍ പവര്‍ പ്രോജക്ട് 2008ലാണ് സ്ഥാപിതമായത്. ഇന്ത്യയില്‍ സോളാര്‍ പദ്ധതികള്‍ ആരംഭിച്ച ആദ്യ കമ്പനികളിലൊന്നാണിത്. 2017ന്റെ അവസാനത്തില്‍ മൊത്തം സോളാര്‍ ശേഷി 2 ജിഗാവാട്ട് ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2020തോടെ കല്‍ക്കരി, സോളാര്‍, ജലവൈദ്യുത പദ്ധതികളിലെ മൊത്തം ശേഷി 7 ജിഗാവാട്ടാക്കാനും പദ്ധതിയുണ്ട്.

ആഗോളതലത്തിലെ പ്രമുഖ കമ്പനിയായ മക്വാറി 2009ലാണ് എസ്ബിഐയുമായി ചേര്‍ന്ന് അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപത്തിനായി ഫണ്ട് രൂപീകരിത്തത്. ഏകദേശം 2 ബില്യണ്‍ ഡോളര്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ മേഖലയില്‍ മക്വാറി നിക്ഷേപിച്ചിട്ടുണ്ട്.

Comments

comments

Categories: Business & Economy