യാത്രികരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്

യാത്രികരുടെ എണ്ണത്തില്‍ ഇന്ത്യ നാലാമത്

ന്യൂഡെല്‍ഹി: വ്യോമയാന മേഖലയില്‍ റെക്കോഡുകള്‍ തകര്‍ത്ത് ഇന്ത്യയുടെ വളര്‍ച്ച. 2016ലെ യാത്രികരുടെ എണ്ണത്തില്‍ യുകെയെയും ബ്രസീലിനെയും പിന്തള്ളിയാണ് ഇന്ത്യ രണ്ട് ചുവട് മുന്നേറി നാലാം സ്ഥാനത്ത് എത്തിയതെന്ന് അന്താരാഷ്ട്ര എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര യാത്രികരുടെ മൊത്തം എണ്ണം 13.1 കോടിയാണ്. ആഗോളതലത്തിലെ വിമാനയാത്രക്കാരുടെ എണ്ണം 380 കോടിയാണ്. 2015ലിത് 350 കോടിയായിരുന്നു. വ്യോമയാന വിപണിയിലെ ആദ്യത്തെ മൂന്ന് സ്ഥാനക്കാരായ യുഎസ്, ചൈന, ജപ്പാന്‍ എന്നിവര്‍ സ്ഥാനം നിലനിര്‍ത്തിയെങ്കിലും ഇന്ത്യയുടെ ഉയര്‍ച്ച അവര്‍ക്ക് ചെറിയ തോതില്‍ ഭീഷണികള്‍ ഉയര്‍ത്തിയെന്നും അയാട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2016ലെ റാങ്കിംഗിലെ പ്രധാന ഉയര്‍ച്ച ഇന്ത്യയുടെയും ഇന്തോനേഷ്യയുടേതുമാണ്. 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യ എട്ടാം സ്ഥാനത്തായിരുന്നു. ഈ നില തുടര്‍ന്നാല്‍ യാത്രികരുടെ എണ്ണത്തില്‍ ജപ്പാനെ കടത്തിവെട്ടി ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയേക്കാം. മൊത്തം യാത്രക്കാരില്‍ 9.9 കോടി ആഭ്യന്തര യാത്രികരാണ്.

ഏകദേശം രണ്ട് വര്‍ഷമായി ഇന്ത്യയുടെ തിരക്കേറിയ മെട്രോ വിമാനത്താവളങ്ങളില്‍ ട്രാഫിക്കില്‍ തുടര്‍ച്ചയായ വര്‍ധന ഉണ്ടാകുന്നു. ഡെല്‍ഹിയിലും മുംബൈയിലുമാണ് എയര്‍ട്രാഫിക് ബാഹുല്യം ഉള്ളതെന്നും ഈ വിമാനത്താവളങ്ങളില്‍ പുതിയ ഫ്‌ളൈറ്റുകള്‍ക്ക് സൗജന്യ സ്ലോട്ടുകള്‍ നല്‍കുന്നത് പ്രയാസകരമാണെന്നും അയാട്ട ചൂണ്ടിക്കാണിക്കുന്നു. ആഭ്യ്യന്തര യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, ജപ്പാനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വ്യോമയാന വിപണിയായി ഇന്ത്യ മാറിയതായി ഏഷ്യാ പസഫിക് ഏവിയേഷന്‍ സെന്ററിന്റെ റിപ്പോര്‍ട്ട് അടുത്തിടെ പുറത്ത് വന്നിരുന്നു.

Comments

comments

Categories: Business & Economy