മാന്യത നഷ്ടപ്പെടുന്നത് ചൈനയ്ക്കാണ്, ഇന്ത്യക്കല്ല

മാന്യത നഷ്ടപ്പെടുന്നത് ചൈനയ്ക്കാണ്, ഇന്ത്യക്കല്ല

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന സാംസ്‌കാരിക നരഹത്യ ടിബറ്റില്‍ നടത്തിയ ചൈനയാണ് മാന്യതയെക്കുറിച്ച് സംസാരിക്കുന്നത്. സ്വന്തം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട്, അടിച്ചമര്‍ത്തല്‍ ഭരണം നടത്തുന്ന ചൈന, മാനവികതയുടെ പക്ഷത്തു നിന്നതു കാരണം ഇന്ത്യ മാന്യത നഷ്ടപ്പെടുത്തുന്നുവെന്ന് വിലപിക്കുകയാണ്….

ദിപിന്‍ ദാമോദരന്‍

ദലൈലാമ വിഷയം വീണ്ടും ചൈനയെ അലോസരപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. പ്രസ്താവനകളിലൂടെ  ഡ്രാഗണ്‍ പ്രകടമാക്കുന്നത് കടുത്ത പ്രകോപനം മാത്രം. ബെയ്ജിംഗിന്റെ നയം കൂടുതല്‍ സ്പഷ്ടമാവുകയാണ്. ഇപ്പോള്‍ ചൈന പറയുന്നത് തങ്ങള്‍ അടിക്ക് അടിയെന്ന തരത്തില്‍ മറുപടി പറയും എന്നാണ്-ഇത്രയും വിനാശാത്മകമായ രീതിയില്‍ അവര്‍ പ്രതികരിക്കേണ്ട കാര്യമുണ്ടായിരുന്നോ?

എല്ലാ അതിര്‍വരമ്പുകളും കടന്നുള്ള പ്രസ്താവനകളാണ് ബെയ്ജിംഗില്‍ നിന്നും കഴിഞ്ഞയാഴ്ച്ചയുണ്ടായത്. ഷൂ വെയ്കുന്‍ എന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പറഞ്ഞത് കേള്‍ക്കുക, ”ദലൈലാമ വിഷയത്തിലെ ഇന്ത്യയുടെ നിലപാടു കാരണം കശ്മീര്‍ വിഷയത്തില്‍ ഇടപെടാന്‍ ചൈന നിര്‍ബന്ധിതമാകും. ഒരു വന്‍ ശക്തിയെന്ന നിലയില്‍ ഇന്ത്യയുടെ അന്തസ്സ് കെടുത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.”

അടിക്ക് അടിയെന്ന സമീപനം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കില്ല, പ്രത്യേകിച്ചും അങ്കിള്‍ സാം ചൈനയുടെ ബിസിനസ് താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ആഗോള പരിതസ്ഥിതിയില്‍. ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ പുറത്തിറക്കുമ്പോള്‍, തങ്ങളുടെ ബിസിനസ് ഇവിടെ എക്കാലവും സുരക്ഷിതമായിരിക്കില്ല എന്നു കൂടി ഓര്‍ക്കാനുള്ള വിവേചന ബുദ്ധി ചൈനീസ് നേതാക്കള്‍ക്കുണ്ടായാല്‍ നന്ന്

ടിബറ്റില്‍ ലോകത്തെ ഞെട്ടിക്കുന്ന തരത്തില്‍ സാംസ്‌കാരിക ഹത്യ നടത്തിയ ചൈനയാണ് മാന്യതയെക്കുറിച്ച് സംസാരിക്കുന്നത്. സ്വന്തം രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട് അടിച്ചമര്‍ത്തല്‍ ഭരണം നടത്തുന്ന ചൈനയാണ് മാനവികതയുടെ പക്ഷത്തു നില്‍ക്കുന്നതിലൂടെ ഇന്ത്യ മാന്യത നഷ്ടപ്പെടുത്തുന്നുവെന്ന് വിലപിക്കുന്നത്. ഇത്തരത്തില്‍ ചിന്തിക്കുന്ന ചൈനീസ് നേതാക്കളുടെ ബൗദ്ധിക നിലവാരത്തെക്കുറിച്ച് പ്രത്യേകിച്ചെന്ത് പറയാന്‍. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠനം നടത്തുന്നതിന് മുറവിളി കൂട്ടാന്‍ അവിടത്തെ ഏതെങ്കിലും നേതാക്കള്‍ക്ക് ധൈര്യമുണ്ടാകുമോ?

നമോ നയതന്ത്രം

2014 മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന ശേഷം വളരെ തന്ത്രപരമായ ചൈനീസ് നയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുപോരുന്നത്. മുന്‍ഗാമിയായ മന്‍മോഹന്‍ സിംഗിന്റെ നയങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു അത്. ഇതുവരെയുള്ള സര്‍ക്കാരുകളുടെ നയങ്ങളില്‍ നിന്നുള്ള പ്രകടമായ വ്യതിചലനം എന്നു പറഞ്ഞാലും തെറ്റ് പറയാനൊക്കില്ല. മോദിയുടെ തുടക്കം തന്നെ പലരെയും അമ്പരപ്പെടുത്തുന്നതായിരുന്നു. പൊതുവെ ചൈനയോട് കടുത്ത നിലപാടുള്ള സംഘപരിവാര്‍ സംഘടനകളുടെ ഭാഗമായ ഒരു പ്രധാനമന്ത്രി ചൈനയുമായി ശരിക്കും കൂട്ടുകൂടാനാണ് ആദ്യം ശ്രമിച്ചത്. പ്രത്യയശാസ്ത്രപരമായ അഭിപ്രായ ഭിന്നതകള്‍ മറന്ന് ഏഷ്യയിലെ വന്‍ശക്തികള്‍ തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തുമെന്നുള്ള തോന്നല്‍ അതുളവാക്കി.

എന്നാല്‍ ഏഷ്യയുടെ നൂറ്റാണ്ട് സൃഷ്ടിക്കുന്നതില്‍ മോദിക്കുള്ളതുപോലെ ഊര്‍ജ്ജസ്വലത ചൈനയുടെ ഷി ജിന്‍പിങ്ങിനില്ല എന്നത് അധികം വൈകാതെ തന്നെ വെളിവാക്കപ്പെട്ടു. ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം തടഞ്ഞതു മുതല്‍ പാക്കിസ്ഥാന്‍ തീവ്രവാദി മസൂദ് അസറിനെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ കരിമ്പട്ടികയില്‍ പെടുത്താനുള്ള നീക്കം അട്ടിമറിച്ചതുവരെയുള്ള നിരവധി കാര്യങ്ങളില്‍ ചൈനയുടെ ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പ്രകടമായിരുന്നു.

എന്നാല്‍ ഇന്ത്യയിലെ ബിസിനസ് രംഗത്തിന്റെ വിവിധ തലങ്ങളില്‍ തങ്ങളുടെ ദംഷ്ട്രകള്‍ വ്യാപിപ്പിക്കാന്‍ ചൈന ബോധപൂര്‍വമായ ശ്രമം നടത്തുകയും ചെയ്തുപോന്നു. സ്മാര്‍ട്ട്‌ഫോണ്‍ മുതല്‍ ക്രിക്കറ്റ് ബിസിനസ് വരെയുള്ള കാര്യങ്ങളില്‍ ചൈനയുടെ ബിസിനസ് താല്‍പ്പര്യങ്ങള്‍ ശക്തിപ്പെട്ടുവന്നത് സുവ്യക്തമായിരുന്നു. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 35 ശതമാനത്തിലധികം നിയന്ത്രിക്കുന്നത് ചൈനയിലെ വമ്പന്‍ കമ്പനിയായ ബിബികെ ഇലക്ട്രോണിക്‌സിന്റെ ജനകീയ ബ്രാന്‍ഡുകളായ ഒപ്പോയും വിവോയും ആണെന്നതും ഇതിനോട് ചേര്‍ത്തുവായിക്കുക.

അരുണാചലിനെ ചൊല്ലിയുള്ള കരച്ചില്‍

ഇപ്പോഴത്തെ പോലെ അരുണാചലിനെ ചൊല്ലി ചൈന മുമ്പും പ്രകോപിതരായിട്ടുണ്ട്. നിലവില്‍ ഈ വിഷയത്തെ വ്യത്യസ്തമാക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാടുകള്‍ തന്നെയാണ്. രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്ന കാര്യങ്ങളോട് വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ചൈനയുടെ സ്ഥാപിത താല്‍പ്പര്യങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി മോദി പ്രകടിപ്പിക്കുന്നുവെന്നതാണ് ശരി.

ദലൈലാമ വിഷയത്തില്‍ ഇന്ത്യ സ്വീകരിച്ച ധീരവും വ്യത്യസ്തവുമായ നിലപാട് ചൈനയെ കുറച്ചൊന്ന് അല്‍ഭുതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഏപ്രില്‍ നാലിന് തുടങ്ങിയ ദലൈലാമയുടെ ഒമ്പത് ദിവസം നീളുന്ന അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിന് ഒരു മാസം മുമ്പ് തന്നെ തങ്ങളുടെ ഔദ്യോഗിക മാധ്യമങ്ങളിലൂടെ ചൈന ഇന്ത്യക്കെതിരെ കടുത്ത പ്രസ്താവനകള്‍ നടത്തുന്നതിന് തുടക്കമിട്ടത്.

ഇതിന് മുമ്പ് ആറ് തവണ ദലൈലാമ അരുണാചലില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ടിബറ്റന്‍ മൊണാസ്ട്രിയായ തവാംഗില്‍ നാല് തവണയും. ആറാമത് ദലൈലാമ 1683ല്‍ തവാംഗിലാണ് ജനിച്ചത്. അതുകൊണ്ടു തന്നെ ടിബറ്റന്‍ ആത്മീയ നേതാവായ 14ാമത് ലാമയെ സംബന്ധിച്ചിടത്തോളം തവാംഗ് വലിയ പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശമാണ്. എന്നാല്‍ ചൈന കാലങ്ങളായി പറയുന്നത് തവാംഗ് അവരുടെ ഭാഗമാണെന്ന് തന്നെയാണ്

മുമ്പുള്ള ഇന്ത്യന്‍ സര്‍ക്കാരുകള്‍ ദലൈലാമ വിഷയത്തില്‍ അത്ര തീവ്രനിലപാട് സ്വീകരിച്ചിരുന്നില്ല. ചൈനയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ യാതൊരുവിധ പ്രസ്താവനയും നിലപാടും സ്വീകരിക്കരുതെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ നിര്‍ദേശം നല്‍കുന്ന ഏര്‍പ്പാടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. അവര്‍ ശരിക്കും അസ്വസ്ഥരാണ്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് ടാബ്ലോയ്ഡില്‍ വന്ന മുഖപ്രസംഗത്തിലെ ഈ വാക്കുകളില്‍ അത് പ്രകടമാണ്-14ാമത് ദലൈലാമ അദ്ദേഹത്തിന്റെ അരുണാചല്‍ പ്രദേശ് (സൗത്ത് ടിബറ്റ്) സന്ദര്‍ശനം തുടങ്ങിയിരിക്കുന്നു. ഇതിന് മുമ്പും തര്‍ക്കമേഖലയിലേക്ക് ദലൈലാമ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. എന്നാല്‍ ഈ സന്ദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത് ലാമയെ ഇന്ത്യയുടെ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു അനുഗമിച്ചു എന്നതാണ്. സന്ദര്‍ശനത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക ചൈന അറിയിച്ചെങ്കിലും തങ്ങളുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട എന്നാണ് റിജിജു തിരിച്ചുപറഞ്ഞത്.

അരുണാചല്‍ പ്രദേശിനെ തര്‍ക്ക മേഖലയായാണ് ചൈന കാണുന്നത്. അവര്‍ക്കത് സൗത്ത് ടിബറ്റാണ്. ഇമ്മാതിരി പ്രകോപനപരമായ പ്രസ്താവന നടത്തി അതിനോട് ഇന്ത്യ പ്രതികരിച്ചതിനെ ചൊല്ലിയാണ് അവര്‍ ഇപ്പോള്‍ പുകിലുണ്ടാക്കുന്നത്. മുമ്പ് തന്നെ ഇന്ത്യയുടെ ഭരണാധികാരികള്‍ ഈ വിഷയത്തില്‍ അതിതീവ്രമായ നിലപാടായിരുന്നു കൈക്കൊള്ളേണ്ടിയിരുന്നത്.

ഇതിന് മുമ്പ് ആറ് തവണ ദലൈലാമ അരുണാചലില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ടിബറ്റന്‍ മൊണാസ്ട്രിയായ തവാംഗില്‍ നാല് തവണയും. ആറാമത് ദലൈലാമ 1683ല്‍ തവാംഗിലാണ് ജനിച്ചത്. അതുകൊണ്ടു തന്നെ ടിബറ്റന്‍ ആത്മീയ നേതാവായ 14ാമത് ലാമയെ സംബന്ധിച്ചിടത്തോളം തവാംഗ് വലിയ പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശമാണ്. എന്നാല്‍ ചൈന കാലങ്ങളായി പറയുന്നത് തവാംഗ് അവരുടെ ഭാഗമാണെന്ന് തന്നെയാണ്. തവാംഗിലേക്കുള്ള ലാമയുടെ സന്ദര്‍ശനം ചൈനയുടെ ഐക്യത്തെ വെല്ലുവിളിക്കുന്നതാണെന്ന ശുദ്ധ അസംബന്ധജടിലമായ ഈഗോയിസ്റ്റിക് ധാരണ വെച്ചാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ ജീവിക്കുന്നത്.

ഈ വിഷയത്തില്‍ ഇന്ത്യ വളരെ കൃത്യമായി, കുറിക്കുകൊള്ളുന്ന രീതിയില്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നതാണ് ഈ പുതിയ സംഭവവികാസങ്ങളെ സവിശേഷമാക്കുന്നത്. ആര്‍എസ്എസ് സമ്മര്‍ദ്ദവും ഈ വിഷയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടാകാം. ഔദ്യോഗികമായി ഇന്ത്യയുടെ ഭാഗമായ ഒരു സംസ്ഥാനത്ത് ലാമ സന്ദര്‍ശനം നടത്തിയതിനും അദ്ദേഹത്തെ ഒരു കേന്ദ്രമന്ത്രി അനുഗമിച്ചതിലും ചൈന അസ്വസ്ഥമാകേണ്ട യാതൊരുവിധ കാര്യവുമില്ല. പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണത്.

1962 അല്ല 2017 എന്ന് ചൈന ഓര്‍ക്കുന്നത് നന്നായിരിക്കും. ശക്തമായ, ഒരു പുതിയ ഇന്ത്യയാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള ശേഷിയുണ്ട്

ഏക ചൈനാ വിഷയത്തിലും മറ്റും ഇന്ത്യ ഒരു പ്രസ്താവനയ്ക്കും ഇതുവരെ മുതിര്‍ന്നിട്ടില്ല. ഏത് രാഷ്ട്രീയ സാഹചര്യത്തിലായാലും ശരി ചൈനയുടേത് ആത്മാര്‍ത്ഥതയില്ലാത്ത സമീപനമാണ്. പാക്കിസ്ഥാന്‍ അധീന കശ്മീരില്‍ ചൈനയുടെ ഇടപെടല്‍ ഇന്ത്യക്ക് വന്‍ ഭീഷണിയുണ്ടാക്കുന്നുണ്ട്. അന്യായമായ അത്തരം കാര്യങ്ങളില്‍ കണ്ണടച്ചാണ് ബെയ്ജിംഗ് ഇന്ത്യയെ മാന്യത പഠിപ്പിക്കാന്‍ ഇറങ്ങുന്നത്.

ചൈനയെ പ്രീണിപ്പിച്ചുള്ള നയം കൊണ്ട് ഇന്ത്യക്ക് യാതൊരുവിധ ഗുണവുമുണ്ടായിട്ടില്ലെന്നതാണ് ചരിത്രം. 1962 മുതല്‍ അത് ഇന്ത്യക്ക് ബോധ്യമായിക്കൊണ്ടിരിക്കുകയാണ്. ചൈന-പാക്കിസ്ഥാന്‍-റഷ്യ അച്ചുതണ്ട് ശക്തി പ്രാപിക്കുന്ന നിലവിലെ സാഹചര്യത്തില്‍ നരേന്ദ്ര മോദി കൈക്കൊള്ളുന്നതാണ് ശരിയായ, തന്ത്രപരമായ നിലപാട്. ജപ്പാനുമായും അഫ്ഗാനിസ്ഥാനുമായും ബന്ധം ശക്തിപ്പെടുത്തുന്നതാണ് ഇതിന് ബദലായി ഇന്ത്യക്ക് ചെയ്യാവുന്നത്.
1962 അല്ല 2017 എന്ന് ചൈന ഓര്‍ക്കുന്നത് നന്നായിരിക്കും. ശക്തമായ, ഒരു പുതിയ ഇന്ത്യയാണ് വികസിച്ചുകൊണ്ടിരിക്കുന്നത്. അതിന് ഏത് സാഹചര്യത്തെയും അതിജീവിക്കാനുള്ള ശേഷിയുണ്ട്. അടിക്ക് അടിയെന്ന സമീപനം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമായിരിക്കില്ല, പ്രത്യേകിച്ചും അങ്കിള്‍ സാം ചൈനയുടെ ബിസിനസ് താല്‍പ്പര്യങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന ആഗോള പരിതസ്ഥിതിയില്‍.

ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ പുറത്തിറക്കുമ്പോള്‍, തങ്ങളുടെ ബിസിനസ് ഇവിടെ എക്കാലവും സുരക്ഷിതമായിരിക്കില്ല എന്നു കൂടി ഓര്‍ക്കാനുള്ള വിവേചന ബുദ്ധി ചൈനീസ് നേതാക്കള്‍ക്കുണ്ടായാല്‍ നന്ന്.

Comments

comments