ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഏഴ് ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി പിടികൂടി

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ഏഴ് ലക്ഷം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി പിടികൂടി

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മാള്‍ഡ ജില്ലയിലുള്ള കാളിയചക്കില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് വച്ചു ബിഎസ്എഫ് വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പിടികൂടി. 6.96 ലക്ഷത്തിന്റെ 2000 രൂപയുടെ വ്യാജ നോട്ടുകളാണു തിങ്കളാഴ്ച രാത്രി നടത്തിയ തിരച്ചിലില്‍ പിടിച്ചെടുത്തത്.

പ്രത്യേക ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോരി-അനന്തപൂര്‍ അതിര്‍ത്തിയിലുള്ള നിരീക്ഷണ പോസ്റ്റില്‍ ഗേറ്റ് നമ്പര്‍ 179ല്‍ നടത്തിയ തിരച്ചിലിലാണ് ഒരു ബാഗ് നിറയെ നോട്ടുകള്‍ ബിഎസ്എഫ് 24-ാം ബറ്റാലിയന്‍ കണ്ടെടുത്തത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്കു കടന്നുവന്ന എല്ലാ ചരക്കുനീക്കങ്ങളും സൂക്ഷമ നിരീക്ഷണത്തിനു വിധേയമാക്കിയിരുന്നു. പിന്നീട് ബിഎസ്എഫ് നിരീക്ഷണം ചോരി-അനന്തപൂര്‍ അതിര്‍ത്തിയിലുള്ള നിരീക്ഷണ പോസ്റ്റില്‍ ഗേറ്റ് നമ്പര്‍ 179ല്‍ എത്തിയപ്പോഴാണു വ്യാജ കറന്‍സി ഉപേക്ഷിച്ച നിലയില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്.

സംഭവത്തെ കുറിച്ച് മാള്‍ഡ പൊലീസും കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്നു ബിഎസ്എഫ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള മാള്‍ഡ, മുര്‍ഷിദാബാദ് ജില്ലയിലൂടെയാണ് ഇന്ത്യയിലേക്ക് വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ പ്രവഹിക്കുന്നത്.

Comments

comments

Categories: Top Stories

Related Articles