വുഡ്‌ലാന്റ് 120 ഔട്ട്‌ലെറ്റുകള്‍ കൂട്ടിച്ചേര്‍ക്കും

വുഡ്‌ലാന്റ് 120 ഔട്ട്‌ലെറ്റുകള്‍ കൂട്ടിച്ചേര്‍ക്കും

ന്യൂഡെല്‍ഹി: ഫൂട്ട്‌വെയര്‍, വസ്ത്ര ബ്രാന്‍ഡ് വുഡ്‌ലാന്റ് അടുത്തവര്‍ഷം അവസാനത്തോടെ രാജ്യത്തുടനീളം 120 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകള്‍ കൂട്ടിച്ചേര്‍ക്കും. അതോടൊപ്പം ദക്ഷിണ കൊറിയയിലും ജപ്പാനിലും പ്രവേശിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്.

ഇന്ത്യയിലെ 5,000 മള്‍ട്ടി ബ്രാന്‍ഡ് സ്റ്റോറുകളിലെ സാന്നിധ്യത്തിന് പുറമെ കമ്പനിക്ക് നിലവില്‍ 600 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളുമുണ്ടെന്ന് വുഡ്‌ലാന്റിന്റെ മാനേജിംഗ് ഡയറക്റ്റര്‍ ഹര്‍കിരത് സിംഗ് പറഞ്ഞു. വിപുലീകരണത്തിന്റെ ഭാഗമായിട്ടാണ് ജപ്പാനിലും ദക്ഷിണ കൊറിയയിലും പ്രവേശിക്കുന്നത്.

തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സിഐഎസ് രാജ്യങ്ങളിലും മധേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളിലും കമ്പനിക്ക് ഇതിനകം തന്നെ സാന്നിധ്യമുണ്ടെന്ന് സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 1,200 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. വരും വര്‍ഷത്തില്‍ 15- 20 ശതമാനം വളര്‍ച്ച ലക്ഷ്യമിടുന്നുണ്ട്. കമ്പനിയുടെ ഉല്‍പ്പന്നത്തിന്റെ ഭൂരിഭാഗവും ഇന്‍ ഹൗസിലാണ് (ഒരു സ്ഥാപനത്തിനകത്ത് സ്ഥിതി ചെയ്യുന്ന) നിര്‍മിക്കുന്നത്. വളര്‍ച്ചാ പദ്ധതിയുടെ ഭാഗമായി തൊഴില്‍ ശക്തി അധികമാക്കാനും ഉന്നമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ സ്റ്റോറുകള്‍ തുറന്നും ഉല്‍പ്പന്ന വിഭാഗം ശക്തിപ്പെടുത്തിയും ജീവനക്കാരുടെ എണ്ണം ഉയര്‍ത്തിയും കമ്പനി വളര്‍ച്ച നേടും. വസ്ത്രങ്ങള്‍ കഴിഞ്ഞാല്‍ നിലവില്‍ ഫൂട്ട്‌വെയറാണ് കമ്പനിയുടെ ഏറ്റവും വലിയ വിഭാഗം. വിവിധ നിര്‍മാണ സൗകര്യങ്ങളിലും ഔട്ട്‌ലെറ്റുകളിലുമായി കമ്പനിക്കു കീഴില്‍ 10,000 ത്തിലധികം തൊഴിലാളികളും ജോലിനോക്കുന്നു.

Comments

comments

Categories: Business & Economy