ജീവനക്കാരുടെ ക്ഷേമത്തിനാണ് സ്ഥാപകര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കുനാല്‍ ബഹല്‍

ജീവനക്കാരുടെ ക്ഷേമത്തിനാണ് സ്ഥാപകര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കുനാല്‍ ബഹല്‍

മുന്‍ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വേതന വര്‍ധന നടപ്പാക്കും

ന്യൂഡെല്‍ഹി: സ്‌നാപ്ഡീലിലെ ഏറ്റവും വലിയ ഓഹരി നിക്ഷേപകരായ സോഫ്റ്റ്ബാങ്ക് വില്‍പ്പനയ്ക്ക് ശക്തമായ സമ്മര്‍ദം ചെലുത്തുന്നതിനിടെ ജീവനക്കാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കുനാല്‍ ബഹലിന്റെ കത്ത്. ജീവനക്കാരുടെ ക്ഷേമത്തിനാണ് സ്ഥാപകര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വേതന വര്‍ധന ഉണ്ടാകുമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.

കമ്പനിയിലെ 3000ത്തോളം വരുന്ന ജീവനക്കാര്‍ക്കാണ് സ്ഥാപകന്മാരിലൊരാളായ കുനാല്‍ ബഹല്‍ കത്തയച്ചത്. സ്‌നാപ്ഡീല്‍ ഉടമസ്ഥരായ ജാസ്പര്‍ ഇന്‍ഫോടെകിന്റെയും മുഖ്യനിക്ഷേപകരായ സോഫ്റ്റ് ബാങ്കിന്റെയും നേതൃത്വത്തില്‍ വില്‍പ്പന ചര്‍ച്ചകളില്‍ ധാരണയായെന്നും അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വില്‍പ്പന സംബന്ധിച്ച് അന്തിമതീരുമാനം ഉണ്ടാകുമെന്നന്നും കത്തില്‍ പറയുന്നു.

മുന്നോട്ടുള്ള പദ്ധതികളെ സംബന്ധിച്ചാണ് നിക്ഷേപകര്‍ പ്രധാനമായും ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ സ്‌നാപ്ഡീല്‍ സ്ഥാപകരായ തങ്ങളുടെ ഒരേയൊരു പരിഗണന ജീവനക്കാരുടെ ക്ഷേമം സംബന്ധിച്ചാണെന്ന് ബഹലും കമ്പനിയുടെ മറ്റൊരു സ്ഥാപകനും സിഒഒയുമായ രോഹിത് ബന്‍സാലും ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. സാധ്യമായതെല്ലാം ചെയ്യും, തൊഴില്‍ തടസ്സമില്ലെന്ന് ഉറപ്പുവരുത്തും. മുന്നോട്ടുള്ള യാത്രയില്‍ ടീമിന്റെ സാമ്പത്തിക ഭാവി മികച്ചതാക്കുമെന്നും ഇ-മെയിലില്‍ പറയുന്നു. സ്‌നാപ്ഡീലിന്റെ ഭാവിയെക്കുറിച്ചും മുന്നോട്ടുള്ള പദ്ധതികളെക്കുറിച്ചും വിവിധ സാമൂഹികമാധ്യമങ്ങളില്‍ ചോദ്യങ്ങളുയര്‍ത്തി അജ്ഞാത സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇ മെയില്‍ സന്ദേശവുമായി സ്ഥാപകര്‍ രംഗത്ത് വന്നത്.

2017ന്റെ തുടക്കത്തില്‍ ജാസ്പര്‍ ഇന്‍ഫോടെക് സ്‌നാപ്ഡീലിന്റെ മൂന്ന് പ്രധാന യൂണിറ്റുകളിലെ ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായി സ്‌നാപ്ഡീലിന് പുറമെ അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരെയും പിരിച്ച് വിട്ടിരുന്നു. ജീവനക്കാരെ സമാശ്വസിപ്പിക്കാനും 2016-2017ലെ വാര്‍ഷിക വേതന വര്‍ധന മുന്‍വര്‍ഷത്തെക്കാള്‍ കൂടുതലാണെന്ന് അറിയിക്കാനുമുള്ള ശ്രമങ്ങളാണ് ഇ-മെയില്‍ വഴി സ്ഥാപകര്‍ നടത്തിയിരിക്കുന്നത്. ‘വാര്‍ഷിക പ്രകടന അവലോകന പ്രക്രിയ ഏകദേശം പൂര്‍ത്തിയായി. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പുതുക്കിയ വേതനവും സ്ഥാനക്കയറ്റം സംബന്ധിച്ച കത്തും (ബാധകമാണെങ്കില്‍) നിങ്ങള്‍ക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം വാഗ്ദാനം ചെയ്തതിനേക്കാള്‍ കൂടിയ തുകയാണ് മൊത്തത്തിലുള്ള വേതനമായി ലഭിക്കുക,’സ്ഥാപകര്‍ ജീവനക്കാരെ അറിയിച്ചു.

ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌നാപ്ഡീലില്‍ ഏകദേശം 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ജപ്പാനിലെ സോഫ്റ്റ് ബാങ്കിനുള്ളത്. 33 ശതമാനം ഓഹരികളാണ് സോഫ്റ്റ് ബാങ്ക് കൈവശം വെച്ചിരിക്കുന്നത്. 6.5 ബില്യണ്‍ ഡോളറാണ് ടോക്കിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് ബാങ്കിന് സ്‌നാപ്ഡീലിലുള്ള ഷെയറുകളുടെ ആകെ മൂല്യം. വില്‍പ്പന നടത്തുന്നതിന് കുറഞ്ഞത് മറ്റ് രണ്ട് പ്രധാന നിക്ഷേപകരുടെ സമ്മതവും സോഫ്റ്റ് ബാങ്കിന് ആവശ്യമാണ്.

ഓഹരിപങ്കാളികളുടെ കരാര്‍ പ്രകാരം സ്‌നാപ്ഡീല്‍ ഫഌപ്കാര്‍ട്ടില്‍ ലയിക്കുന്നതിന് സോഫ്റ്റ് ബാങ്ക്, കലാരി ക്യാപിറ്റല്‍, നെക്‌സസ് വെഞ്ച്വേഴ്‌സ്, സ്ഥാപകരായ കുനാല്‍ ബഹല്‍, രോഹിത് ബന്‍സാല്‍ എന്നീ നാല് പ്രധാന നിക്ഷേപകരില്‍ മൂന്ന് പേരുടെ സമ്മതം വേണം. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുന്നതിന് രണ്ട് മാസം വരെ എടുത്തേക്കാം. രാജ്യത്തെ ഏറ്റവും വലിയ ഇ- കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ടിലേക്കുള്ള സോഫ്റ്റ് ബാങ്കിന്റെ പ്രവേശനം കൂടിയാണ് ലയനം വഴി സാധ്യമാകുന്നത്. ലയനത്തിന് ശേഷം ഫഌപ്കാര്‍ട്ടില്‍ സോഫ്റ്റ് ബാങ്ക് 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Comments

comments

Categories: Business & Economy