മാരുതി സുസുകി സുരക്ഷിത വാഹനങ്ങളിലേക്ക് മാറുന്നു

മാരുതി സുസുകി സുരക്ഷിത വാഹനങ്ങളിലേക്ക് മാറുന്നു

നാല് പ്ലാറ്റ്‌ഫോമുകളിലായി കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കും

ന്യൂ ഡെല്‍ഹി : മാരുതി സുസുകി സുരക്ഷിത വാഹനങളിലേക്ക് മാറുന്നു. ക്രാഷ്-ടെസ്റ്റ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമായി പാലിക്കുന്നവിധം തങ്ങളുടെ കാര്‍ നിര്‍മ്മാണ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം നാലായി പരിമിതപ്പെടുത്താനാണ് മാരുതി സുസുകിയുടെ തീരുമാനം. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി എട്ട് വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ പതിനാറ് കാര്‍ മോഡലുകളാണ് പുറത്തിറക്കുന്നത്. രാജ്യത്ത് വില്‍ക്കുന്ന രണ്ട് കാറുകളിലൊന്ന് മാരുതി സുസുകിയുടേതാണ്.

ഇന്ത്യന്‍ വാഹന വിപണിയുടെ പകുതി മാരുതി സുസുകിക്ക് അവകാശപ്പെട്ടതാണെന്ന് പറയാം. സുസുകിയുടെ ‘ടോട്ടല്‍ ഇഫക്റ്റീവ് കണ്‍ട്രോള്‍ ടെക്‌നോളജി’ ഉപയോഗപ്പെടുത്തിയാണ് മൂന്നോ നാലോ പ്ലാറ്റ്‌ഫോമുകളില്‍ കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കുന്നത്. പുതിയ ക്രാഷ്-ടെസ്റ്റ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന സുരക്ഷിത കാറുകള്‍ എന്നതാണ് മാരുതി സുസുകിയുടെ ലക്ഷ്യം. പാര്‍ട്‌സുകള്‍ ഏകീകരിക്കപ്പെടുന്നതോടെ വരുമാന വര്‍ധനവും പ്രതീക്ഷിക്കുന്നു.

ബലേനോ നിര്‍മ്മിക്കുന്നതിന് സുസുകിയുടെ അഞ്ചാം തലമുറ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചതെന്ന് മാരുതി സുസുകി എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (എന്‍ജിനീയറിംഗ്) സിവി രാമന്‍ പറഞ്ഞു. ഈ പ്ലാറ്റ്‌ഫോം ഊര്‍ജ്ജം കൂടുതല്‍ മികവോടെ ഉപയോഗിക്കുന്നുവെന്ന് മാത്രമല്ല, ഭാരം കുറവും കൂടുതല്‍ ദൃഢതയുള്ളതുമാണ്. മികച്ച റൈഡും ഹാന്‍ഡ്‌ലിംഗും ഉറപ്പാക്കുകയും ചെയ്യുന്നു.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം കുറച്ചുകൊണ്ടുവരുമെന്നും അതുവഴി കാറുകളുടെ ഇന്ധനക്ഷമതയും പെര്‍ഫോമന്‍സും മെച്ചപ്പെടുമെന്നും സിവി രാമന്‍ പറഞ്ഞു. അതേസമയം തങ്ങള്‍ക്ക് വാഹനങ്ങളുടെ സുരക്ഷാ സവിശേഷതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യാം.

ജാപ്പനീസ് മാതൃ കമ്പനിയായ സുസുകിയുടെ ആഗോള ഗവേഷണ-വികസന വിഭാഗവുമായി ചേര്‍ന്ന് മാരുതി സുസുകി പുതിയ അഞ്ചാം തലമുറ വാഹന പ്ലാറ്റ്‌ഫോം വികസിപ്പിച്ചിട്ടുണ്ട്. ഇന്ധനക്ഷമത, പുക മലിനീകരണം, പെര്‍ഫോമന്‍സ് എന്നിവ ബലികഴിക്കാതെ തന്നെ കൂടുതല്‍ സുരക്ഷ നല്‍കുന്ന വിധത്തിലാണ് ഈ വാഹന പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. TECT (ടോട്ടല്‍ ഇഫക്റ്റീവ് കണ്‍ട്രോള്‍ ടെക്‌നോളജി) പ്ലാറ്റ്‌ഫോം വാഹനത്തിലെ യാത്രികര്‍ക്ക് കൂടുതല്‍ സുരക്ഷയും കരുത്തും പത്ത് ശതമാനം അധികം ദൃഢതയും പതിനഞ്ച് ശതമാനം ഭാരക്കുറവും നല്‍കുന്നതാണ്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാരുതി സുസുകിയും അവരുടെ വാഹനഘടക നിര്‍മ്മാതാക്കളും ചേര്‍ന്ന് ഇഗ്നിസ്, ബലേനോ, വിറ്റാര ബ്രെസ മോഡലുകള്‍ പുറത്തിറക്കുന്നതിന് 3,000 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.

ഇഗ്നിസും ബലേനോയും അഞ്ചാം തലമുറ എ, ബി പ്ലാറ്റ്‌ഫോമുകളിലാണ് നിര്‍മ്മിച്ചതെങ്കില്‍ വിറ്റാര ബ്രെസ പ്രത്യേക സി പ്ലാറ്റ്‌ഫോമിലാണ് വിപണിയിലെത്തിച്ചത്. ഈ പ്ലാറ്റ്‌ഫോമുകളെല്ലാം തന്നെ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കുന്നതാണ്. വിഷന്‍ 2.0 പദ്ധതിയുടെ ഭാഗമായി മാരുതി സുസുകി ഇന്ത്യയില്‍ പുറത്തിറക്കുന്ന പതിനഞ്ച് പുതിയ വാഹനങ്ങളുടെ നിരയില്‍ ഉള്‍പ്പെടുന്നതാണ് ഇഗ്നിസ്, ബലേനോ, വിറ്റാര ബ്രെസ എന്നിവ. 2020 ഓടെ ഇവയുടെ വാര്‍ഷിക വില്‍പ്പന ഇരുപത് ലക്ഷത്തിലെത്തിക്കണമെന്നാണ് മാരുതി സുസുകി തീരുമാനിച്ചിരിക്കുന്നത്.

ഇഗ്നിസ്, ബലേനോ കാറുകളില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റൊരു വാഹനവുമായി നേരിട്ട് കൂട്ടിയിടിച്ചാലോ വശങ്ങളില്‍ ഇടിച്ചാലോ വശങ്ങളില്‍ ഇടിച്ച് ഉരസിപ്പോയാലോ കാല്‍നടയാത്രക്കാരെ ഇടിച്ചാലോ കാറിലെ യാത്രികരും കാല്‍നടയാത്രക്കാരും സുരക്ഷിതരായിരിക്കും. വിറ്റാര ബ്രെസയുടെ കാര്യത്തിലാണെങ്കില്‍ നേരിട്ടോ വശങ്ങളിലോ ഇടിച്ചാലും വശങ്ങളില്‍ ഇടിച്ച് ഉരസിപ്പോയാലും യാത്രികര്‍ക്ക് അത്യാഹിതം സംഭവിക്കില്ല. ഈ വര്‍ഷം ഒക്‌റ്റോബര്‍ ഒന്നിനാണ് പുതിയ മോഡല്‍ വാഹനങ്ങള്‍ക്ക് പുതിയ കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നത്. നിലവിലെ മോഡലുകള്‍ 2019 ഒക്‌റ്റോബര്‍ ഒന്നിന് മുമ്പ് പുതിയ കാര്‍ സുരക്ഷാ മാനദണ്ഡങ്ങളിലേക്ക് മാറണം.

നിലവിലെ മോഡലുകളില്‍ എസ്‌ക്രോസ്, എര്‍ട്ടിഗ, സിയാസ് എന്നിവ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണ്. എന്‍ട്രി-ലെവല്‍ കാറുകള്‍ക്കായി അടുത്ത വര്‍ഷത്തോടെ പുതിയ പ്ലാറ്റ്‌ഫോം (കോഡ്‌നാമം പികെ5) മാരുതി സുസുകി അവതരിപ്പിക്കും. പുതിയ കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലാകുന്നതിന് ഒരു വര്‍ഷം മുമ്പുതന്നെ തങ്ങളുടെ 75-80 ശതമാനം കാറുകളും അതനുസരിച്ച് മാറ്റുന്നതിനാണ് മാരുതി സുസുകി ശ്രമിക്കുന്നത്.

Comments

comments

Categories: Auto