ഫ്‌ളൈദുബായ് വിമാനങ്ങളുടെ ഇന്റീരിയര്‍ ജെപിഎ തയാറാക്കും

ഫ്‌ളൈദുബായ് വിമാനങ്ങളുടെ ഇന്റീരിയര്‍ ജെപിഎ തയാറാക്കും

പുതിയ ബോയിംഗ് 737 വിമാനങ്ങളുടെ ബിസിനസ്, ഇക്കണോമിക് ക്ലാസുകള്‍ ജെപിഎ ഡിസൈന്‍ രൂപകല്‍പ്പന ചെയ്യും

ദുബായ്: പുതിയ വിമാനങ്ങളുടെ കാബിനിന്റെ ഇന്റീരിയര്‍ തയാറാക്കാന്‍ ചെറിയ വിമാനകമ്പനിയായ ഫ്‌ളൈദുബായ് അന്താരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് ഡിസൈന്‍ സ്‌പെഷലിസ്റ്റായ ജെപിഎ ഡിസൈനിനെ ചുമതലപ്പെടുത്തി. ഹാമ്പര്‍ഗില്‍ നടക്കുന്ന എയര്‍ക്രാഫ്റ്റ് ഇന്റീരിയേഴസ് എക്‌സ്‌പോയില്‍ വച്ചാണ് പ്രഖ്യാപനം നടന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനായാണ് പ്രമുഖ ഡിസൈനറെതന്നെ ചുമതല ഏല്‍പ്പിച്ചതെന്ന് ഫ്‌ളൈ ദുബായ് പറഞ്ഞു.

58 നെക്സ്റ്റ് ജനറേഷന്‍ ബോയിംഗ് 737-800 വിമാനങ്ങളാണ് ഫ്‌ളൈദുബായ്ക്കുള്ളത്. 2013 ലെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍ഷോയില്‍ 100 ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങള്‍ കമ്പനി ഓര്‍ഡര്‍ ചെയ്തിരുന്നു. ഇവ 2017 ന്റെ രണ്ടാം പകുതിയോടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെപിഎയുമായി ചേര്‍ന്ന് പുതിയ വിമാനങ്ങളുടെ വരവ് മികച്ചതാക്കാനുള്ള തയാറെടുപ്പിലാണ് ഫ്‌ളൈദുബായ്. ജെപിഎ ഡിസൈന്‍ ചെയ്യുന്നതോടെ വിമാനങ്ങളിലെ ബിസിനസ്, ഇക്കണോമിക് ക്ലാസുകള്‍ക്ക് പുതിയ രൂപം കൈവരും.

ഉല്‍പ്പന്നങ്ങള്‍ വര്‍ധിപ്പിക്കാനും ടെക്‌നോളജി മികച്ചതാക്കുന്നതിനും വേണ്ടി നിക്ഷേപം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഫ്‌ളൈദുബായിയുടെ സിഇഒ ഖായിദ് അല്‍ ഖായിദ് പറഞ്ഞു. ഓരോവര്‍ഷവും 10 മില്യണിലധികം ഉപഭോക്താക്കളാണ് ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നത്. ഇവര്‍ക്ക് മികച്ച യാത്രാ അനുഭവം നല്‍കുന്നതിനായാണ് ജെപിഎയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും അല്‍ ഖൈദ് പറഞ്ഞു.

ലണ്ടന്‍, സിംഗപ്പൂര്‍, ദുബായ് എന്നിവിടങ്ങളിലാണ് ജെപിഎ ഡിസൈനിന് ഓഫീസുള്ളത്. ദുബായില്‍ അടുത്തിടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബിസിനസ്, ഇക്കണോമിക് ക്ലാസുകളിലെ കാബിനുകള്‍ പൂര്‍ണമായി ഇവര്‍ ഡിസൈന്‍ ചെയ്യും. സീറ്റുകളുടെ ഡിസൈന്‍ മുതല്‍ വിമാനത്തിനുള്ളിലെ വിനോദങ്ങളില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ വരെ ജെപിഎ തയാറാക്കും.

Comments

comments

Categories: World