ജിയോയും എയര്‍ടെല്ലും പോര് തുടരുന്നു

ജിയോയും എയര്‍ടെല്ലും പോര് തുടരുന്നു

സമ്മര്‍ ഓഫറിന്റെ കാര്യത്തില്‍ ജിയോ ട്രായിയുടെ ഉത്തരവ് ലംഘിച്ചെന്ന് എയര്‍ടെല്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയില്‍ വമ്പന്മാരായ ഭാരതി എയര്‍ടെല്ലും പുതു മുഖങ്ങളായ റിലയന്‍സ് ജിയോ ഇന്‍ഫോകോമും തമ്മിലെ അങ്കം മുറുകുന്നു. സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിക്കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി)യുടെ ഉത്തരവ് ജിയോ ലംഘിച്ചെന്ന് എയര്‍ടെല്‍ ആരോപിച്ചു. ജിയോയ്‌ക്കെതിരെ ട്രായി നടപടി സ്വീകരിക്കണമെന്നും എയര്‍ടെല്‍ ആവശ്യപ്പെട്ടു. എന്നാല്‍ കമ്പനി ഒരു നിയമവും ലംഘിച്ചിട്ടില്ലെന്ന് ജിയോ തിരിച്ചടിച്ചു.

303+99 രൂപയ്ക്ക് റീചാര്‍ജ് ചെയ്ത് മൂന്നു മാസത്തേക്ക് സൗജന്യ ഡാറ്റയും കോളും സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ക്ക് അവസരമൊരുക്കുന്നതായിരുന്നു ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍. എന്നാല്‍ ജിയോയുടെ പ്രൊമോഷണല്‍ ഓഫറുകള്‍ പരിധിവിട്ടെന്ന് വിലയിരുത്തിയ ട്രായി സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ നിര്‍ത്താന്‍ ഉത്തരവിട്ടു. ട്രായി ഉത്തരവ് മാനിച്ച് സമ്മര്‍ ഓഫര്‍ പിന്‍വലിക്കുമെന്ന് ജിയോ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ജിയോ ഓഫര്‍ തുടരുന്നെന്നാണ് എയര്‍ടെല്‍ ആരോപിക്കുന്നത്.

സമ്മര്‍ സ്‌പെഷല്‍ ഓഫറുമായി ജിയോ മുന്നോട്ടുപോകുന്നത് ഞങ്ങളെ അതിശയിപ്പിച്ചു. ട്രായി ഉത്തരവ് വന്നയുടന്‍ തന്നെ അവര്‍ ഓഫര്‍ നിര്‍ത്തേണ്ടതായിരുന്നു- എയര്‍ടെല്ലിന്റെ വക്താക്കളില്‍ ഒരാള്‍ പറഞ്ഞു. ട്രായി വിലക്കിയ സ്‌കീമിനു കീഴില്‍ റീചാര്‍ജ് ചെയ്യാന്‍ സോഷ്യല്‍ മീഡിയ വഴിയും ഡിജിറ്റല്‍ ഉപാധികളിലൂടെയും വന്‍പ്രചാരണമാണ് ജിയോ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ട്രായിയുടെ ഉത്തരവിന്റെ നഗ്നമായ ലംഘനമാണിത്. ഉത്തരവ് വന്ന ശേഷം റീചാര്‍ജ് ചെയ്തവര്‍ക്ക് ഓഫറിന്റെ ഗുണം ലഭിക്കില്ലെന്ന് ഉറപ്പുണ്ടെന്നും എയര്‍ടെല്‍ വ്യക്തമാക്കി. എന്നാല്‍ ഓഫര്‍ തുടരേണ്ടെന്ന് തീരുമാനിച്ചതിനു മുന്‍പ് റീചാര്‍ജ് ചെയ്തവര്‍ക്കെല്ലാം അതിന്റെ ഗുണം ലഭിക്കുമെന്ന് റിലയന്‍സ് ജിയോ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, ട്രായി ഉത്തരവില്‍ പഴുതുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. കഴിയുന്നത്ര വേഗം സമ്മര്‍ ഓഫര്‍ അവസാനിപ്പിക്കാനാണ് ട്രായി ഉത്തരവില്‍ പറഞ്ഞത്. അതു മണിക്കൂറുകളാവാം അതല്ലെങ്കില്‍ ഒന്നോ ഒന്നരയോ ദിവസമാവാം. എന്നാല്‍ ഏപ്രില്‍ 15 വരെ ആകാന്‍ പാടില്ല എന്നും ട്രായി നിര്‍ദേശിച്ചു. അതിനാല്‍ത്തന്നെ ഏപ്രില്‍ 15ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഓഫര്‍ പിന്‍വലിച്ചാലും ജിയോയ്ക്ക് യാതൊരു നഷ്ടവുമുണ്ടാവില്ലെന്ന് കണക്കാക്കപ്പെടുന്നു.

സെപ്റ്റംബറിലാണ് റിലയന്‍സ് ജിയോ വാണിജ്യ സേവനം ആരംഭിച്ചത്. ജിയോയുടെ പ്രൊമോഷണല്‍ ഓഫറുകള്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ നിലവിലെ വമ്പന്‍മാരെ ഡാറ്റ, കോള്‍ താരിഫുകള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാക്കി. വോഡഫോണ്‍-ഐഡിയ ലയനത്തിനുവരെ അതു പ്രേരിപ്പിക്കുകയും ചെയ്തു.

Comments

comments

Categories: Business & Economy