അലാസ്‌ക ചരിതം

അലാസ്‌ക ചരിതം

150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അലാസ്‌കയെ റഷ്യ അമേരിക്കയ്ക്ക് നല്‍കിയതെന്തിന്?

150 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1867 മാര്‍ച്ച് 30ന് അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വില്യം എച്ച് സി വാര്‍ഡും റഷ്യന്‍ സ്ഥാനപതി ബാരണ്‍ എഡ്വാര്‍ഡ് ഡി സ്റ്റൊയെക്കിളും ഒരു കരാറില്‍ ഒപ്പുവച്ചു. സെഷന്‍ ഉടമ്പടി എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു പേനത്തുമ്പാല്‍ കോറിയ ഒപ്പുകൊണ്ട് സര്‍ അലക്‌സാണ്ടര്‍ രണ്ടാമന്‍ വടക്കേ അമേരിക്കയിലെ തന്റെ സാമ്രാജ്യത്തിന്റെ അവസാന തിരുശേഷിപ്പായിരുന്ന അലാസ്‌കയെയും 7.2 മില്യണ്‍ ഡോളറിന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന് വിട്ടുകൊടുത്തു.

ഇന്നത്തെ ഡോളറിന്റെ മൂല്യം വച്ചു കണക്ക് കൂട്ടുമ്പോള്‍ 113 മില്യണ്‍ ഡോളറായിരുന്നു അതിന്റെ മൂല്യം. ഈ തുക നല്‍കിയതോടെ റഷ്യയുടെ 125 വര്‍ഷം നീണ്ട അലാസ്‌കയിലെ ഇതിഹാസത്തിന് അന്ത്യമായി. ഇന്ന് അമേരിക്കയിലെ തന്നെ ഏറ്റവും സമ്പന്നമായ സ്റ്റേറ്റുകളില്‍ ഒന്നാണ് അലാസ്‌ക. സമൃദ്ധമായ പ്രകൃതിവിഭവസമ്പത്ത് തന്നെയാണ് ഇതിന് പ്രധാനകാരണം. പെട്രോളിയം, സ്വര്‍ണം, മല്‍സ്യം തുടങ്ങി പ്രകൃതി വിഭവങ്ങളാല്‍ സംപുഷ്ടമാണിവിടം. ഇതിന് പുറമേ അമേരിക്കയിലെ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ ഒന്നുകൂടിയാണിത്. റഷ്യയിലേക്കുള്ള ജാലകമായും ആര്‍ട്ടിക്കിലേക്കുള്ള പ്രവേശനകവാടമായും അലാസ്‌ക വര്‍ത്തിക്കുന്നു.

ഇത്രയും പ്രാധാന്യമുള്ള അമേരിക്കയോട് ചേര്‍ന്നുള്ള അലാസ്‌കയെ വിട്ടുകൊടുക്കാന്‍ റഷ്യയെ പ്രേരിപ്പിച്ച ഘടകം എന്തായിരിക്കും. അമേരിക്കയ്ക്ക് എങ്ങനെ അത് കൈക്കലാക്കാന്‍ സാധിച്ചുവെന്ന് ചിന്തിച്ചിട്ടുണ്ടോ. അലാസ്‌ക എങ്ങനെ അമേരിക്കയുടേതായെന്നു കുറിക്കുന്ന രണ്ട് ചരിത്രങ്ങളും രണ്ട് കാഴ്ച്ചപ്പാടുകളുണ്ട്. അതില്‍ ഒന്ന് അലാസ്‌കയുടെ അധികാരം റഷ്യ എങ്ങനെ നേടിയെടുത്തുവെന്നും ഒടുവില്‍ അത് അമേരിക്കയ്ക്ക് എങ്ങനെ കൈമാറ്റം ചെയ്തുവെന്നതുമാണ്.

അടുത്തത് ഇവിടെയുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകളില്‍ നിന്നാണ് ഉരുത്തിരിഞ്ഞത്. ആയിരക്കണക്കിന് വര്‍ഷങ്ങളായി അലാസ്‌കയില്‍ ജീവിക്കുന്നവരാണ് ഇവര്‍. സമ്മിശ്രമായ വൈകാരികതയോടെയാണ് അവര്‍ സെഷന്‍ ഉടമ്പടിയുടെ വാര്‍ഷികാഘോഷങ്ങളെ നോക്കിക്കാണുന്നത്. ചിലര്‍ക്ക് അത് വലിയ നഷ്ടങ്ങളുടെയും ചിലര്‍ക്ക് ശുഭാപ്തിവിശ്വാസത്തിന്റെയും ഓര്‍മപ്പെടുത്തലുകളാണ്.

കിഴക്കുദിക്കിലേക്ക് നോക്കി റഷ്യ

പുതിയദേശങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള ആസക്തിയാണ് റഷ്യയെ അലാസ്‌കയിലേക്കും ഒടുവില്‍ 16-ാം നൂറ്റാണ്ടില്‍ കാലിഫോര്‍ണിയയിലേക്കുമെത്തിച്ചത്. രാജ്യത്തിന്റെ ഇന്നത്തെ വ്യാപ്തിയുടെ ഒരംശം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളു. എന്നാല്‍ 1581 ആയപ്പോഴേക്കും ഇതില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. ഖാനത്ത് ഓഫ് സിബിര്‍ എന്ന് അറിയപ്പെടുന്നത സൈബീരിയന്‍ പ്രദേശം അക്കാലത്താണ് റഷ്യ വെട്ടിപ്പിടിച്ചത്. ജെങ്കിസ്ഖാന്റെ കൊച്ചുമകനായിരുന്നു ഈ സമയത്ത് അവിടെ ഭരണം കൈയാളിയിരുന്നത്. ഈ നിര്‍ണായക വിജയം റഷ്യയ്ക്ക് മുന്നില്‍ സൈബീരിയയിലേക്കുള്ള വാതില്‍ തുറന്നു. 60 വര്‍ഷത്തിനുള്ളില്‍ റഷ്യ പസഫിക് മേഖലയില്‍ അപ്രമാദിത്വം സ്ഥാപിച്ചു.

സൈബീരിയയില്‍ റഷ്യ നടത്തിയ മുന്നേറ്റം വാണിജ്യത്തിലുള്ള വര്‍ധനവിനും യാഥാസ്ഥിതിക ക്രിസ്തുതം പ്രചരിപ്പിക്കുന്നതിനും റഷ്യയ്ക്ക് കൂടുതല്‍ നികുതിദായകരെ ലഭിക്കുന്നതിനും കാരണമായി. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റഷ്യയുടെ ആദ്യത്തെ നാവികസേനയെ സൃഷ്ടിച്ച മഹാനായ പീറ്ററിന് കിഴക്കു ദിക്കിലേക്ക് ഏഷ്യ എത്രത്തോളം വ്യാപിച്ചു കിടക്കുന്നുവെന്ന് അറിയാന്‍ താല്‍പര്യമുണ്ടായി. അദ്ദേഹം ഉത്തരവിട്ട രണ്ട് പര്യവേഷണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് സൈബീരിയന്‍ നഗരമായ ഓഖോസ്‌ക് ആയിരുന്നു. പിന്നീട് 1741ല്‍ വൈറ്റസ് ബെറിംഗ് വിജയകരമായി അലാസ്‌കയിലെ യകുടാറ്റ് ഗ്രാമത്തില്‍ എത്തി. എന്നാല്‍ കംചത്കയിലേക്കുള്ള ബെറിംഗിന്റെ രണ്ടാം പര്യവേഷണം അദ്ദേഹത്തിന് വ്യക്തിപരമായി ഒരു ദുരന്തം തന്നെയായി മാറി.

പ്രതികൂലകാലാവസ്ഥയും കപ്പല്‍ഛേദവുമായിരുന്നു മടക്കയാത്രയില്‍ അദ്ദേഹത്തെ കാത്തിരുന്നത്. പടിഞ്ഞാറന്‍ ദിക്കിലെ അലോഷ്യന്‍ ദ്വീപുകളില്‍ വച്ച് 1741 ഡിസംബറില്‍ രോഗബാധിതനായ അദ്ദേഹം മരണത്തിന് കീഴടങ്ങി. എന്നാല്‍ റഷ്യയെ സംബന്ധിച്ച് ഇത് ഒരു അവിശ്വസനീയവിജയം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നരില്‍ ജീവനോടെ രക്ഷപെട്ട ബാക്കിയുള്ള നാവികര്‍ കപ്പലിനുണ്ടായ കേടുപാടുകള്‍ പരിഹരിക്കുകയും സൈബീരിയിലേക്ക് തിരിച്ചുവരികയും ചെയ്തു. റഷ്യന്‍ രോമവേട്ടക്കാരെ സംബന്ധിച്ചിടത്തോളം മൂല്യമേറിയ ചരക്കുകളുമായാണ് സംഘം തിരിച്ചെത്തിയത്. നീര്‍നായ, കുറുക്കന്‍, കടല്‍നായ എന്നിവയുടെ ചര്‍മ്മത്തിന്റെ വലിയ ശേഖരം തന്നെ ഇവര്‍ കൂടെ കൊണ്ടുവന്നിരുന്നു.

വെല്ലുവിളികള്‍

എന്നാല്‍ ഈ പ്രദേശങ്ങളെയെല്ലാം നിലനിര്‍ത്തുന്നത് അത്ര എളുപ്പമുള്ളകാര്യമായിരുന്നില്ല. 800ലധികം റഷ്യക്കാര്‍ മാത്രമേ ആ സമയത്ത് അലാസ്‌കയിലുണ്ടായിരുന്നുള്ളു. സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കാകട്ടെ പാതി ഭൂഗോളത്തോളം തന്നെ ദൂരമുണ്ടായിരുന്നു. അതിനാല്‍ ഇരു മേഖലകളും തമ്മിലുള്ള ആശയവിനിമയം പ്രധാന പ്രശ്‌നമായി. കാര്യമായ രീതിയില്‍ കൃഷി ചെയ്യുന്നതിനും വലിയ തോതില്‍ ആളുകളെ അലാസ്‌കയിലേക്ക് താമസത്തിന് അയയ്ക്കുന്നതും ഏറെ പ്രയാസമേറിയ കാര്യമായിരുന്നു. അതിനാല്‍ തന്നെ തെക്ക് ഭാഗത്തേക്കുള്ള കൂടുതല്‍ പ്രദേശങ്ങള്‍ തേടി ഇവര്‍ പര്യവേഷണങ്ങള്‍ ആരംഭിച്ചു. വ്യാപാരത്തിന് താല്‍പര്യമുള്ളവരുമായുള്ള ബന്ധമായിരുന്നു ആദ്യഘട്ടത്തില്‍ ഇവര്‍ ആഗ്രഹിച്ചിരുന്നത്.

അലാസ്‌കയുടെ കഠിനമായ കാലാവസ്ഥയില്‍ വളരാത്ത വിളകളും ഭക്ഷ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇപ്പോള്‍ കാലിഫോര്‍ണിയ എന്ന് അറിയപ്പെടുന്ന പ്രദേശത്തേക്ക് അവര്‍ കപ്പലുകള്‍ അയച്ചു. സ്‌പെയിനുമായി ഇവര്‍ വ്യാപാരബന്ധങ്ങള്‍ സ്ഥാപിച്ചു. ഒടുവില്‍ 1812ല്‍ കാലിഫോര്‍ണിയയിലെ ഫോര്‍ട്ട് റോസില്‍ ഇവര്‍ അധിവാസമുറപ്പിക്കുകയും ചെയ്തു. 30 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കന്‍ പര്യവേഷണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉണ്ടാക്കിയ റഷ്യന്‍ സംരംഭം പരാജയപ്പെടുകയും, മിച്ചമുള്ളത് വില്‍ക്കപ്പെടുകയും ചെയ്തു.

അധികം താമസിയാതെ തന്നെ റഷ്യക്കാര്‍ തങ്ങളുടെ അലാസ്‌കന്‍ കോളനി തുടരണോ എന്ന കാര്യത്തില്‍ ചോദ്യങ്ങളുന്നയിച്ചു തുടങ്ങി. കടല്‍നായ്ക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ തുടക്കക്കാരെ സംബന്ധിച്ചിടത്തോളം അലാസ്‌ക ലാഭകരമല്ലാതായിമാറി. പ്രതിരോധവും അലാസ്‌കയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും വിഷമകരമായിരുന്നു. ക്രിമിയന്‍ യുദ്ധത്തെ തുടര്‍ന്നു റഷ്യയുടെ ചെലവുകള്‍ വര്‍ധിച്ചത് അലാസ്‌കയില്‍ കൂടുതല്‍ പണമൊഴുക്കുന്നതില്‍ നിന്ന് ഇവരെ പിന്തിരിപ്പിച്ചു.

അമേരിക്കയുടെ താല്‍പര്യങ്ങള്‍

റഷ്യക്കാര്‍ അലാസ്‌ക വില്‍ക്കാന്‍ തയാറായിരുന്നുവെന്ന് ഇതില്‍നിന്നെല്ലാം വളരെ വ്യക്തമാണ്. എന്നാല്‍ അലാസ്‌കയെ വാങ്ങാന്‍ അമേരിക്കക്കാരെ പ്രേരിപ്പിച്ച ഘടകമെന്താണ്? 1840കള്‍ അമേരിക്കയെ സംബന്ധിച്ചും നിര്‍ണായകമായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ വടക്കു പടിഞ്ഞാറ് പസഫിക് മഹാസമുദ്രത്തോടു ചേര്‍ന്നുകിടക്കുന്ന ഒറിഗണ്‍ എന്ന പ്രദേശത്തുള്ള ഇവരുടെ താല്‍പര്യങ്ങള്‍ വര്‍ധിച്ചു. ടെക്‌സാസ് സംസ്ഥാനം കൂട്ടിയോജിപ്പിച്ചു. മെക്‌സിക്കോയുമായി യുദ്ധം ചെയ്ത് കാലിഫോര്‍ണിയയും പിടിച്ചെടുത്തു.

അലാസ്‌കയില്‍ സ്വര്‍ണ ഖനനത്തിനും, തുകല്‍ വ്യവസായത്തിനും, മല്‍സ്യ സമ്പത്തിനുമുള്ള സാധ്യതകള്‍ അമേരിക്ക മുന്‍കൂട്ടിക്കണ്ടു. ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരസാധ്യതകളും ഇവര്‍ തിരിച്ചറിഞ്ഞു. ഇംഗ്ലണ്ട് പ്രദേശത്ത് സാന്നിധ്യമറിയിക്കാന്‍ ശ്രമിക്കുമെന്നും അലാസ്‌ക പിടിച്ചെടുക്കാന്‍ ശ്രമിക്കുമെന്നുമുള്ള ഭയം അമേരിക്കയ്ക്കുണ്ടായിരുന്നു. പസഫിക് മേഖലയിലെ അധികാര ശക്തിയായി വളരാന്‍ അമേരിക്കയെ അലാസ്‌ക സഹായിക്കുമായിരുന്നു. അങ്ങനെ ഭൂമിശാസ്ത്രപരമായി എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു ഉടമ്പടി അങ്ങനെ ഉടലെടുത്തു.

അമേരിക്ക നേടിയെടുത്തത് 370 മില്യണ്‍ ഏക്കറാണ്. അതായത് യൂറോപ്യന്‍ യൂണിയന്റെ വലുപ്പത്തിന്റെ മൂന്നിലൊന്നോളം വരും ഇത്. ഇതില്‍ 230 മില്യണ്‍ ഏക്കറുകള്‍ ഇന്ന് ഫെഡറല്‍ പാര്‍ക്കുകളും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളുമാണ്. തിമിംഗലത്തിന്റെ നെയ്യ്, ചര്‍മ്മം, ചെമ്പ് , സ്വര്‍ണം, മരം, മല്‍സ്യം, പ്ലാറ്റിനം, സിങ്ക്, ലെഡ്, പെട്രോളിയം എന്നിവയുടെ ഉല്‍പ്പാദനത്തിലൂടെ നൂറുകണക്കിന് ബില്യണ്‍ ഡോളറാണ് വര്‍ഷാവര്‍ഷം അലാസ്‌കയില്‍നിന്ന് ലഭിക്കുന്നത്. അലാസ്‌കയില്‍ ഇന്ന് ബില്യണ്‍ കണക്കിന് ബാരലിന്റെ എണ്ണ നിക്ഷേപമാണുള്ളത്. അമേരിക്കയുടെ പ്രതിരോധ വിഭാഗത്തിലും അലാസ്‌ക പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

അലാസ്‌കന്‍ ജനതയ്ക്കിടയിലുണ്ടാക്കിയ സ്വാധീനം

എന്നാല്‍ ഈ ചരിത്രത്തിന് മറ്റൊരു വ്യാഖ്യാനവുമുണ്ട്. ബെറിംഗ് 1741ല്‍ അലാസ്‌കയിലെത്തിച്ചേര്‍ന്ന സമയത്ത് അവിടെ ഒരു ലക്ഷത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. അലോഷ്യന്‍ ദ്വീപില്‍ മാത്രമായി 17,000 ആളുകളാണ് അധിവസിച്ചിരുന്നത്. താരതമ്യേന വളരെ കുറച്ച് റഷ്യക്കാര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അലോഷ്യന്‍ ദ്വീപുകള്‍, കോഡിയാക്, കെനായ് ഉപദ്വീപ്, സിറ്റ്ക എന്നിവിടങ്ങളില്‍ അവര്‍ ആധിപത്യം സ്ഥാപിക്കുകയും പ്രാദേശിക ജനതയെ അടിച്ചമര്‍ത്തി ഭരിക്കുകയും ചെയ്തു.

കുഞ്ഞുങ്ങളെയടക്കം ബന്ദികളാക്കുകയും, ചെറുതോണികള്‍ നശിപ്പിക്കുകയും നായാട്ടുനടത്തി മനുഷ്യനും മൃഗങ്ങള്‍ക്കും മേല്‍ ഒരുപോലെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. തോക്കുകള്‍, വാളുകള്‍, പീരങ്കി, വെടിമരുന്ന്, തുടങ്ങിയവയാണ് അലാസ്‌കയില്‍ കാലുറപ്പിച്ചു നില്‍ക്കാന്‍ റഷ്യക്കാരെ സഹായിച്ചത്. കോട്ടകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് അവര്‍ വെടിമരുന്നുകള്‍ ഉപയോഗപ്പെടുത്തിയത്. അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ക്രിസ്തുമത വിശ്വാസികളായ പ്രാദേശിക നേതാക്കളെ അവര്‍ കൂടെ നിര്‍ത്തി. പ്രാദേശിക വിഭാഗത്തില്‍ നിന്നും വലിയ തോതിലുള്ള പ്രതിരോധവും ഇവര്‍ക്ക് നേരിടേണ്ടതായി വന്നു.

സെഷന്‍ ഉടമ്പടിയുടെ സമയമായപ്പോഴേക്കും 50,000 പ്രാദേശിക ജനതയും, 483 റഷ്യക്കാരും, 1421 സ്രിയോള്‍സും ( റഷ്യക്കാര്‍ക്ക് പ്രാദേശിക അലാസ്‌കന്‍ വനിതകളിലുണ്ടായ സന്തതികള്‍) മാത്രമാണ് ഇവിടെ അവശേഷിച്ചത്.

അലാസ്‌ക ഇന്ന്

1959ല്‍ ആണ് അലാസ്‌കയ്ക്ക് സംസ്ഥാനപദവി ലഭിച്ചത്. ജുന്യൂ നഗരമാണ് തലസ്ഥാനം. 1867 വരെ അലാസ്‌ക റഷ്യയുടെ ഭാഗമായിരുന്നു. ആ വര്‍ഷം 1867 മാര്‍ച്ച് 30 ന് 7.2 മില്ല്യണ്‍ ഡോളറിന് അമേരിക്ക ഈ പ്രദേശം, റഷ്യയില്‍ നിന്ന് വാങ്ങുകയായിരുന്നു. 1959ല്‍ സംസ്ഥാനപദവി ലഭിക്കുംവരെ ഇത് ഒരു കേന്ദ്രഭരണപ്രദേശമായി തുടര്‍ന്നു. അലാസ്‌ക അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും ഭൂവിസ്തൃതിയുള്ള സംസ്ഥാനമാണ്.

വടക്കെ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറന്‍ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ കിഴക്കുഭാഗത്ത് കാനഡയും, വടക്കു ഭാഗത്ത് ആര്‍ട്ടിക്ക് മഹാസമുദ്രവും, പടിഞ്ഞാറും തെക്കും ഭാഗങ്ങളില്‍ പസഫിക്ക് മഹാസമുദ്രവും, പടിഞ്ഞാറു മാറി ബെറിംഗ് കടലിടുക്കിന്ന് കുറുകെ റഷ്യയും നിലകൊള്ളുന്നു. 6,98,473ത്തോളം അലാസ്‌ക നിവാസികളില്‍ ഏകദേശം പകുതിപേരും ആങ്കറേജ് മെട്രൊപൊളിറ്റന്‍ പ്രദേശത്ത് താമസിക്കുന്നു. 2009ലെ കണക്കനുസരിച്ച് അലാസ്‌കയാണ് യുഎസിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ സംസ്ഥാനം. ഇന്ന് ഇവിടെ 7,40,000 ജനങ്ങള്‍ പാര്‍ക്കുന്നു. ഇതില്‍ 1,20,000 തദ്ദേശീയരുണ്ട്.

Comments

comments

Categories: FK Special, World