ക്രെഡായ് നേതൃത്വത്തില്‍ 352 ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ വരുന്നു

ക്രെഡായ് നേതൃത്വത്തില്‍ 352 ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ വരുന്നു

2,03,851 വീടുകള്‍ നിര്‍മ്മിക്കുന്നതിന് 38,003 കോടി രൂപയാണ് നിക്ഷേപിക്കുന്നത്

ന്യൂ ഡെല്‍ഹി : രാജ്യത്തെ ബില്‍ഡര്‍മാരുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസ്സോസിയേഷന്‍സ് ഓഫ് ഇന്ത്യ (ക്രെഡായ്) 352 ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ആകെ 2,03,851 ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുന്നതിന് 38,003 കോടി രൂപയാണ് നിക്ഷേപിക്കുന്നത്. പതിനഞ്ച് ലക്ഷത്തിനും മുപ്പത് ലക്ഷം രൂപയ്ക്കുമിടയിലായിരിക്കും വീടുകള്‍ക്ക് വില. രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളിലെ 53 നഗരങ്ങളിലായാണ് 352 ഭവന പദ്ധതികള്‍ ഉയരുന്നത്.

2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് മുന്നിട്ടിറങ്ങിയ ക്രെഡായ് സംഘടനയെ അഭിനന്ദിക്കുന്നതായി ഭവന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര ഭവനകാര്യ-നഗര വികസന-ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മന്ത്രി എം വെങ്കയ്യ നായിഡു പറഞ്ഞു. ഈ ഭവന പദ്ധതികളിലെ വീടുകള്‍ വാങ്ങുന്നവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലെ ആനുകൂല്യങ്ങളെത്തിക്കുന്നതിന് തന്റെ മന്ത്രാലയത്തിന്റെയും കേന്ദ്ര ഏജന്‍സികളായ നാഷണല്‍ ഹൗസിംഗ് ബാങ്ക്, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (ഹഡ്‌കോ) എന്നിവയുടെയും പൂര്‍ണ്ണ സഹകരണമുണ്ടാകുമെന്നും മന്ത്രി ഉറപ്പുനല്‍കി.

352 പദ്ധതികളിലെ ആകെ വീടുകളില്‍ ഒരു ലക്ഷത്തിലധികം വീടുകള്‍ മഹാരാഷ്ട്രയിലും 41,921 വീടുകള്‍ ദേശീയ തലസ്ഥാന മേഖലയിലും 28,465 എണ്ണം ഗുജറാത്തിലും 7,037 വീടുകള്‍ കര്‍ണ്ണാടകയിലും 6,055 വീടുകള്‍ ഉത്തര്‍ പ്രദേശിലുമാണ് നിര്‍മ്മിക്കുന്നത്.

രാജ്യത്ത് രണ്ട് കോടി വീടുകളുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ക്രെഡായ്‌യുടെ പുതിയ പ്രസിഡന്റ് ജാക്‌സെ ഷാ പറഞ്ഞു. ജനങ്ങള്‍ക്ക് ഭവന വായ്പകള്‍ക്കും ബില്‍ഡര്‍മാര്‍ക്ക് നിര്‍മ്മാണ ചെലവുകള്‍ക്കുമായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ക്രെഡായ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് അടിസ്ഥാനസൗകര്യ പദവി നല്‍കിയിരുന്നു.

പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി നഗരപ്രദേശങ്ങളില്‍ ഇടത്തരം സാമ്പത്തിക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും വാര്‍ഷിക വരുമാനം പന്ത്രണ്ട് ലക്ഷം രൂപ വരെയുള്ളവരുമായവര്‍ ഭവന വായ്പയെടുക്കുമ്പോള്‍ നാല് ശതമാനം പലിശ സബ്‌സിഡിയും വാര്‍ഷിക വരുമാനം പതിനെട്ട് ലക്ഷം രൂപ വരെയുള്ളവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ വാര്‍ഷിക വരുമാനം പതിനെട്ട് ലക്ഷം രൂപ വരെയുള്ള സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന-താഴ്ന്ന വരുമാന-ഇടത്തരം വരുമാന വിഭാഗങ്ങളിലുള്ളവര്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴില്‍ വരും.

പിഎംഎവൈ പ്രകാരം നഗരപ്രദേശങ്ങളില്‍ ഇതുവരെ 17,73,052 ചെലവുകുറഞ്ഞ വീടുകള്‍ക്ക് നഗരവികസന-ഭവനകാര്യ മന്ത്രാലയം നിര്‍മ്മാണ അനുമതി നല്‍കി. മുപ്പത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമാണ് 95,660 കോടി രൂപ ചെലവഴിച്ചാണ് ഇത്രയും വീടുകള്‍ നിര്‍മ്മിക്കുന്നത്.

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നഗര പ്രദേശങ്ങളില്‍ ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം മുതല്‍ 2.35 ലക്ഷം രൂപ വരെ കേന്ദ്ര സഹായം ലഭിക്കും.

Comments

comments

Categories: Business & Economy