യുഎസ് പടക്കപ്പല്‍ ഉത്തര കൊറിയന്‍ തീരത്തേയ്ക്ക്

യുഎസ് പടക്കപ്പല്‍ ഉത്തര കൊറിയന്‍ തീരത്തേയ്ക്ക്

വാഷിംഗ്ടണ്‍: ഉത്തര കൊറിയ ലക്ഷ്യമാക്കി യുഎസിന്റെ ആക്രമണസന്നദ്ധമായ സേന പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലൂടെ നീങ്ങുന്നതായി യുഎസ് പസഫിക് കമാന്‍ഡ് വക്താവ് കമാന്‍ഡര്‍ ദേവ് ബെന്‍ഹാം ശനിയാഴ്ച പറഞ്ഞു. കൊറിയന്‍ ഉപദ്വീപില്‍ സജീവസാന്നിധ്യമാകുന്നതിനു വേണ്ടിയാണു നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്. കൊറിയന്‍ ഉപദ്വീപില്‍ ഏറ്റവും വലിയ ഭീഷണിയാണ് ഉത്തര കൊറിയയെന്ന് യുഎസ് കമാന്‍ഡര്‍ ദേവ് ബെന്‍ഹാം പറഞ്ഞു. ആണവായുധ ശേഷി കൈവരിക്കുന്നതിനായി കൂസലില്ലാതെ ആണവ പരീക്ഷണം നടത്തുകയാണ് ഉത്തര കൊറിയയെന്നും അദ്ദേഹം പറഞ്ഞു.

വിമാന വാഹിനിക്കപ്പലടക്കമുള്ള കാള്‍ വിന്‍സന്‍ എന്ന ആക്രമണ സേനയാണ് ഉത്തര കൊറിയ ലക്ഷ്യമാക്കി നീങ്ങിയത്. സിംഗപ്പൂരില്‍നിന്നുമാണ് കപ്പല്‍ പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലേക്ക് സഞ്ചരിച്ചത്. ആണവ പദ്ധതിയുമായി മുന്നേറുന്ന ഉത്തര കൊറിയയെ നിയന്ത്രിക്കാന്‍ ചൈന സമ്മര്‍ദ്ദം ചെലുത്തിയില്ലെങ്കില്‍ ആ ദൗത്യം യുഎസ് ഏറ്റെടുക്കുമെന്നു കഴിഞ്ഞയാഴ്ച പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥയ്ക്കിടെയാണു യുഎസ് സേന ഉത്തര കൊറിയ ലക്ഷ്യമായി നീങ്ങുന്നത്.

അതേസമയം വ്യാഴാഴ്ച സിറിയയില്‍ വ്യോമാക്രമണം നടത്തിയ യുഎസ് നടപടിയെ വിമര്‍ശിച്ച് ഉത്തര കൊറിയ രംഗത്തുവന്നു. സിറിയയിലേത് യുഎസിന്റെ അസഹിഷ്ണുത നിറഞ്ഞ കടന്നുകയറ്റമാണെന്ന് ഉത്തര കൊറിയ അഭിപ്രായപ്പെട്ടു.

Comments

comments

Categories: World