ജിയോയുടെ വിശദീകരണത്തില്‍ ട്രായ് അതൃപ്തി പ്രകടിപ്പിച്ചു

ജിയോയുടെ വിശദീകരണത്തില്‍ ട്രായ് അതൃപ്തി പ്രകടിപ്പിച്ചു

ട്രായ് മാനദണ്ഡങ്ങള്‍ അനുസരിക്കാതെയുള്ള നിലപാടാണ് സമ്മര്‍ സര്‍പ്രൈസ് ഓഫറില്‍ കൈകൊണ്ടതെന്ന ആരോപണത്തെ ജിയോ ഔദ്യോഗിക വൃത്തങ്ങള്‍ എതിര്‍ത്തു

ന്യൂഡെല്‍ഹി: സമ്മര്‍ സര്‍പ്രൈസ് ഓഫറുമായി ബന്ധപ്പെട്ട് റിലയന്‍സ് ജിയോ ഇന്‍ഫൊകോമിന്റെ വിശദീകരണത്തില്‍ ട്രായ് അതൃപ്തി പ്രകടിപ്പിച്ചു. നിരക്കടിസ്ഥാനത്തില്‍ പ്രഖ്യാപിച്ച 303 രൂപയുടെ ഓഫറിന് മൂന്ന് മാസത്തെ സേവനാനുകൂല്യം നല്‍കാനുള്ള ജിയോ തീരുമാനം ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടങ്ങള്‍ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ട്രായ് കമ്പനിയോട് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സമ്മര്‍ സര്‍പ്രൈസ് പ്ലാനില്‍ ജിയോയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ട്രായ് പറയുന്നത്.

ഏപ്രില്‍ ഒന്നിന് സൗജന്യ ഓഫറുകളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളില്‍ വിശദീകരണം നല്‍കാന്‍ ജിയോയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ 5ന് ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് യോഗം ചേരുകയും ചെയ്തിരുന്നു, 99 രൂപ റീചാര്‍ജിലൂടെ പ്രൈം അംഗത്വം നേടുന്നതിനൊപ്പം 303 രൂപയുടെ റീചാര്‍ജില്‍ പ്രഖ്യാപിച്ച ഓഫറുകളില്‍ മതിയായ കാരണങ്ങള്‍ വ്യക്തമാക്കാന്‍ യോഗത്തില്‍ കമ്പനിയോട് ആവശ്യപ്പെട്ടു-ട്രായ് സെക്രട്ടറി സുധീര്‍ ഗുപ്ത പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജിയോയ്ക്ക് സാധിച്ചിട്ടില്ലെന്നും ജിയോയുടെ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോംപ്ലിമെന്ററി ഓഫര്‍ സംബന്ധിച്ച് ട്രായ് ചട്ടങ്ങളില്‍ എവിടെയാണ് പരാമര്‍ശിച്ചിട്ടുള്ളത് എന്നതില്‍ ഉത്തരം നല്‍കാനും ജിയോയ്ക്ക് സാധിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ട്രായ് മാനദണ്ഡങ്ങള്‍ അനുസരിക്കാതെയുള്ള നിലപാടാണ് സമ്മര്‍ സര്‍പ്രൈസ് ഓഫറില്‍ കൈകൊണ്ടതെന്ന ആരോപണത്തെയും ജിയോ ഔദ്യോഗിക വൃത്തങ്ങള്‍ എതിര്‍ത്തു.

മാര്‍ച്ച് 31നാണ് ജിയോ തങ്ങളുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 15ന് മുന്‍പ് 303 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്ന വരിക്കാര്‍ക്ക് ജിയോയുടെ മറ്റ് ആപ്ലിക്കേഷനുകള്‍ സ്വന്തമാക്കുന്നതിനൊപ്പം മൂന്ന് മാസത്തെ സൗജന്യ ഡാറ്റ സേവനവും കമ്പനി പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് എല്ലാ സൗജന്യ ഓഫറുകളും അവസാനിക്കുമെന്നായിരുന്നു നേരത്തെ കമ്പനിയുടെ പ്രഖ്യാപനം. എന്നാല്‍ 170 ദിവസത്തിനുള്ളില്‍ കമ്പനി നേടിയ 120 മില്യണ്‍ വരിക്കാരെ പൂര്‍ണ്ണമായും നിലനിര്‍ത്താന്‍ കഴിയില്ലെന്ന അവസ്ഥ വന്നതോടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ച് പ്രൈം അംഗമാകാനുള്ള സമയപരിധി നീട്ടി നല്‍കുകയായിരുന്നു.

വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തന്ത്രമാണ് ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍. ഇന്ത്യന്‍ ടെലികോം രംഗത്ത് നിരക്ക് യുദ്ധം ശക്തമാക്കാനും ജിയോ ഓഫര്‍ കാരണമാകും. കൂടാതെ ലൈസന്‍സ് ഫീസിനത്തിലും സ്‌പെക്ട്രം വാടക ഇനത്തിലും സര്‍ക്കാരിന് കാര്യമായ വരുമാന നഷ്ടം ഉണ്ടാകുകയും ചെയ്യും. ഓഫര്‍ ആരംഭിക്കുന്നതിന് ഏഴ് ദിവസത്തിനു മുന്‍പ് പുതിയ താരിഫ് സ്‌കീം ട്രായ്ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ജിയോ ഇത് ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ കമ്പനിക്കെതിരെ നിയമ നടപടി (സുവോ മോട്ടോ നോട്ട്) സ്വീകരിക്കുമെന്നും ഗുപ്ത അറിയിച്ചു. പ്രത്യേക ഓഫര്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി ഏപ്രില്‍ 15 വരെ നീട്ടാന്‍ കഴിയില്ലെന്നും ഇതിനുള്ള സമയം കുറയ്ക്കണമെന്നുമാണ് ട്രായ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy