പ്രധാനമന്ത്രി ഭവന പദ്ധതിയില്‍ റിയല്‍റ്റി കമ്പനികള്‍ പങ്കാളികളായേക്കും

പ്രധാനമന്ത്രി ഭവന പദ്ധതിയില്‍ റിയല്‍റ്റി കമ്പനികള്‍ പങ്കാളികളായേക്കും

പ്രധാനമന്ത്രിയുടെ ഓഫീസ് സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു

ന്യൂ ഡെല്‍ഹി : പ്രധാനമന്ത്രി ആവാസ് യോജനയില്‍ റിയല്‍റ്റി കമ്പനികള്‍ പങ്കാളികളായേക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം സ്വകാര്യ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു. 2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം നിറവേറ്റുന്നതിന് സ്വകാര്യ ബില്‍ഡര്‍മാരെ ഏതെല്ലാം വിധത്തില്‍ പങ്കെടുപ്പിക്കാമെന്നതാണ് യോഗത്തില്‍ ചര്‍ച്ചയായത്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയാണ് യോഗം വിളിച്ചുചേര്‍ത്തത്. ചെലവുകുറഞ്ഞ ഭവനങ്ങള്‍ക്കുള്ള പലിശ സബ്‌സിഡി ഏറ്റവും ആവശ്യമുള്ളവര്‍ക്ക് ആദ്യം എങ്ങനെ നല്‍കാമെന്ന് യോഗം ചര്‍ച്ച ചെയ്തു. ചെലവുകുറഞ്ഞ ഭവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിന് പൊതു സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) പദ്ധതികള്‍ എങ്ങനെ നടപ്പാക്കാമെന്നതും അജണ്ടയായിരുന്നു.

ബ്രിട്ടീഷുകാരില്‍നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ല്‍ എല്ലാവര്‍ക്കും വീട് ലഭ്യമാക്കാനാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ (CREDAI), നാഷണല്‍ റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ (NAREDCO) എന്നിവയുടെ പ്രതിനിധികളും ടാറ്റ ഹൗസിംഗ് അധികൃതരും യോഗത്തില്‍ പങ്കെടുത്തു.

ചെറിയ നഗരങ്ങളില്‍ പ്രോജക്റ്റുകള്‍ ആരംഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ യോഗത്തില്‍ ഉന്നയിച്ചു. പിഎംഎവൈ പദ്ധതിയിലെ നിബന്ധനകളാണ് ഇവര്‍ ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ ചില ഇളവുകള്‍ അനുവദിക്കണമെന്ന് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ക്ക് ഈ വര്‍ഷത്തെ ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാനസൗകര്യ പദവി നല്‍കിയിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന വഴി എടുക്കുന്ന വായ്പകള്‍ക്ക് ഡിസംബര്‍ 31 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാല് ശതമാനം വരെ പലിശ സബ്‌സിഡിയും പ്രഖ്യാപിച്ചു. പിഎംഎവൈ പദ്ധതിയില്‍ പാവങ്ങള്‍ക്കായി ഗ്രാമീണ മേഖലകളില്‍ 33 ശതമാനം അധികം വീടുകള്‍ നിര്‍മ്മിക്കുമെന്നും പുതുവല്‍സരതലേന്ന് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.

കൂടാതെ, നഗരപ്രദേശങ്ങളില്‍ ഒമ്പത് ലക്ഷം രൂപ വരെയുള്ള ഭവന വായ്പകള്‍ക്ക് നാല് ശതമാനം പലിശ സബ്‌സിഡിയും 12 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3 ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. ഗ്രാമീണ മേഖലകളില്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് മൂന്ന് ശതമാനം പലിശയിളവാണ് നല്‍കുന്നത്.

സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വര്‍ഷങ്ങളായിട്ടും ദശലക്ഷകണക്കിന് പാവപ്പെട്ടവര്‍ക്ക് സ്വന്തം വീടില്ലെന്ന് മോദി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് കള്ളപ്പണം കുമിഞ്ഞുകൂടിയപ്പോള്‍ സാധാരണക്കാര്‍ക്ക് വീട് എന്നത് സ്വപ്‌നം മാത്രമായി അവശേഷിച്ചുവെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി.

Comments

comments

Categories: Business & Economy