ഇന്ത്യയില്‍ ശരിയ ബാങ്കിംഗ് ആരംഭിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ആര്‍ബിഐ

ഇന്ത്യയില്‍ ശരിയ ബാങ്കിംഗ് ആരംഭിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശരിയ അല്ലെങ്കില്‍ പലിശരഹിത ബാങ്കിംഗ് ആരംഭിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).ഇസ്ലാമില്‍ പലിശ ഈടാക്കുന്ന സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. പലിശരഹിത ആശയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ധനകാര്യ സംവിധാനമാണ് ഇസ്ലാമിക് അല്ലെങ്കില്‍ ശരിയാ ബാങ്കിംഗ്.

ഇസ്ലാമിക് ബാങ്ക് രാജ്യത്ത് ആരംഭിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയില്‍ നിലവിലുള്ള ബാങ്കുകളില്‍ ‘ഇസ്‌ലാമിക് വിന്‍ഡോ’ തുടങ്ങണമെന്ന് ആര്‍ബിഐ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ബാങ്കുകളില്‍ ഇസ്ലാമിക് വിന്‍ഡോ ആരംഭിക്കുന്നതിനായി ഒരുനടപടികയും തങ്ങള്‍ എടുത്തിട്ടില്ലെന്ന് ഒരു വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായി ആര്‍ബിഐ പ്രതികരിച്ചു. പലിശരഹിത ബാങ്കിംഗ് നടപ്പാക്കുന്നതിന് സമയപരിധി നല്‍കിയിട്ടില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി.

എന്നല്‍ രാജ്യത്ത് പലിശരഹിത ബാങ്ക് ആരംഭിക്കുന്നതിന്റെ നിയമ, സാങ്കേതിക, നിയന്ത്രണ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രാലയത്തിന്റെ ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗ്രൂപ്പ് (ഐഡിജി) കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ആര്‍ബിഐ പ്രശ്‌നങ്ങളില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ പകര്‍പ്പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഐഡിജിയ്ക്ക് ആര്‍ബിഐ അയച്ചിരുന്നു.

ഇന്ത്യയില്‍ ശരിയാ ബാങ്കിംഗ് അപരിചിതമായതിനാല്‍ ഘട്ടംഘട്ടമായി നടപ്പാക്കണമെന്നാണ് ആര്‍ബിഐയുടെ അഭിപ്രായം. സാമ്പത്തിക വിനിമയങ്ങളിലെ ഇസ്ലാമിക നിബന്ധനകളും സങ്കീര്‍ണ്ണതയും വിവിധ നിയന്ത്രണങ്ങളും മേല്‍നോട്ട വെല്ലുവിളികളും അതുമായി പരിചയമില്ലാത്ത ഇന്ത്യന്‍ ബാങ്കുകളില്‍ നടപ്പാക്കുന്നത് ശ്രമകരമാകുമെന്നും ആര്‍ബിഐ ധനന്ത്രാലയത്തിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2008ല്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കായുള്ള കമ്മിറ്റി പലിശരഹിത ബാങ്കിംഗ് സംവിധാനത്തിന് പിന്തുണ നല്‍കിയിരുന്നു.

Comments

comments

Categories: Banking, Top Stories