രൂപപ്പെടുന്നു ട്രംപ് സിദ്ധാന്തം

രൂപപ്പെടുന്നു ട്രംപ് സിദ്ധാന്തം

നിരവധി അന്താരാഷ്ട്ര വെല്ലുവിളികളെയാണു യുഎസ് പ്രസിഡന്റ് ട്രംപ് കഴിഞ്ഞയാഴ്ച അഭിമുഖീകരിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇടപെട്ടതു മുതല്‍ ഏഷ്യന്‍ ശക്തിയുമായി പുതിയ നയതന്ത്രം രൂപപ്പെടുത്തിയെടുക്കുന്നതു വരെ, വൈവിധ്യം നിറഞ്ഞതായിരുന്നു വെല്ലുവിളികള്‍. ഇവയെ നേരിട്ടതിലൂടെ തന്റെ വിദേശനയം നിശ്ചിതമല്ലെന്നും അത് ബഹുമുഖമാണെന്നു(flexible) വ്യക്തമാക്കുന്നതുമായി. തന്റെ നയം ഏതെങ്കിലുമൊരു സിദ്ധാന്തത്തില്‍ ബന്ധപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് വ്യക്തമാക്കുന്നു.

ഓരോ ഭരണാധികാരികളും അവരുടെ ഭരണകാലയളവില്‍ ചില നയങ്ങള്‍ രൂപീകരിക്കാറുണ്ട്. ആ നയങ്ങള്‍ അവരുടെ പേരില്‍ അറിയപ്പെടുന്നതും പതിവാണ്. ട്രംപിന്റെ മുന്‍ഗാമി ഒബാമയ്ക്കുണ്ടായിരുന്നു നയങ്ങള്‍. ബുഷിനും ബില്‍ ക്ലിന്റനുമുണ്ടായിരുന്നു നയങ്ങള്‍. അവയെല്ലാം ഒബാമ സിദ്ധാന്തമെന്നും (obama doctrine), ബുഷ് സിദ്ധാന്തമെന്നും ( bush doctrine ), ക്ലിന്റന്‍ സിദ്ധാന്തമെന്നും (clinton doctrine) അറിയപ്പെട്ടു. പക്ഷേ ട്രംപ് ഇക്കാര്യത്തില്‍ വ്യത്യസ്തനാവുകയാണ്. ഒരു സിദ്ധാന്തത്തെയും പിന്തുടരാതിരിക്കുക എന്നതാകുന്നു ട്രംപിന്റെ സിദ്ധാന്തം.

കഴിഞ്ഞയാഴ്ച വിദേശരാഷ്ട്ര തലവന്‍മാരെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു ട്രംപ്. ഈജിപ്റ്റ് പ്രസിഡന്റ് ജനറല്‍ അബ്ദേല്‍ ഫത്താഹ് അല്‍-സിസി, ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങ് തുടങ്ങിയവരായിരുന്നു വൈറ്റ് ഹൗസില്‍ ട്രംപിന്റെ അതിഥികള്‍. രണ്ട് പ്രമുഖ രാഷ്ട്ര തലവന്‍മാര്‍ക്കു സ്വീകരണമൊരുക്കിയും, വിരുന്നൊരുക്കിയും, അവരുമായി ചര്‍ച്ചകള്‍ നടത്തിയും തിരക്കിലായിരുന്നു ട്രംപ്. എന്നാല്‍ ഈ തിരക്കുകള്‍ക്കിടയിലും സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനെതിരേ സൈനിക നടപടിക്ക് ഉത്തരവിടാന്‍ ട്രംപ് സമയം കണ്ടെത്തി. ഇതിലൂടെ അദ്ദേഹം ശക്തമായൊരു സന്ദേശം ലോക നേതാക്കള്‍ക്കു നല്‍കി. പുതിയ യുഗത്തില്‍ അമേരിക്ക എങ്ങനെ ലോകത്തെ നയിക്കുമെന്നു ചോദിച്ചവര്‍ക്കും സംശയം പ്രകടിപ്പിച്ചവര്‍ക്കുമുള്ള ഉത്തരമായിരുന്നു ട്രംപ് നല്‍കിയ സന്ദേശം.

ഒരു പൗരന്‍ എന്ന നിലയിലും യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി എന്ന നിലയിലും സിറിയന്‍ യുദ്ധം അമേരിക്കയുടെ തലവേദനയായി കരുതിയിരുന്ന വ്യക്തിയായിരുന്നില്ല ട്രംപ്. മാത്രമല്ല, റഷ്യയെ സുഹൃദ് രാജ്യമായും ചൈനയെ ശത്രുവായും കരുതാനായിരുന്നു ട്രംപിനു ഏറെ താത്പര്യം. എന്നാല്‍ പ്രസിഡന്റായതോടെ ട്രംപിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റം പ്രകടമായിരിക്കുന്നു. സിറിയയില്‍ യുഎസ് വ്യോമാക്രമണം നടത്തിയത് ട്രംപില്‍ പ്രകടമായ മാറ്റത്തിന്റെ ആദ്യ ഉദാഹരണമാണ്. ഈ നടപടി റഷ്യയെ പ്രകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സിറിയയില്‍ വ്യോമാക്രമണം നടത്തിയ ദിവസം തന്നെയായിരുന്നു, അതായത് ഈ മാസം ആറാം തീയതി വ്യാഴാഴ്ചയാണു ഫ്‌ളോറിഡയില്‍ ട്രംപ് ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിനു വിരുന്നൊരുക്കിയത്. ഇതു കൂടാതെ മറ്റൊരു വൈരുദ്ധ്യവും കൂടി ട്രംപിന്റെ കഴിഞ്ഞയാഴ്ചയിലെ നയങ്ങളില്‍ പ്രകടമാവുകയുണ്ടായി. അത് അദ്ദേഹത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലായിരുന്നു. വൈറ്റ് ഹൗസില്‍ ട്രംപിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ് സ്റ്റീഫന്‍ കെ. ബാനന്‍.

സിറിയ ഉള്‍പ്പെടെയുള്ള മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് ട്രംപ് സമീപകാലത്തു പുറത്തിറക്കിയ ഉത്തരവുകള്‍ ബാനന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു. ഇത്തരത്തില്‍ ട്രംപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ബാനനെ പരസ്യമായി എതിര്‍ത്തു കൊണ്ട് ട്രംപ് രംഗത്തുവരികയുണ്ടായി.

റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന്റെ വാക്കുകള്‍ കേട്ട് പ്രവര്‍ത്തിക്കുന്ന വെറുമൊരു കളിപ്പാവയാണ് ട്രംപ് എന്നു വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയായി സിറിയയില്‍ ആക്രമണം നടത്താനുള്ള ട്രംപിന്റെ തീരുമാനം. പക്ഷേ ഇത്തരം നടപടികളിലൂടെ ട്രംപ് റഷ്യയോടു കൂടുതല്‍ കാര്‍ക്കശ്യം പുലര്‍ത്തുമെന്നോ ചൈനയുമായി കൂടുതല്‍ സൗഹൃദം പുലര്‍ത്തുമെന്നോ ധരിക്കേണ്ടതില്ല. അമേരിക്കന്‍ വിപണിയില്‍ ചൈന പോലുള്ള രാജ്യങ്ങള്‍ പുലര്‍ത്തുന്ന സ്വാധീനമില്ലാതാക്കാന്‍ വരും ദിവസങ്ങളില്‍ ട്രംപ് സുപ്രധാന ഉത്തരവ് പുറപ്പെടുവിക്കാനിരിക്കുകയാണ്. ഇതു സംബന്ധിച്ച ഉത്തരവിന്റെ കരട് രൂപം വൈറ്റ് ഹൗസ് തയാറാക്കി വച്ചിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരം.

അതോടൊപ്പം സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പ്രകോപിതരായിരിക്കുന്ന റഷ്യയെ തണുപ്പിക്കാന്‍ നാളെ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേഴ്‌സന്‍ മോസ്‌കോ സന്ദര്‍ശിക്കാനിരിക്കുകയാണ്. സിറിയയില്‍ ഐഎസിനെതിരേ പോരാടുന്ന റഷ്യയ്ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കുകയാണ് ടില്ലേഴ്‌സന്റെ സന്ദര്‍ശനത്തിലെ പ്രധാന അജന്‍ഡ. ഇത്തരം ഉദാഹരണങ്ങള്‍ മതി അമേരിക്കന്‍ ബുദ്ധിയും കൗശലതയും മനസിലാക്കാന്‍. ഒരുവശത്ത് സ്വീകരിച്ച് വിരുന്നൊരുക്കിയതിനു ശേഷം പ്രഹരിക്കും. മറുവശത്ത് പ്രഹരിച്ചു കഴിഞ്ഞതിനു ശേഷം സമാധാനത്തിന്റെ ദൂതനായി പ്രത്യക്ഷപ്പെടുകയും ചെയ്യും.

കഴിഞ്ഞയാഴ്ച സിറിയയ്‌ക്കെതിരേ ആക്രമണം നടത്താന്‍ ട്രംപ് ഉത്തരവിട്ടപ്പോള്‍ റഷ്യയും ഇറാനും ഒഴികെയുള്ള ആഗോള സമൂഹം ട്രംപിന്റെ നടപടിയെ സ്വാഗതം ചെയ്യുകയും പ്രശംസിക്കുകയുമുണ്ടായി. പക്ഷേ വ്യാഴാഴ്ച കഴിഞ്ഞുള്ള ദിവസങ്ങളില്‍ ഒരിക്കല്‍ പോലും ട്രംപ് സിറിയയ്‌ക്കെതിരേയോ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിനെതിരേയോ ഒരു വാക്കു പോലും എതിര്‍ത്തു പറയുകയുണ്ടായില്ല. എന്തിനും ഏതിനും ട്വിറ്ററില്‍ കുറിപ്പിടുന്ന ട്രംപ്, സിറിയന്‍ വിഷയത്തില്‍ കുറിപ്പിട്ടില്ല. എല്ലാ ശനിയാഴ്ചയും യുഎസ് പ്രസിഡന്റുമാര്‍ രാജ്യത്തെ അഭിസംബോധന ചെയ്യാറുണ്ട്. ഇത്തരത്തില്‍ ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ സിറിയ പരാമര്‍ശ വിഷയമായതുമില്ല.

ഇതിലൂടെ ട്രംപ് താനൊരു ബഹുമുഖ (flexible) വ്യക്തിത്വത്തിന് ഉടമയാണെന്നു ബോദ്ധ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അദ്ദേഹം ആരുടെയും ശത്രുത സമ്പാദിക്കാന്‍ താത്പര്യപ്പെടുന്നില്ല. ഈ ബഹുമുഖ വ്യക്തിത്വമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ട്രംപിന്റെ വളര്‍ച്ചയ്ക്കു കാരണമായതും. എതിരാളികളും വിമര്‍ശകരും അദ്ദേഹത്തെ താന്തോന്നിയെന്നു വിശേഷിപ്പിക്കുന്നുണ്ടാവാം.

അത്തരം വിശേഷണങ്ങള്‍ക്കൊന്നും പക്ഷേ ട്രംപ് ചെവി കൊടുക്കാറില്ലെന്നതാണു സത്യം. മാത്രമല്ല ഇത്തരം വിശേഷണം നന്നായി പ്രവര്‍ത്തിച്ചത് വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ യാത്ര സുഗമമാക്കുകയായിരുന്നു. സിറിയയില്‍ കഴിഞ്ഞയാഴ്ച ആക്രമണം നടത്താന്‍ ഉത്തരവിട്ടതിലൂടെ ട്രംപിന്റെ നയങ്ങള്‍ പ്രവചനാതീതമെന്നു തെളിയിക്കപ്പെട്ടിരിക്കുയാണ്. ഇത്തരം നയങ്ങളും അപകടരമായിട്ടാണ് നയതന്ത്ര സമൂഹം വിലയിരുത്തുന്നത്.

Comments

comments

Categories: World