വെനസ്വേലയില്‍ മദൂറോയ്‌ക്കെതിരേ വന്‍ പ്രതിഷേധം : ആയിരങ്ങള്‍ തെരുവിലിറങ്ങി

വെനസ്വേലയില്‍ മദൂറോയ്‌ക്കെതിരേ വന്‍ പ്രതിഷേധം : ആയിരങ്ങള്‍ തെരുവിലിറങ്ങി

കരാക്കസ്(വെനസ്വേല): വെനസ്വേലയില്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം അലങ്കരിക്കുന്നതില്‍നിന്നും ഹെന്റി കാപ്രിലസിനെ 15 വര്‍ഷത്തേയ്ക്ക് നീക്കം ചെയ്ത പ്രസിഡന്റ് നിക്കോളാസ് മദൂറോയുടെ നടപടിക്കെതിരേ വന്‍ പ്രതിഷേധം. വെള്ളിയാഴ്ചയാണ് കാപ്രിലസിനെ നീക്കം ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചു ശനിയാഴ്ച തലസ്ഥാന നഗരമായ കരാക്കസില്‍ ആയിരക്കണക്കിനു യുവാക്കള്‍ തെരുവിലിറങ്ങി.

സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേല. ഇവിടെ തൊഴിലില്ലായ്മയും പട്ടിണിയും ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. പ്രസിഡന്റ് മദൂറോയുടെ ദുര്‍ഭരണമാണ് ഇതിനു കാരണമെന്ന് ആരോപിച്ച് കാപ്രിലസിന്റെ നേതൃത്വത്തില്‍ നിരവധി സമരങ്ങള്‍ കരാക്കസില്‍ അരങ്ങേറുന്നുണ്ട്.

മാത്രമല്ല 2019ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മദൂറോയ്‌ക്കെതിരേ മത്സരിക്കാനിരിക്കുകയാണ് കാപ്രിലസ്. നിലവിലെ സാഹചര്യത്തില്‍ കാപ്രിലസ് വിജയിക്കാനാണു സാധ്യത. ഇതു മുന്നില്‍ കണ്ടാണു മദൂറോ കാപ്രിലസിനെതിരേ നീങ്ങിയതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. 2013ല്‍ ഹ്യൂഗോ ഷാവേസ് അന്തരിച്ചതിനെ തുടര്‍ന്നു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മദൂറോയ്‌ക്കെതിരേ മത്സരിച്ചെങ്കിലും കാപ്രിലസ് പരാജയപ്പെടുകയായിരുന്നു.

Comments

comments

Categories: World