ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫോമാന്റെ ഇന്ത്യയില്‍

ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫോമാന്റെ ഇന്ത്യയില്‍

ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില 3.97 കോടി രൂപ

ന്യൂ ഡെല്‍ഹി : ഇറ്റാലിയന്‍ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ലോംബോര്‍ഗിനി പുതിയ ഹുറാകാനായ ലംബോര്‍ഗിനി ഹുറാകാന്‍ പെര്‍ഫോമാന്റെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 3.97 കോടി രൂപയാണ് ഡെല്‍ഹിയിലെ എക്‌സ്-ഷോറൂം വില. ഈ വര്‍ഷത്തെ ജനീവ മോട്ടോര്‍ ഷോയിലാണ് ഹുറാകാന്‍ പെര്‍ഫോമാന്റെ അനാവരണം ചെയ്തത്. ആഗോളതലത്തില്‍ അനാവരണം ചെയ്ത് ഒരു മാസത്തിനുള്ളിലാണ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്.

ഭാരം കുറയ്ക്കുന്ന സാങ്കേതികവിദ്യകള്‍, ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തോടെ പുതിയ ഷാസി സെറ്റപ്പ്, പുതിയ പവര്‍ട്രെയ്ന്‍ എന്നീ സവിശേഷതകള്‍ ഹുറാകാന്‍ പെര്‍ഫോമാന്റെയിലുണ്ടെന്നാണ് ലംബോര്‍ഗിനി അവകാശപ്പെടുന്നത്.

ഹൈബ്രിഡ് അലുമിനിയം ആന്‍ഡ് കാര്‍ബണ്‍ ഫൈബര്‍ ഫ്രെയിമിലാണ് ഈ സ്‌പോര്‍ട്‌സ്‌കാര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ലംബോര്‍ഗിനിയുടെ ഫോര്‍ജ്ഡ് കോമ്പോസിറ്റ് സാങ്കേതികവിദ്യ അലുമിനിയവുമായി സംയോജിപ്പിച്ചാണ് ബോഡി നിര്‍മ്മിച്ചത്.

ഫ്രണ്ട്, റിയര്‍ സ്‌പോയ്‌ലര്‍, എന്‍ജിന്‍ ബോണറ്റ്, റിയര്‍ ബംപര്‍, എയ്‌റോഡൈനാമിക് ഡിഫ്യൂസര്‍ എന്നിവയെല്ലാം ഫോര്‍ജ്ഡ് കോംപോസിറ്റ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്നു. ഇത് കാറിന്റെ ഭാരം നാല്‍പ്പത് കിലോഗ്രാം കുറയുന്നതിന് സഹായിച്ചു.

റേസര്‍-ബ്ലേഡ് പോലെയാണ് കാറിന്റെ മുഖം ഡിസൈന്‍ ചെയ്തിരിക്കുന്നത്. എയര്‍ ഇന്‍ടേക്കുകളും സ്പ്ലിറ്ററും സ്‌പോര്‍ട്‌സ് കാറിന് അഗ്രസീവ് ലുക്ക് നല്‍കുന്നു.

V10 എന്‍ജിന്‍ 640 എച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമേകും. 1,382 കിലോഗ്രാമാണ് കാറിന്റെ ഡ്രൈ വെയ്റ്റ്. ഡെലിവറി എത്രയും വേഗം തുടങ്ങും.

Comments

comments

Categories: Auto, Trending