ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന ആറ് ലക്ഷം കടന്നു

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന ആറ് ലക്ഷം കടന്നു

ആകെ 6,04,009 ജാഗ്വാര്‍ ലാന്‍ഡ് റോവറുകളാണ് ഇതുവരെ വിറ്റുപോയത്

ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റീട്ടെയ്ല്‍ വില്‍പ്പന കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യമായി ആറ് ലക്ഷം യൂണിറ്റ് കടന്നു. സാമ്പത്തിക വര്‍ഷം അവസാനിച്ച മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഫയലിംഗിലാണ് കമ്പനി ഇക്കാര്യമറിയിച്ചത്.

ചൈനയിലെ സംയുക്ത സംരംഭത്തിനുകീഴിലെ വില്‍പ്പന ഉള്‍പ്പെടെ ആകെ 6,04,009 ജാഗ്വാര്‍ ലാന്‍ഡ് റോവറുകളാണ് ഇതുവരെ വിറ്റുപോയത്. 2016-17 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 16 ശതമാനം വളര്‍ച്ചയും നേടി.

നാലാം പാദത്തില്‍ 1,79,509 ജാഗ്വാര്‍ ലാന്‍ഡ് റോവറുകളാണ് വിറ്റത്. 2015-16 നാലാം പാദത്തിനേക്കാള്‍ 13 ശതമാനം കൂടുതലാണിത്. മാര്‍ച്ച് മാസത്തില്‍ മാത്രം 90,838 വാഹനങ്ങള്‍ വിറ്റുപോയി. 2016 മാര്‍ച്ചിനേക്കാള്‍ 21 ശതമാനം വര്‍ധന.

വിവിധ രാജ്യങ്ങളില്‍ 2016-17 സാമ്പത്തിക വര്‍ഷം മുന്‍ വര്‍ഷത്തേക്കാള്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. ചൈനയില്‍ 32 ശതമാനവും വടക്കേ അമേരിക്കയില്‍ 24 ശതമാനവും യുകെയില്‍ 16 ശതമാനവും യൂറോപ്പില്‍ 13 ശതമാനവുമാണ് വില്‍പ്പന വര്‍ധിച്ചത്.

തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വില്‍പ്പന വളര്‍ച്ച കരസ്ഥമാക്കുന്നതെന്ന് സെയ്ല്‍സ് ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ആന്‍ഡി ഗോസ് പറഞ്ഞു. ചൈന, വടക്കേ അമേരിക്ക തുടങ്ങിയ പ്രധാന വിപണികളിലെ വില്‍പ്പന വളര്‍ച്ച തുടര്‍ക്കഥയാണെന്നും ജാഗ്വാര്‍ എഫ്-പേസ്, റേഞ്ച് റോവര്‍ ഇവോക്, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്ട് എന്നീ മോഡലുകളുടെ വിപണിയിലെ ആവശ്യകതയില്‍ ആവേശം ഒട്ടും ചോര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനി മൂന്ന് പുതിയ കാറുകള്‍ പുറത്തിറക്കി. നിലവിലെ മോഡലുകള്‍ മികച്ച വളര്‍ച്ചയാണ് കരസ്ഥമാക്കുന്നത്. ജാഗ്വാര്‍ ഇപ്പോള്‍ യൂറോപ്പില്‍ അതിവേഗം വളരുന്ന കാര്‍ ബ്രാന്‍ഡ് ആണെന്നും ഗോസ് പറഞ്ഞു.

2016-17 സാമ്പത്തിക വര്‍ഷം 1,72,848 ജാഗ്വാര്‍ വാഹനങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷത്തേക്കാള്‍ 83 ശതമാനം വര്‍ധന. F-PACE, XE, XF, ചൈനാ സംയുക്ത സംരംഭത്തിലെ XFL എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരുണ്ടായത്. നാലാം പാദത്തില്‍ 53,972 ജാഗ്വാര്‍ വാഹനങ്ങള്‍ വിറ്റു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 81 ശതമാനം വര്‍ധന. മാര്‍ച്ചില്‍ വിറ്റത് 27,820 ജാഗ്വാര്‍ വാഹനങ്ങള്‍. 2016 മാര്‍ച്ചിനേക്കാള്‍ 83 ശതമാനം വില്‍പ്പന വളര്‍ച്ച.

ഇതേ സാമ്പത്തിക വര്‍ഷം 4,31,161 ലാന്‍ഡ് റോവറുകളാണ് വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ ഒരു ശതമാനം മാത്രം വര്‍ധന. ഫെബ്രുവരിയില്‍ പുറത്തിറക്കിയ ഡിസ്‌കവറി ഇതുവരെ 4,862 യൂണിറ്റ് വിറ്റു. നാലാം പാദത്തില്‍ 1,25,537 ലാന്‍ഡ് റോവറുകളാണ് വിറ്റുപോയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 2.7 ശതമാനം കുറവാണിത്. മാര്‍ച്ച് മാസത്തില്‍ 63,018 ലാന്‍ഡ് റോവറുകള്‍ വിറ്റു. 2016 മാര്‍ച്ചിനേക്കാള്‍ 4.8 ശതമാനം വര്‍ധന.

ലാന്‍ഡ് റോവര്‍ കഴിഞ്ഞ മാസം റേഞ്ച് റോവര്‍ വെലാര്‍ പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Auto