ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഈ വര്‍ഷം പത്ത് പുതിയ കാറുകള്‍ വിപണിയിലെത്തിക്കും

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഈ വര്‍ഷം പത്ത് പുതിയ കാറുകള്‍ വിപണിയിലെത്തിക്കും

കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന കാര്യവും ആലോചിക്കും

ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ വെലാര്‍ ഉള്‍പ്പെടെ പത്ത് പുതിയ മോഡലുകള്‍ അവതരിപ്പിക്കും. വില്‍പ്പന വളര്‍ച്ചയുടെ വേഗം വര്‍ദ്ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യുന്ന കാര്യവും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ആലോചിക്കും.

ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യാ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് പ്രസിഡന്റ് രോഹിത് സൂരി വ്യക്തമാക്കി. ലക്ഷ്യം നേടുന്നതിന് ഈ വര്‍ഷം കമ്പനി പത്ത് മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ മാസാവസാനത്തോടെ ജാഗ്വാര്‍ XE സെഡാന്റെ ഡീസല്‍ വേര്‍ഷന്‍ പുറത്തിറക്കും. വര്‍ഷാവസാനത്തോടെ പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറിയും പുതിയ വെലാറും അവതരിപ്പിക്കും.

ജാഗ്വാര്‍ XE യുടെ പെട്രോള്‍ വേരിയന്റ് ഇന്ത്യയിലുണ്ടെന്നും എന്നാല്‍ ഡീസല്‍ വകഭേദത്തിനുള്ള ആവശ്യകത കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും രോഹിത് സൂരി പറഞ്ഞു. നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ പ്രയാസം നേരിട്ടെങ്കിലും ജനുവരി മുതല്‍ മാര്‍ച്ച് വരെ വില്‍പ്പന ഉഷാറായിരുന്നു.

സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇന്ത്യയില്‍ കൂടുതല്‍ മോഡലുകളുടെ അസംബ്ലിംഗ് നടത്താമെന്ന് തീരുമാനിച്ചത്. നിലവില്‍ അഞ്ച് മോഡലുകളുടെ അസംബ്ലിംഗ് ഇന്ത്യയിലാണ് നടത്തുന്നത്. എണ്ണം വര്‍ധിപ്പിച്ചാല്‍ കമ്പനിക്ക് അത് നേട്ടമാകും.

വെലാര്‍ മോഡല്‍ സമീപ ഭാവിയില്‍ ഇന്ത്യയില്‍ അസംബ്ള്‍ ചെയ്യില്ലെന്ന് സൂരി വ്യക്തമാക്കി. വെലാര്‍ ഇന്ത്യയില്‍ പുറത്തിറക്കി വിപണിയിലെ പ്രതികരണം അറിഞ്ഞശേഷമേ ഇന്ത്യയില്‍ അസംബ്ലിംഗ് നടത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും രോഹിത് സൂരി പറഞ്ഞു.

Comments

comments

Categories: Auto