ഇസ്‌റോ സ്വകാര്യ കമ്പനികള്‍ക്ക് ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ കൈമാറും

ഇസ്‌റോ സ്വകാര്യ കമ്പനികള്‍ക്ക് ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ കൈമാറും

വാഹന നിര്‍മ്മാണ കമ്പനികളും ബാറ്ററി നിര്‍മ്മാതാക്കളും പൊതുമേഖലാ സ്ഥാപനങ്ങളും ഇസ്‌റോയെ സമീപിച്ചു

ന്യൂ ഡെല്‍ഹി : സ്വകാര്യ കമ്പനികള്‍ക്ക് ഉള്‍പ്പെടെ ലിഥിയം-അയണ്‍ ബാറ്ററി സാങ്കേതികവിദ്യ അനുവദിക്കാന്‍ ബഹിരാകാശ ഏജന്‍സിയായ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തദ്ദേശീയ ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കാന്‍ താല്‍പ്പര്യമുള്ള സ്വകാര്യ മേഖലയിലേതുള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് സാങ്കേതികവിദ്യ കൈമാറാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങളും മറ്റും ഇസ്‌റോ വേഗം തന്നെ തയ്യാറാക്കും.

ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ഉയര്‍ന്ന ശേഷിയുള്ള (high-power) ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് ഇസ്‌റോയ്ക്ക് കീഴിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചത്. വാഹനങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ തദ്ദേശീയ സാങ്കേതികവിദ്യാ ബാറ്ററികള്‍ വിജയകരമാണെന്നും കണ്ടെത്തി. ഉപഗ്രഹങ്ങള്‍ക്കും ലോഞ്ച് വെഹിക്ക്ള്‍ ആപ്ലിക്കേഷനുകള്‍ക്കും വേണ്ടി ഇസ്‌റോ നേരത്തെ സമാനമായ ബാറ്ററികള്‍ വികസിപ്പിച്ചിരുന്നു.

അര ഡസനിലധികം പ്രമുഖ വാഹന നിര്‍മ്മാണ കമ്പനികളും ബാറ്ററി നിര്‍മ്മാതാക്കളും പൊതുമേഖലാ സ്ഥാപനങ്ങളും ഇതിനകം ഇസ്‌റോയെ സമീപിച്ചിട്ടുണ്ട്. മഹീന്ദ്ര, റെനോ, ഹ്യുണ്ടായ്, നിസ്സാന്‍, ടാറ്റ മോട്ടോഴ്‌സ്, ഹൈ എനര്‍ജി ബാറ്ററീസ്, ഭെല്‍, ഇന്ത്യന്‍ ഓയില്‍ തുടങ്ങിയ കമ്പനികളാണ് തദ്ദേശീയ ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് താല്‍പ്പര്യം പ്രകടിപ്പിച്ചത്.

ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇസ്‌റോയുടെ സഹായം തേടിയത്. ഇതുവഴി കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് ഉയര്‍ന്ന ശേഷിയുള്ള തദ്ദേശീയ ലിഥിയം-അയണ്‍ ബാറ്ററി ലഭ്യമാക്കാന്‍ കഴിയുമെന്നും നിതിന്‍ ഗഡ്കരി കണക്കകൂട്ടി.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം-അയണ്‍ ബാറ്ററികള്‍ ഇപ്പോള്‍ ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ വിലയും കൂടുതലാണ്.

ഇത്തരം ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിന് ഇസ്‌റോയും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡും (ഭെല്‍-BHEL) എത്രയും വേഗം ധാരണാപത്രം ഒപ്പുവെയ്ക്കും. വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം നടത്തുന്നതിന് താല്‍പ്പര്യമുള്ള സ്വകാര്യ കമ്പനികള്‍ക്കും സാങ്കേതികവിദ്യ ലഭ്യമാക്കണമെന്ന് കാബിനറ്റ് സെക്രട്ടറി ഇസ്‌റോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്ഥാപനം മാത്രം ഇത്തരം ബാറ്ററികള്‍ നിര്‍മ്മിച്ചാല്‍ മതിയാകില്ല. ഡിമാന്‍ഡിന് അനുസരിച്ച് വലിയ തോതില്‍ ഉല്‍പ്പാദനം നടന്നെങ്കില്‍ മാത്രമേ വില കുറയൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ വില എണ്‍പത് ശതമാനത്തോളം കുറയുമെന്നാണ് കരുതുന്നത്.

Comments

comments

Categories: Auto