ഒറ്റ ദിവസം 900 വിമാനങ്ങള്‍ പറപ്പിച്ചെന്ന് ഇന്‍ഡിഗോ

ഒറ്റ ദിവസം 900 വിമാനങ്ങള്‍  പറപ്പിച്ചെന്ന് ഇന്‍ഡിഗോ

ചെന്നൈ, അഹമ്മദാബാദ്, ഗോവ, അഗര്‍ത്തല, അമൃത്സര്‍, തിരുവനന്തപുരം, ഡെല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന് പുതിയ സര്‍വീസുകള്‍ തുടങ്ങും

ന്യൂഡെല്‍ഹി: ബജറ്റ് വിമാനക്കമ്പനി ഇന്‍ഡിഗോ ഒറ്റ ദിവസം 900 വിമാനങ്ങള്‍ സര്‍വീസിന് ഇറക്കിയെന്ന് അവകാശപ്പെട്ടു. ഏപ്രില്‍ ഏഴിനാണ് ആയിരത്തോളം ഇന്‍ഡിഗോ വിമാനങ്ങള്‍ സേവനം നടത്തിയത്. ഏതെങ്കിലുമൊരു ആഭ്യന്തര എയര്‍ലൈന്‍ ഇതാദ്യമായാണ് ഒരൊറ്റ ദിവസം ഇത്രയും വിമാനങ്ങള്‍ പറപ്പിക്കുന്നതെന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് വ്യക്തമാക്കി.

900 വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ കഴിഞ്ഞതില്‍ കമ്പനിക്ക് അതിയായ സന്തോഷമുണ്ട്. 1,000 വിമാനങ്ങള്‍ ഒറ്റ ദിവസം പ്രവര്‍ത്തിപ്പിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം-ഘോഷ് പറഞ്ഞു.
കുറഞ്ഞ ചെലവില്‍ സേവനം നല്‍കുന്ന ഇന്‍ഡിഗോ ശൈത്യകാല ഷെഡ്യൂളില്‍ 35 പുതിയ വിമാനങ്ങള്‍ ചേര്‍ത്തിരുന്നു. ഏപ്രില്‍-മെയ് കാലയളവില്‍ ഇത് പ്രവര്‍ത്തന സജ്ജമാകും. കൂടാതെ ചെന്നൈ. അഹമ്മദാബാദ്, ഗോവ, അഗര്‍ത്തല, അമൃത്സര്‍, തിരുവനന്തപുരം, ഡെല്‍ഹി പോലുള്ള നഗരങ്ങളില്‍ നിന്ന് പുതിയ സര്‍വീസുകള്‍ തുടങ്ങും.

അമൃത്സര്‍-ജമ്മു, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ- ഇന്‍ഡോര്‍, കൊല്‍ക്കത്ത-ജമ്മു, ശ്രീനഗര്‍- കൊല്‍ക്കത്ത, ബെംഗളൂരു- മാംഗ്ലൂര്‍, മുംബൈ-മാംഗ്ലൂര്‍, ഷാര്‍ജ- തിരുവനന്തപുരം, ഹൈദരാബാദ്-തിരുവനന്തപുരം എന്നിങ്ങനെ പുതിയ സര്‍വീസുകള്‍ കമ്പനി അവതരിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതോടൊപ്പം തെരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളില്‍ നിന്നുള്ള യാത്രയ്ക്ക് 1,119 രൂപയില്‍ നിന്ന് തുടങ്ങുന്ന ആനുകൂല്യ നിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് മധ്യത്തോടെയുള്ള ചെന്നൈ- ബെംഗളൂരു യാത്രയ്ക്കാണ് ഇളവ് ലഭിക്കുകയെന്ന് ഇന്‍ഡിഗോയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഡെല്‍ഹി- ജയ്പൂര്‍ (1,200 രൂപ), കോയമ്പത്തൂര്‍-ചെന്നൈ (1,220 രൂപ), വിശാഖപട്ടണം-ഹൈദരാബാദ് (1, 221 രൂപ), ഇംഫാല്‍- ഗുവഹാത്തി (1,222 രൂപ), ഗോവ- ബെംഗളൂരു (1,267) എന്നീ റൂട്ടുകളിലും സ്‌പെഷല്‍ ഓഫറിനു കീഴില്‍ യാത്രാ നിരക്ക് ഇളവ് ലഭ്യമാകും.

Comments

comments

Categories: Business & Economy