കടല്‍ കൊള്ളക്കാര്‍ക്കെതിരേ ഇന്ത്യന്‍, ചൈനീസ് നാവികസേനയുടെ രക്ഷാദൗത്യം

കടല്‍ കൊള്ളക്കാര്‍ക്കെതിരേ ഇന്ത്യന്‍, ചൈനീസ് നാവികസേനയുടെ രക്ഷാദൗത്യം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ എതിരാളികളാണെങ്കിലും ഇന്ത്യയുടെയും ചൈനയുടെയും നാവികസേന സംയുക്തമായി നടത്തിയ നീക്കത്തിനൊടുവില്‍ യെമനിനും സൊമാലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഏദന്‍ കടലിടുക്കില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്ക് കപ്പലിനെ രക്ഷപ്പെടുത്തി.

ഒഎസ് 35 എന്ന ചരക്കു കപ്പലിനെ ശനിയാഴ്ച രാത്രി കടല്‍ കൊള്ളക്കാര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. തുടര്‍ന്ന് ഈ കപ്പലില്‍നിന്നു സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് മുംബൈയും ഐഎന്‍എസ് തര്‍കഷും രക്ഷയ്‌ക്കെത്തി ചേരുകയായിരുന്നു. ഇതിനു പുറമേ ഇന്ത്യന്‍ ഹെലികോപ്റ്ററും സംഭവസ്ഥലത്തെത്തി ചേര്‍ന്നു. ഇന്ത്യന്‍ നേവിക്കു ശേഷം ചൈനയുടെ നാവിക സേനയും രക്ഷാ ദൗത്യത്തിനെത്തിച്ചേര്‍ന്നു.

യുകെ മാരിടൈം ട്രേഡ് ഓര്‍ഗനൈസേഷന്‍(യുകെഎംടിഒ) ആണ് ഒഎസ് 35 എന്ന ചരക്കു കപ്പല്‍ അപകടത്തില്‍പ്പെട്ടതായി മുന്നറിയിപ്പ് നല്‍കിയത്. ഈ മുന്നറിയിപ്പിനോട് ആദ്യം പ്രതികരിച്ച് രക്ഷാ ദൗത്യത്തിനെത്തിച്ചേര്‍ന്നത് ഇന്ത്യന്‍ നാവികസേനയായിരുന്നു.

കടല്‍ കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പലില്‍ 21,000 ടണ്‍ കാര്‍ഗോയുണ്ടായിരുന്നു. ദക്ഷിണ പസഫിക്കിലുള്ള തുവാലു എന്ന സ്വതന്ത്ര ദ്വീപില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതാണ് കപ്പല്‍. ഈ കപ്പല്‍ മലേഷ്യയിലെ കെലാങില്‍നിന്നും ഏദന്‍ കടലിടുക്കിലേക്ക് സഞ്ചരിക്കുമ്പോഴായിരുന്നു കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലില്‍ 19 ഫിലിപ്പീന്‍സ് സ്വദേശികളാണുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി യാത്ര തുടരാന്‍ ഇന്ത്യയുടെയും ചൈനയുടെയും നാവിക സേന നടത്തിയ രക്ഷാദൗത്യത്തിലൂടെ സാധിച്ചു.

സുരക്ഷാ സേനകള്‍ ഇടപെട്ടതോടെ കടല്‍കൊള്ളക്കാര്‍ കടന്നു കളഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കടല്‍ കൊള്ളക്കാരെ പിടികൂടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
കടല്‍ കൊള്ളയ്‌ക്കെതിരേ ഇന്ത്യയും ചൈനയും അന്താരാഷ്ട്ര മാരിടൈം സഹകരണം ഉറപ്പാക്കുകയും ചെയ്തു.

Comments

comments

Categories: Top Stories, World