ആത്മവിശ്വാസത്തിന്റെ പാരമ്യത്തില്‍ ബിസിനസ് ലോകം

ആത്മവിശ്വാസത്തിന്റെ പാരമ്യത്തില്‍ ബിസിനസ് ലോകം

ബിസിനസ് ആത്മവിശ്വാസം എക്കാലത്തെയും ഉയര്‍ച്ചയിലെത്തിയെന്ന് സിഐഐ സര്‍വേ. സമ്പദ് വ്യവസ്ഥയില്‍ കമ്പനികള്‍ക്ക് വലിയ പ്രതീക്ഷ

ന്യൂഡെല്‍ഹി: ഈ വര്‍ഷം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വേഗത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനിടെ പുറത്തുവന്ന ജനുവരി-മാര്‍ച്ച് പാദത്തിലെ സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി) കോണ്‍ഫിഡെന്‍സ് ഇന്‍ഡെക്‌സ് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍.

ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനികള്‍ പ്രകടമാക്കിയത് ആത്മവിശ്വാസത്തിന്റെ പാരമ്യമമാണെന്ന് സിഐഐ സര്‍വെ പറയുന്നു. 2017ന്റെ തുടക്കത്തില്‍ തന്നെ ബിസിനസ് വീക്ഷണത്തില്‍ ചെറിയ തോതിലാണെങ്കിലും കൃത്യമായ വര്‍ദ്ധനവ് ഉണ്ടായി. നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച പരിഷ്‌ക്കരണ നടപടികള്‍ പ്രതീക്ഷകള്‍ക്ക് അടിത്തറ നല്‍കി. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കമ്പനികള്‍ക്ക് മുന്നില്‍ വലിയ നിക്ഷേപക അവസരങ്ങളാണ് അനാവരണം ചെയ്തതെന്ന് സിഐഐ വിലയിരുത്തുന്നു.

നിലവിലെ സ്ഥിതി സൂചിക (കറന്റ് സിറ്റുവേഷന്‍ ഇന്‍ഡെക്‌സ്) യില്‍ ചെറിയതോതില്‍ വര്‍ദ്ധനവ് ഉണ്ടായതും, പ്രതീക്ഷ സൂചിക(എക്‌സ്പറ്റേഷന്‍ ഇന്‍ഡെക്‌സ്) യില്‍ വ്യക്തമായ മെച്ചപ്പെടല്‍ ഉണ്ടായതിനെയും തുടര്‍ന്നാണ് ബിസിനസ് കോണ്‍ഫിഡെന്‍സ് ഇന്‍ഡെക്‌സില്‍ കുതിപ്പുണ്ടായതിന് പ്രധാന കാരണം. ബിസിനസ് വികാരം ശക്തമാകുന്നതിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഭാവിയില്‍ തങ്ങളുടെ മേഖലകളില്‍ കമ്പനികള്‍ പ്രവര്‍ത്തം ശക്തിപ്പെടുത്തുമെന്നും സിഐഐ നിരീക്ഷിക്കുന്നു. എന്നാല്‍ വരുന്ന ആറ് മാസത്തിനുള്ളിലെ ചില ആശങ്കകള്‍ കമ്പനികള്‍ നിരത്തിയിട്ടുണ്ട്. ദുര്‍ബലമായ ആഗോള സാമ്പത്തിക വ്യവസ്ഥയും ആഗോള മാന്ദ്യത്തില്‍ നിന്നുള്ള തിരിച്ചുവരവിന്റെ വേഗതക്കുറവും അന്താരാഷ്ട്ര തലത്തിലെ മറ്റ് അനിശ്ചിതത്വങ്ങളും ആഭ്യന്തര ആവശ്യകത കുറയുന്നതും പ്രധാന ആശങ്കകളായി ഭൂരിപക്ഷം കമ്പനികളും കരുതുന്നു. കമോഡിറ്റി വില ഉയരുന്നതും അവരുടെ പ്രധാന ആശങ്കയാണ്.

മെച്ചപ്പെട്ട ബിസിനസ് വികാരവും നിക്ഷേപകരുടെ ആത്മവിശ്വാസവും അടിസ്ഥാനപ്പെടുത്തി രാജ്യത്ത് പുതിയൊരു വളര്‍ച്ചാ പശ്ചാത്തലം ഒരുങ്ങുന്നതിന്റെ സൂചനകളാണ് ബിസിനസ് പ്രതീക്ഷകള്‍ മാറിമറിയുന്നതിലൂടെ വ്യക്തമാകുന്നതെന്ന് സിഐഐ ഡയറക്റ്റര്‍ ജനറല്‍ ചന്ദ്രജിത് ബാനര്‍ജി പറഞ്ഞു.

സിഐഐയുടെ ബിസിനസ് കോണ്‍ഫിഡന്‍സ് സൂചിക ജനുവരി-മാര്‍ച്ച് പാദത്തില്‍ 64.1 എന്ന റെക്കോര്‍ഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍പാദത്തിലിത് 56.5 ശതമാനം ആയിരുന്നു. കഴിഞ്ഞ ഏതാനും പാദങ്ങളില്‍ മന്ദത ഉണ്ടായതിന് ശേഷമാണ് സൂചികയില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. രാജ്യത്തെ എല്ലാ മേഖലകളെയും കേന്ദ്രീകരിച്ച് 200 ഓളം വന്‍കിട, ഇടത്തരം, ചെറുകിട, സൂക്ഷമ കമ്പനികളെ അടിസ്ഥാനമാക്കിയാണ് സിഐഐ സര്‍വേ നടത്തിയത്. 2016 ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തില്‍ 39 ശതമാനമായിരുന്നു ബിസിനസ് സാഹചര്യങ്ങളിലെ വളര്‍ച്ചാ തോത്. 2017 ജനുവരി-മാര്‍ച്ച് പാദത്തിലിത് വില്‍പ്പന വര്‍ദ്ധനവിലൂടെ 63 ശതമാനമായി ഉയരുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ.

സര്‍വേയില്‍ പ്രതികരിച്ച 60 ശതമാനം പേരും പുതിയ ഓര്‍ഡറുകളില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍പാദത്തിലെ 41 ശതമാനം വര്‍ദ്ധനവിന് ഇവര്‍ സാക്ഷ്യം വഹിച്ചിരുന്നു. നിക്ഷേപ ചക്രം ഇപ്പോള്‍ അടുത്തെത്തിയിരിക്കുന്നതിനാല്‍ 2016-17 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ശേഷി വിനിയോഗത്തില്‍ കമ്പനികള്‍ പുരോഗതി പ്രതീക്ഷിക്കുന്നു. ശേഷി വിനിയോഗം 75 ശതമാനത്തിന് മുകളിലെത്തുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം ആളുകള്‍ വിശ്വസിക്കുന്നു. 2016 ഒക്‌റ്റോബര്‍-ഡിസംബര്‍ പാദത്തിലെ നില തുടരുമെന്ന് വിശ്വസിക്കുന്നത് 36 ശതമാനം മാത്രമാണ്.

എന്നാല്‍ ശേഷി വിനിയോഗത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടും ഭൂരിപക്ഷം കമ്പനികളും 2017 ജനുവരി-മാര്‍ച്ച് പാദത്തില്‍ അവരുടെ ആഭ്യന്തര, അന്താരാഷ്ട്ര നിക്ഷേപ പദ്ധതികളില്‍ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. പകുതിയിലേറെ കമ്പനികളും ആഭ്യന്തര സാമ്പത്തിക നിക്ഷേപ പദ്ധതികളില്‍ തല്‍സ്ഥിതി നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments