ഇപിഎഫ് വേതന പരിധി 25000 രൂപയായി ഉയര്‍ത്തും

ഇപിഎഫ് വേതന പരിധി 25000 രൂപയായി ഉയര്‍ത്തും

ഈ മാസം അവസാനം നടക്കുന്ന ഇപിഎഫ്ഒ ഉന്നതതലസമിതി യോഗം തീരുമാനമെടുക്കും

ന്യൂഡെല്‍ഹി: ജീവനക്കാര്‍ക്കു വേണ്ടിയുള്ള നിര്‍ബന്ധിത ഇപിഎഫ് പദ്ധതിയുടെ വതന പരിധി ഉയര്‍ത്താന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ആലോചിക്കുന്നു. പ്രതിമാസം 25,000 രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഇപിഎഫ് നിര്‍ബന്ധമാക്കാനാണ് തീരുമാനം. നിലവിലെ ഇപിഎഫ് വേതന പരിധി 15,000 രൂപയാണ്.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടി നടപ്പാക്കിയ മ്പള കമ്മീഷന്‍ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപിഎഫ് വേതന പരിധി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഏഴാം ശമ്പള കമ്മീഷന്‍ നിര്‍ദേശങ്ങള്‍ സ്വകാര്യ മേഖലയിലും വേതന വര്‍ധനവിനു കാരണമായിട്ടുണ്ടെന്നാണ് നിരീക്ഷണം. ഇപിഎഫ് വേതന പരിധിയില്‍ വരുത്തുന്ന പരിഷ്‌കരണം ഏകദേശം ഒരു കോടിക്കടുത്ത് വരിക്കാരെ കൂടി പദ്ധതിയില്‍ പങ്കാളികളാക്കുന്നതിന് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനെ സഹായിക്കും. നിലവില്‍ 8.5 കോടി ജീവനക്കാരാണ് ഇപിഎഫ്ഒയുടെ ഭാഗമായിട്ടുള്ളത്.

ഇപിഎഫ് വേതന പരിധി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ഈ മാസം അവസാനം നടക്കുന്ന ഇപിഎഫ്ഒ ഉന്നതതലസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതോടെ പ്രതിമാസം 25,000 രൂപ ശമ്പളമുള്ളവര്‍ നിര്‍ബന്ധമായും തങ്ങളുടെ അടിസ്ഥാന വേതനത്തിന്റെ 12 ശതമാനം ഇപിഎഫ്എഫ്ഒയിലേക്കോ എംപ്ലോയീസ് പെന്‍ഷന്‍ പദ്ധതിയിലേക്കോ സംഭാവന ചെയ്യേണ്ടി വരും. ഇത്തരം സാമൂഹിക ക്ഷേമ പദ്ധതികളിലെ നിക്ഷേപത്തില്‍ ഭൂരിഭാഗവും സംഭാവന ചെയ്യുന്നത് ഉയര്‍ന്ന വേതനം കൈപറ്റുന്നവരാണ്.

വേതന പരിധിക്കു മുകളില്‍ വേതനം കൈപറ്റുന്നവര്‍ ഇപിഎഫ്ഒയിലേക്ക് സംഭാവന ചെയ്യണമെന്നത് നിര്‍ബന്ധമല്ല. പക്ഷേ മികച്ച സമ്പാദ്യ മാര്‍ഗമെന്ന നിലയില്‍ ഇപിഎഫ് തെരഞ്ഞെടുക്കുന്നവരാണ് ഉയര്‍ന്ന ശമ്പളം പറ്റുന്ന മിക്ക ഉദ്യോഗസ്ഥരും. മാത്രമല്ല നികുതി ഇളവും ഇവരെ ആകര്‍ഷിക്കുന്നു.

Comments

comments

Categories: Top Stories

Related Articles