ബേസ് മെറ്റലുകളുടെ ആവശ്യകത ഉയര്‍ത്തും: ഇക്ര

ബേസ് മെറ്റലുകളുടെ ആവശ്യകത ഉയര്‍ത്തും: ഇക്ര

സമ്പദ് വ്യവസ്ഥയിലെ മെച്ചപ്പെട്ട അവസ്ഥ അന്താരാഷ്ട്ര തലത്തില്‍ ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത ലോഹങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കും

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ പദ്ധതികള്‍ രാജ്യത്തെ ബേസ് മെറ്റലുകളുടെ (ചെമ്പ്, ടിന്‍, സിങ്ക്, അലൂമിനിയം പോലുള്ള ലോഹങ്ങള്‍) ആവശ്യകത ഉയര്‍ത്തുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്രയുടെ വിലയിരുത്തല്‍. ഊര്‍ജ്ജ പ്രസരണം, വിതരണ മേഖല, നഗര ഭവനം, സര്‍ക്കാരിന്റെ സ്മാര്‍ട്ട്‌സിറ്റി സംരംഭങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്ക് ലോഹ ആവശ്യകതയ്ക്ക് വഴിയൊരുക്കുമെന്ന് ഇക്ര വ്യക്തമാക്കി.

അതോടൊപ്പം, ഊര്‍ജ്ജം, ഓട്ടോമൊബീല്‍ രംഗങ്ങളില്‍ നിന്നുള്ള ആവശ്യകത അലൂമിനിയം, കോപ്പര്‍, സിങ്ക് എന്നിവയുടെ ഉപഭോഗത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ഒന്‍പത് മാസങ്ങളില്‍ യഥാക്രമം 10 ശതമാനം, എട്ട് ശതമാനം, ഏഴ് ശതമാനം എന്നിങ്ങനെ അനുബന്ധ വളര്‍ച്ച സാധ്യമാക്കിയെന്ന് ഇക്ര റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൗണ്‍സ്ട്രീം ഉല്‍പ്പന്നങ്ങളുടെ ഉപയോഗ ഫലമായി 2017 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാംപാദത്തില്‍ ആഭ്യന്തരതലത്തിലെ പ്രാഥമിക അലൂമിനിയം ഉപഭോഗത്തില്‍ വേഗത കുറവ് ദൃശ്യമായെന്നാണ് ഇക്ര ചൂണ്ടിക്കാട്ടുന്നത്. പുതിയ വായു മലിനീകരണ നിയന്ത്രണ നിയമം നിലവില്‍ വന്നതിനാല്‍ ചൈന ഏകദേശം 3 മില്ല്യണ്‍ ടണ്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കിയേക്കും. അതിനാല്‍ ഈ വര്‍ഷം ആഗോള അലൂമിനിയം വിപണിയിലെ വിടവ് അധികമാകും. മറുവശത്ത് സിങ്ക് വിപണി 2016ലെ സ്ഥിതി തന്നെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ കോപ്പര്‍ വിപണി 2017ല്‍ കൂടുതലോ കുറഞ്ഞതോ ആയ സംതുലിതാവസ്ഥയില്‍ തുടരാന്‍ സാധ്യതയുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ അലൂമിനിയം വില അനുകൂലമാണ്. സിങ്കിന്റെയും കോപ്പറിന്റെയും വില നിലവിലേതില്‍ നിന്ന് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയില്ലെന്ന് ഇക്ര വൈസ് പ്രസിഡന്റ് ജയന്ത് റോയ് പറഞ്ഞു. ചൈനയിലെ മൊത്തത്തിലുള്ള ആവശ്യകത സൃഷ്ടിക്കുന്ന അനുകൂല സാഹചര്യത്തിന് പുറമെ ആഗോള ആവശ്യകതയുടെയും വിതരണത്തിന്റെയും അന്തര ഫലമായി 2016 ന്റെ ആദ്യം ഇരുമ്പടങ്ങിയിട്ടില്ലാത്ത ലോഹത്തിന്റെ വില ക്രമമായി ശക്തിപ്പെട്ടു.

2016ല്‍ അലൂമിനിയത്തിന്റെ വില 17 ശതമാനം സ്ഥിരത കൈവരിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു മാസത്തിനിടെ 12 ശതമാനത്തിലധികം ഉയര്‍ച്ചയുമുണ്ടായി. ഇതേ കാലയളവില്‍ തന്നെ കോപ്പറിന്റെയും സിങ്കിന്റെയും വില 18, 65 ശതമാനം വീതം ശക്തിപ്പെട്ടു. എന്നാല്‍ മൂന്നുമാസത്തിനിടെ ഇവയുടെ വില നാല്, ഒന്‍പത് ശതമാനം വീതം കുറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും സമ്പദ് വ്യവസ്ഥയിലെ മെച്ചപ്പെട്ട അവസ്ഥ അന്താരാഷ്ട്ര തലത്തില്‍ ഇരുമ്പ് അടങ്ങിയിട്ടില്ലാത്ത ലോഹങ്ങള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നും ഇക്ര വിശദമാക്കി.

Comments

comments

Categories: Business & Economy