നിശ്ചിത സമയത്ത് കൈമാറാനാകാതെ രാജ്യത്ത് 826 ഭവന പദ്ധതികള്‍

നിശ്ചിത സമയത്ത് കൈമാറാനാകാതെ രാജ്യത്ത് 826 ഭവന പദ്ധതികള്‍

ഉടമകള്‍ക്ക് കൈമാറാനാകാതെ നീണ്ടുപോയത് മൂന്ന് മുതല്‍ നാല് വര്‍ഷം വരെ

ന്യൂ ഡെല്‍ഹി : നിശ്ചയിച്ച സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറാനാകാതെ രാജ്യത്ത് 826 ഭവന പദ്ധതികളെന്ന് അസ്സോചം. ഭവനങ്ങള്‍ ഉടമകള്‍ക്ക് കൈമാറാനാകാതെ മൂന്ന് മുതല്‍ നാല് വര്‍ഷം വരെയാണ് നീണ്ടുപോയിരിക്കുന്നത്.

2016 ഡിസംബറിലെ കണക്കനുസരിച്ച് 2,300 ലധികം റിയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകളുടെ നിര്‍മ്മാണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവയില്‍ 826 എണ്ണം ഭവന പദ്ധതികളും 60 കൊമേഴ്‌സ്യല്‍ പ്രോജക്റ്റുകളുമാണ് നിശ്ചിത സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി പണം നിക്ഷേപിച്ച ഉടമകള്‍ക്ക് കൈമാറാനാകാതെ വലിയ കാലവിളംബം നേരിടുന്നതെന്ന് അസ്സോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യയുടെ പഠനം ചൂണ്ടിക്കാട്ടുന്നു.

പഞ്ചാബിലെ ഭവന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഏറ്റവുമധികം കാലതാമസം വന്നിരിക്കുന്നത്. 48 മാസം. തുടര്‍ന്ന് തെലങ്കാന(45 മാസം), പശ്ചിമ ബംഗാള്‍(44 മാസം), ഒഡിഷ (44 മാസം), ഹരിയാണ(44 മാസം). മധ്യ പ്രദേശ്, ആന്ധ്രാ പ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ 42 മാസമാണ് ഭവന പദ്ധതികള്‍ വൈകുന്നത്.

മഹാരാഷ്ട്രയിലെ ഭവന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് 39 മാസത്തെ കാലതാമസമാണ് നേരിടുന്നത്. ഏറ്റവും കുറവ് കര്‍ണ്ണാടകയിലാണ്. 31 മാസം. നിര്‍മ്മാണം വൈകുന്നതിന്റെ കാര്യത്തില്‍ രാജസ്ഥാനിലെയും കേരളത്തിലെയും റിയല്‍റ്റി പദ്ധതികള്‍ കര്‍ണ്ണാടകയ്‌ക്കൊപ്പമാണ്. രാജ്യമൊട്ടാകെയുള്ള ശരാശരിയാകട്ടെ 39 മാസം. പൊതുമേഖലാ പ്രോജക്റ്റുകള്‍ 39.03 മാസം വൈകുമ്പോള്‍ സ്വകാര്യ മേഖലയിലെ ശരാശരി 39.63 മാസമാണ്.

റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മ്മാണ മേഖല നിരവധി പ്രതിസന്ധികള്‍ നേരിടുന്നതായി അസ്സോചം റിപ്പോര്‍ട്ടിലുണ്ട്. വിവിധ അനുമതികള്‍ നേടിയെടുക്കുന്നതിന്റെ നടപടിക്രമങ്ങള്‍ നിര്‍മ്മാണ ചെലവുകള്‍ വര്‍ധിപ്പിക്കുകയും സമയം അപഹരിക്കുകയുമാണ്. അനുമതികള്‍ വൈകുന്നത് ഭവന പദ്ധതികളിലെ നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുമെന്ന് മാത്രമല്ല, നിര്‍മ്മാണം നീണ്ടുപോകുന്നതിനും അഴിമതിക്കും കാരണമാകുകയും ചെയ്യുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റിയല്‍ എസ്‌റ്റേറ്റ് പ്രോജക്റ്റുകള്‍ക്ക് അനുമതി നല്‍കുന്നതിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് അസ്സോചം ആവശ്യപ്പെട്ടു.

Comments

comments

Categories: Business & Economy