പൊതുപ്രവര്‍ത്തനം കര്‍ത്തവ്യമാക്കി മെഹര്‍ഖാന്‍

പൊതുപ്രവര്‍ത്തനം കര്‍ത്തവ്യമാക്കി മെഹര്‍ഖാന്‍

ബിസിനസുകാരുടെ പ്രധാന ലക്ഷ്യം സ്ഥാപനത്തിന്റെ വികസനവും മികച്ച ലാഭവുമായിരിക്കും. എന്നാല്‍ ബിസിനസില്‍ വളര്‍ച്ച നേടുന്നത് പൊതുപ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കാനാണെന്ന് ചിന്തിക്കുന്നവര്‍ വളരെ വിരളമായിരിക്കും നമ്മുടെ നാട്ടില്‍.

നിര്‍മാണ രംഗത്ത് വളരെയധികം പുതുമകള്‍ പരീക്ഷിക്കുന്ന ജനങ്ങളാണ് കേരളത്തിലുള്ളത്. അതിനാല്‍ നിര്‍മാണ വസ്തുക്കളുടെ വിപണിയിലും വലിയ മുന്നേറ്റമാണ് കാണാന്‍ സാധിക്കുന്നത്. ഗ്രാനൈറ്റ്, ടൈല്‍സ്, സാനിറ്ററി ഐറ്റംസ് എന്നിവയുടെ വ്യാപാരമാണ് ഇതില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇതരസംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം ഇത്തരത്തിലുള്ള വസ്തുക്കളുടെ ഉപയോഗത്തില്‍ വളരെ മുമ്പിലാണ് എന്നു പറയാന്‍ സാധിക്കും. വീട് പണിയുമ്പോള്‍ ഫ്‌ളോറിംഗിനായിരിക്കും കൂടുതല്‍ തുക ചെലവഴിക്കുന്നത്. വീടിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നതില്‍ ഫ്‌ളോറിംഗ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. വൈവിധ്യമാര്‍ന്ന ഫ്‌ളോറിംഗ് വസ്തുക്കള്‍ വിപണിയില്‍ ലഭ്യമാണ്. പല വിലയിലും, നിലവാരത്തിലുമുള്ള വസ്തുക്കളാല്‍ കേരളത്തിന്റെ വിപണി സജീവമാണ്.

ആവശ്യക്കാര്‍ വര്‍ധിക്കുമ്പോള്‍ വ്യാപാരികളും വര്‍ധിക്കും. ഇന്ന് കനത്ത മല്‍സരം നടന്നുവരുന്ന വ്യാപാരം കൂടിയാണ് നിര്‍മ്മാണ വസ്തുക്കളുടേത്. ഇതില്‍ വിജയിക്കണം എന്നുണ്ടെങ്കില്‍ ഭാഗ്യം മാത്രം കൂടെയുണ്ടായാല്‍ പോരാ. കഠിനാധ്വാനവും, ആത്മാര്‍ത്ഥയും, അതിനൊപ്പം നിലവാരമുള്ള വസ്തുക്കള്‍ വിപണിയില്‍ എത്തിക്കുകയും വേണം. ഇത്തരത്തിലുള്ള മുഴുവന്‍ സവിശേഷതകളും നിറഞ്ഞ ഒരിടമാണ് മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ എന്ന വ്യക്തിയുടെ നേതൃത്വത്തില്‍ കൊല്ലം ഓച്ചിറക്കടുത്ത് പ്രവര്‍ത്തിക്കുന്ന ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസ് എന്ന സ്ഥാപനം. ഒരു വ്യാപാരി എന്ന നിലയില്‍ ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പൊതുപ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമാണ് ഇദ്ദേഹം.

ചേന്നല്ലൂരിന്റെ വ്യാപാര വഴികളിലൂടെ

100 വര്‍ഷത്തിനു മുകളിലായി ചേന്നല്ലൂര്‍ കുടുംബം വ്യാപാരത്തില്‍ സജീവമായിട്ട്. നിലവില്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്റ്ററായിട്ടുള്ള മെഹര്‍ഖാന്റെ മുത്തച്ഛനാണ് വ്യാപാരത്തിന് തുടക്കം കുറിക്കുന്നത്.

മാവേലിക്കര കൊട്ടാരത്തിലെ കുതിരപ്പട്ടാളത്തിന്റെ മേധാവി ആയിരുന്നു മെഹര്‍ഖാന്റെ മുത്തച്ഛനായ അലിയാര്‍ കുഞ്ഞ് സാഹിബ്. ഒരു അപകടത്തില്‍ സംഭവിച്ച പരിക്കുമൂലം അദ്ദേഹത്തിന് ജോലിയില്‍ തുടരാന്‍ സാധിച്ചില്ല. അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി കൊട്ടാരത്തില്‍ നിന്നു ഭൂമി പതിച്ചുകൊടുക്കാനുള്ള ഉത്തരവ് ഉണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ അഭിമാനം ഭൂമി ഏറ്റെടുക്കുന്നതിന് അനുവദിച്ചില്ല. നാട്ടില്‍ എത്തിയ അദ്ദേഹം ചെറിയ വ്യാപാരങ്ങള്‍ ആരംഭിച്ചു. അദ്ദേഹത്തിനു പിന്നാലെ മെഹര്‍ഖാന്റെ പിതാവ് തങ്ങള്‍ കുഞ്ഞ് ഹാജിയും ബിസിനസിലേക്ക് കടന്നു വരുകയുണ്ടായി.

തടി വ്യാപാരത്തിലൂടെയാണ് ചേന്നല്ലൂര്‍ കുടുംബം ബിസിനസിലേക്ക് ചുവടുവെക്കുന്നത്. പിന്നീട് സഹോദരങ്ങളും ബന്ധുക്കളും വിവിധ വ്യാപാരങ്ങളില്‍ സജീവമായി, ജൂവല്‍റി, ഫാന്‍സി ഷോപ്പ് തുടങ്ങി നിരവധി ബിസിനസുകളാണ് ചേന്നല്ലൂരിന്റെ പേരില്‍ കൊല്ലം ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നത്. 19-കൊല്ലം മുമ്പ് മെഹര്‍ഖാനു വേണ്ടി അദ്ദേഹത്തിന്റെ പിതാവ് തുടങ്ങിയതാണ് ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസ് എന്ന സ്ഥാപനം. വളരെ ചെറിയ നിക്ഷേപത്തില്‍ മാര്‍ബിള്‍ വ്യാപാരമാണ് അന്ന് തുടങ്ങിയത്.

രാജേഷ് അഗര്‍വാള്‍ എന്ന രാജസ്ഥാനിലുള്ള മാര്‍ബിള്‍ വ്യാപാരിയുടെ സഹായത്തിലാണ് മെഹര്‍ഖാന്‍ തന്റെ ബിസിനസ് സാമ്രാജ്യത്തിന് തറക്കല്ലിടുന്നത്. ബിസിനസ് എന്നത് എല്ലായ്‌പ്പോഴും ലാഭം മാത്രം നല്‍കുന്ന ഒന്നായിരിക്കില്ല. സ്വന്തം കുട്ടികളെ ശ്രദ്ധിക്കുന്നത് പോലെ വേണം ബിസിനസിനെ കൈകാര്യം ചെയ്യാന്‍. പ്രാരംഭ സമയങ്ങളില്‍ ബിസിനസിന് വേണ്ട വിധത്തിലുള്ള ശ്രദ്ധ മെഹര്‍ഖാന്‍ നല്‍കിയിരുന്നില്ല, ഒരു ബിസിനസുകാരന്റെ മനസായിരുന്നില്ല മെഹര്‍ഖാന്റെ എന്നതായിരുന്നു പ്രധാന കാരണം.

കലാമേഖലയിലും സംഗീതരംഗത്തുമായിരുന്നു മെഹര്‍ഖാന്‍ ശ്രദ്ധ നല്‍കിയിരുന്നത്. നാടകങ്ങള്‍, ചിത്രരചന തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിനുള്ളില്‍ ഒരു ബിസിനസുകാരന്‍ ഉണ്ടായിരുന്നില്ല. പ്രവര്‍ത്തന മേഖലയിലെ ശ്രദ്ധക്കുറവുമൂലം 2005 ല്‍ ബിസിനസില്‍ വന്‍ തിരിച്ചടികള്‍ ഉണ്ടാകുകയും, വ്യാപാരം അവസാനിപ്പിക്കേണ്ട ഘട്ടത്തില്‍ എത്തുകയും ചെയ്തു. അന്നും സഹായവുമായി എത്തിയത് രാജേഷ് അഗര്‍വാള്‍ തന്നെ ആയിരുന്നു.

ബാധ്യതകളില്‍ നല്ലൊരു ശതമാനം കുറച്ചു തരുകയും, അതിനൊപ്പം വളരെ വലിയ തുകയുടെ സ്റ്റോക്കും അദ്ദേഹം നല്‍കുകയുണ്ടായി. ഇത്തരം സഹായങ്ങള്‍ക്കൊപ്പം അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ചുകൊണ്ടാണ് ഇപ്പോഴും മെഹര്‍ഖാന്‍ ബിസിനസില്‍ മുന്നേറ്റം നടത്തുന്നത്. രാജേഷ് അഗര്‍വാളിനെയാണ് മെഹര്‍ഖാന്‍ തന്റെ മാതൃകാ പുരുഷനായി കാണുന്നതും. ഇന്ന് ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസ് എന്ന സ്ഥാപനം തെക്കന്‍ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഒന്നാണ്.

”വ്യാപാരം തുടങ്ങുന്ന ഏതൊരു വ്യക്തിയും ആ വ്യാപാരത്തില്‍ പരിശീലനം നേടിയിരിക്കണം. ചുരുങ്ങിയത് ആറു മാസമെങ്കിലും മറ്റൊരു സ്ഥാപനത്തില്‍ പോയി ജോലിചെയ്യേണ്ടതാണ്. ബിസിനസ് തുടങ്ങുന്നതിന് മുമ്പേ ആ മേഖലയിലുള്ള പരിചയം ഭാവിയില്‍ ഗുണം ചെയ്യും, ” ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസിന്റെ മാനേജിംഗ് ഡയറക്റ്റര്‍ മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ അഭിപ്രായപ്പെട്ടു.

ചേന്നല്ലൂരിന്റെ പ്രവര്‍ത്തന രീതികള്‍

നിലവാരമുള്ള വസ്തുക്കള്‍ അമിത ലാഭം ഈടാക്കാതെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ചേന്നല്ലൂരിന്റെ രീതി. വര്‍ഷങ്ങളായി ഇതില്‍ യാതൊരു വീഴ്ചയും വരാതിരിക്കാന്‍ ഭരണകര്‍ത്താക്കളും, തൊഴിലാളികളും ശ്രദ്ധിക്കുന്നുമുണ്ട്. ജോണ്‍സണ്‍, ആര്‍എകെ, കജാരിയ, സൊമാനി, ഏഷ്യന്‍ ഹിന്‍ഡ്‌വെയര്‍ തുടങ്ങിയ നിരവധി ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാണ് ഇവിടെ ലഭിക്കുന്നത്. വില്‍ക്കുന്ന സാധനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയതിനു ശേഷമേ ഉപയോക്താക്കള്‍ക്ക് നല്‍കാറുള്ളു. എത്ര വലിയ കമ്പനിയുടെ ഉല്‍പ്പന്നമാണെങ്കിലും അവയില്‍ തകരാറുകള്‍ ഉണ്ടായെന്നിരിക്കാം. ഇത്തരത്തിലുള്ള തകരാറുകള്‍ കണ്ടെത്തി ആ സ്‌റ്റോക്ക് കമ്പനിക്ക് മടക്കി അയക്കുന്ന പതിവാണ് ചേന്നല്ലൂരില്‍ പിന്‍തുടരുന്നത്. കൂടാതെ 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ അവരുടെ പണി സ്ഥലത്ത് എത്തിച്ചു കൊടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പല കമ്പനികളുടെയും തെക്കന്‍ കേരളത്തിലെ മൊത്ത വിതരണകാര്‍ കൂടിയാണ് ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസ്. ഇന്ത്യയില്‍ ഏഷ്യന്‍ ടൈല്‍സിന്റെ വില്‍പ്പനയില്‍ ഏഴാം സ്ഥാനവും, കേരളത്തില്‍ ഒന്നാം സ്ഥാനവും ചേന്നല്ലൂരാണു കൈയാളുന്നത്. റാക്ക്, കജാരിയ, ജോണ്‍സണ്‍ തുടങ്ങിയ കമ്പനികളില്‍ നിന്നും നിരവധി പുരസ്‌കാരങ്ങള്‍ ചേന്നല്ലൂരിന് ലഭിച്ചിട്ടുണ്ട്.

ബിസിനസില്‍ ലക്ഷ്യമിടുന്നത്

ബിസിനസില്‍ മുന്നേറ്റങ്ങള്‍ നേടുന്നതിനായുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. നിലവില്‍ തിരുവല്ല, അടൂര്‍, തേവലക്കര എന്നീ സ്ഥലങ്ങളില്‍ കമ്പനിയുടെ ഫ്രാഞ്ചൈസികള്‍ ആരംഭിക്കുകയുണ്ടായി. ഫ്രാഞ്ചൈസികള്‍ നടത്തുന്നവരെ കമ്പനിയുടെ വര്‍ക്കിങ്ങ് പാര്‍ട്ട്ണര്‍ എന്ന രീതിയിലുമാണ് കണ്ടുവരുന്നത്. ഒരു ഫ്രാഞ്ചൈസിയുടെ മുഴുവന്‍ ഉത്തരവാദിത്തവും അതിന്റെ ഉടമസ്ഥര്‍ക്കായിരിക്കും. അവര്‍ക്കു വേണ്ട പിന്തുണ മാത്രമേ ഹെഡ് ഓഫീസില്‍ നിന്നും ചെയ്തുകൊടുക്കുന്നുള്ളു. നിലവില്‍ തെക്കന്‍ കേരളം മുഴുവന്‍ വ്യാപിച്ചിട്ടുള്ള ബിസിനസ് കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും എത്തിക്കുന്നതിനായുള്ള ആലോചനയിലാണ് മെഹര്‍ഖാന്‍.

പട്ടണങ്ങളെ കേന്ദ്രീകരിച്ച് ഗോഡൗണുകള്‍ ആരംഭിച്ചതിനു ശേഷം അവിടെ നിന്നു ഫ്രാഞ്ചൈസികളില്‍ എത്തിക്കുന്ന പദ്ധതിയാണ് ആലോചനയില്‍ ഉള്ളതെന്നും മെഹര്‍ഖാന്‍ പറഞ്ഞു. നിലവില്‍ 32 കോടി രൂപയുടെ വിറ്റുവരവാണ് സ്ഥാപനത്തിന് നേടാന്‍ സാധിച്ചിരിക്കുന്നത്. എന്നാല്‍ 2020 എത്തുമ്പോള്‍ ഫ്രാഞ്ചൈസികളുടെ സഹായത്തോടെ 50 കോടി രൂപയുടെ വിറ്റുവരവ് നേടാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. നിര്‍മാണ വസ്തുക്കളുടെ വില്‍പ്പനക്കൊപ്പം നിത്യോപയോഗ വസ്തുക്കളുടെ വിപണിയിലും രംഗപ്രവേശനം നടത്താനുള്ള പദ്ധതികള്‍ക്ക് മെഹര്‍ഖാന്‍ രൂപം കൊടുക്കുന്നുണ്ട്.

വിപണി നേരിടുന്ന പ്രതിസന്ധികള്‍

ഉപയോക്താക്കള്‍ മറ്റു സംസ്ഥാനങ്ങളില്‍ നേരിട്ടുപോയി സാധനങ്ങള്‍ വാങ്ങുന്നതാണ് കേരളത്തിന്റെ നിര്‍മ്മാണ വസ്തുക്കളുടെ വിപണി നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. ഈയിെട വളരെയധികം ആളുകള്‍ ഇങ്ങനെയുള്ള പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ട്. ഇവിടന്ന് വാങ്ങുന്നതിലും വിലകുറവാണ് എന്ന ഒറ്റക്കാരണത്തിനാലാണ് ജനങ്ങള്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്. എന്നാല്‍ വിലക്കുറവില്‍ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം എത്രമാത്രം ഉണ്ടെന്നുള്ളതിനെ കുറിച്ച് അവര്‍ ചിന്തിക്കുന്നതേയില്ല. കച്ചവടക്കാര്‍ നിലവാരം കുറഞ്ഞതിന്റെ പേരില്‍ ഉപേക്ഷിച്ച വസ്തുക്കളാണ് ഇവിടെ വിലക്കുറവില്‍ ലഭ്യമാകുന്നത്.

ഗ്രാനൈറ്റ് കുഴിച്ചെടുക്കുമ്പോള്‍ ആദ്യം ലഭിക്കുന്ന കല്ലുകള്‍ നിലവാരം കുറഞ്ഞതായിരിക്കും, ഇവയ്ക്ക് പെട്ടെന്ന് കേടുപാടുകള്‍ വരാനും സാധ്യതയുണ്ട്. തങ്ങളെപ്പോലുള്ള കച്ചവടക്കാര്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാറില്ല. അയല്‍ സംസ്ഥാനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലുന്ന പലരും ഈ മേഖലയില്‍ അത്ര അറിവുള്ളവരായിരിക്കില്ല. അതിനാല്‍ കബളിപ്പിക്കെപ്പടാനും സാധ്യതകള്‍ ഏറെയാണ്. ഇതുപോലെ കബളിപ്പിക്കപ്പെട്ടവര്‍ പുറത്തുപറയാന്‍ തയ്യാറാകത്തതും ഇത്തരത്തിലുള്ള ബിസിനസിനെ വളര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.

നിലവാരം കുറഞ്ഞ ഗ്രാനൈറ്റ് ദിനംപ്രതി ടണ്‍ കണക്കിനാണ് കേരളത്തിന്റെ അതിര്‍ത്തി കടന്നെത്തുന്നത്. ചെക്ക്‌പോസ്റ്റില്‍ നികുതി കൊടുക്കേണ്ടതില്ല എന്നതാണ് ആളുകള്‍ കാണുന്ന മറ്റൊരു ലാഭം. ഒരു ഉപഭോക്താവിന് അവര്‍ക്കാവശ്യമായ സാധനങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്നതിന് നികുതി അടക്കേണ്ടതില്ല. എന്നാല്‍ നമ്മള്‍ ഏതു സംസ്ഥാനത്തില്‍ നിന്നു വാങ്ങുന്നുവൊ അവിടെ നികുതി അടക്കേണ്ടതായി വരുന്നുണ്ട്. ഈ പ്രവണത നമ്മുടെ സംസ്ഥാനത്തെയും മോശമായി ബാധിക്കുന്നതാണ്.

പൊതുപ്രവര്‍ത്തനത്തിനായുള്ള ബിസിനസ്

കേവലം ഒരു ബിസിനസുകാരന്‍ മാത്രമല്ല മെഹര്‍ഖാന്‍, മറിച്ച് സമൂഹത്തിന് നല്ലത് വരണം എന്ന് ആഗ്രഹിക്കുകയും അതിനുവേണ്ടി വളരെയധികം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്തിട്ടുള്ള ഉത്തമ മനുഷ്യസ്‌നേഹിയാണ്. തന്റെ ബിസിനസ് ജീവിതം ആരംഭിച്ച നാള്‍ മുതല്‍ തന്നെ പൊതു പ്രവര്‍ത്തനവും തുടങ്ങിയിരുന്നു, പിതാവിന്റെ പാത പിന്തുടര്‍ന്നാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തിയത് എന്ന് മെഹര്‍ഖാന്‍ സാക്ഷ്യപ്പെടുത്തി. ചെറിയ പ്രവര്‍ത്തനങ്ങള്‍ വലിയ കാര്യങ്ങള്‍ ചെയ്യുന്നതിനായുള്ള പ്രചോദനമായിരുന്നു ഇദ്ദേഹത്തിന്.

ചേന്നല്ലൂര്‍ തങ്ങള്‍ കുഞ്ഞ് മെമ്മോറിയല്‍(സിടിഎം) ട്രസ്റ്റ് എന്ന സംഘടനയുടെ കീഴിലാണ് മെഹര്‍ഖാന്റെ പൊതുപ്രവര്‍ത്തനങ്ങള്‍. ബിസിനസിന്റെ വളര്‍ച്ച പൊതുപ്രവര്‍ത്തനത്തിന്റെ കൂടി വളര്‍ച്ച ആയിരുന്നു. 2009-ല്‍ മെഹര്‍ഖാന്‍ സൗജന്യ ആംബുലന്‍സ് സര്‍വ്വീസ് ആരംഭിക്കുകയുണ്ടായി. നിര്‍ദ്ധനവിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കുന്ന പദ്ധതിയും 2009-ല്‍ ആരംഭിച്ചു, തുടക്കത്തില്‍ 100 കുട്ടികള്‍ക്കാണ് സഹായം നല്‍കിയിരുന്നത്. ഇന്ന് 2,500 കുട്ടികള്‍ക്കാണ് ഇത്തരത്തിലുള്ള സഹായങ്ങള്‍ നല്‍കി വരുന്നത്. നാട്ടിലെ സാമൂഹ്യ പ്രസ്ഥാനങ്ങള്‍, പഞ്ചായത്ത് മെംബര്‍മാര്‍ തുടങ്ങിയവരിലൂടെയാണ് സഹായത്തിന് അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നത്.

പത്തനാപുരം ഗാന്ധി ഭവന്‍, കൃഷ്ണപുരം സാന്ത്വനം, എഎംഎസ് ഓച്ചിറ, തുടങ്ങിയ സന്നദ്ധസംഘടനകളുടെ കൂടെയും മെഹര്‍ഖാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മതസംഘടനയായ മഹല്‍ ജമാത്തിന്റെ യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ്, ന്യൂനപക്ഷ കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ്, ഓച്ചിറ വ്യാപാരി വ്യവസായി സംഘടനയുടെ വൈസ് പ്രസിഡന്റ്്, കായംകുളം വനിതാ പോളിടെക്‌നിക്കിന്റെ വികസനസമിതിയംഗം എന്നിങ്ങനെ നിരവധി സ്ഥാനങ്ങളും മെഹര്‍ഖാന്‍ വഹിക്കുന്നുണ്ട്.

ജലസംരക്ഷണത്തിനും, മലിനീകരണത്തിനെതിരെയും ശക്തമായ പോരാട്ടങ്ങളാണ് ഇദ്ദേഹം നടത്തി വരുന്നത്. അതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്.

കാര്‍ഷികമേഖലയിലും മെഹര്‍ഖാന്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പുരയിടത്തിനോട് ചേര്‍ന്നുള്ള ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഇദ്ദേഹത്തിന്റെ ഫാം സ്ഥിതിചെയ്യുന്നത്. പശു, ആട്, കോഴി, താറാവ്, കാട, മീന്‍ തുടങ്ങിയവയെ ഇവിടെ വളര്‍ത്തുന്നുണ്ട്. അതിനു പുറമെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള മുഴുവന്‍ പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. തനിക്കാവശ്യമായ വസ്തുക്കള്‍ എടുത്തിട്ട് ബാക്കി അയല്‍വാസികള്‍ക്ക് നല്‍കുന്ന പതിവാണ് അദ്ദേഹത്തിന്റേത്. നാട്ടിലുള്ളവര്‍ക്ക് കൃഷിയെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികളും ഇദ്ദേഹത്തിന്റെ ഫാമില്‍ സംഘടിപ്പിക്കാറുണ്ട്.

ബിസിനസിന്റെ വളര്‍ച്ചയ്ക്ക്

സ്വന്തം ലാഭം മുന്നില്‍ കണ്ടുകൊണ്ട് മാത്രം ബിസിനസിനെ സമീപിക്കരുത്. ഇത്തരത്തിലുള്ള കാഴ്ച്ചപ്പാടില്‍ ആരംഭിക്കുന്ന ബിസിനസില്‍ സദുദ്ദേശ്യങ്ങള്‍ കുറവായിരിക്കും, വിജയസാധ്യതയും. നമ്മള്‍ എവിടെയാണോ ബിസിനസ് ആരംഭിക്കുന്നത് അവിടത്തെ സര്‍ക്കാര്‍ അനുശാസിക്കുന്ന നിയമങ്ങള്‍ മുഴവനായി പാലിച്ചുകൊണ്ട് ബിസിനസ് നടത്തുക. കച്ചവടത്തില്‍ ഉപഭോക്താക്കള്‍ക്കാണ് മുന്‍ഗണന, ആയതിനാല്‍ നമ്മുടെ അടുത്തു വരുന്ന എല്ലാ ഉപഭോക്താക്കളോടും നല്ല രീതിയില്‍ ഇടപഴകുക. ആത്മാര്‍ത്ഥതയുള്ള തൊഴിലാളികളെ കണ്ടെത്തുകയും, അവരോട് നല്ല രീതിയില്‍ പെരുമാറുകയും വേണം.

” വ്യാപാരം തുടങ്ങുന്ന ഏതൊരു വ്യക്തിയും ആ വ്യാപാരത്തില്‍ പരിശീലനം നേടിയിരിക്കണം. ചുരുങ്ങിയത് ആറു മാസമെങ്കിലും മറ്റൊരു സ്ഥാപനത്തില്‍ പോയി ജോലിചെയ്യേണ്ടതാണ്. ബിസിനസ് തുടങ്ങുന്നതിന് മുമ്പേ ആ മേഖലയിലുള്ള പരിചയം ഭാവിയില്‍ ഗുണം ചെയ്യും “

മെഹര്‍ഖാന്‍ ചേന്നല്ലൂര്‍
മാനേജിംഗ് ഡയറക്റ്റര്‍
ചേന്നല്ലൂര്‍ ഫാഷന്‍ ഹോംസ്
സെക്രട്ടറി
സിടിഎം ട്രസ്റ്റ്

Comments

comments