ഇന്‍ഫോസിസ് ബോര്‍ഡ് സ്ഥാപകരെ നിരാശപ്പെടുത്തുന്നുവെന്ന് വി ബാലകൃഷ്ണന്‍

ഇന്‍ഫോസിസ് ബോര്‍ഡ് സ്ഥാപകരെ നിരാശപ്പെടുത്തുന്നുവെന്ന് വി ബാലകൃഷ്ണന്‍

കമ്പനിയുടെ മുന്‍കാല പ്രവര്‍ത്തന പാരമ്പര്യത്തെ ഉള്‍ക്കൊള്ളാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് തയാറാകണം

ബെംഗളുരു: ഇന്‍ഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (സിഒഒ) പ്രവീണ്‍ റാവുവിന്റെ വേതന വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബോര്‍ഡ് അംഗം വി ബാലകൃഷ്ണന്‍. ഇന്‍ഫോസിസിന്റെ നിലവിലെ ബോര്‍ഡ് സ്ഥാപകരെ നിരാശരാക്കുകയും വിശ്വസ്യത നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നാണ് വിമര്‍ശനം. പ്രവീണ്‍ റാവുവിന്റെ വേതനം 70 ശതമാനം വര്‍ധിപ്പിച്ചതിനെതിരെ ഇന്‍ഫോസിസ് സ്ഥാപകന്മാരിലൊരാളായ എന്‍ ആര്‍ നാരായണ മൂര്‍ത്തിയും ഏതാനും ദിവസം മുന്‍പ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലകൃഷ്ണന്റെ പ്രതികരണം.

ഇന്ത്യന്‍ ഐടി വ്യവസായം ആഗോളതലത്തിലെ പ്രതികൂല സാഹചര്യങ്ങളടക്കം നിരവധി സമ്മര്‍ദങ്ങള്‍ നേരിടുന്ന സമയത്താണ് മൂര്‍ത്തി ഡയറക്റ്റര്‍ ബോര്‍ഡ് നീക്കത്തിന് ചുവന്ന കൊടി കാണിച്ചത്. മധ്യവര്‍ഗ തൊഴിലാളികളുടെയും മുതിര്‍ന്ന തലത്തിലുള്ള ടെക്കികളുടെയും ശമ്പളക്കാര്യത്തില്‍ കണ്ണടയ്ക്കുന്ന ഡയറക്റ്റര്‍ ബോര്‍ഡിന് ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടിവിന്റെ വേതന വര്‍ധനയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നും ബാലകൃഷ്ണന്‍ ആരോപിച്ചു.
എന്‍ട്രി ലെവല്‍, ജൂനിയര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ രണ്ട്, മൂന്ന് വര്‍ഷത്തിനുള്ളില്‍ വേതന വര്‍ധന നല്‍കാതെ റാവുവിന്റെ വേതനം വര്‍ധിപ്പിച്ചതിലെ ആശങ്കകള്‍ നാരായണ മൂര്‍ത്തി പങ്കുവെച്ചിരുന്നു. തന്റെ അഭിപ്രായങ്ങളും ഉപദേശങ്ങളും ബോര്‍ഡ് തള്ളിയതിനെ തുടര്‍ന്നാണ് മൂര്‍ത്തി പരസ്യമായി രംഗത്തെത്തിയത്.

തന്റെ ആശങ്കകളും മൂല്യങ്ങളും ബോര്‍ഡിനെ ബോധ്യപ്പെടുത്താനുള്ള നാരായണ മൂര്‍ത്തിയുടെ ശ്രമങ്ങള്‍ കഴിഞ്ഞതിനാല്‍ ഇത് അദ്ദേഹത്തിന്റെ അന്തിമമമായ അഭിപ്രായമാണെന്നാണ് താന്‍ കരുതുന്നതെന്നും ബാലകൃഷ്ണന്‍ വ്യക്തമാക്കി. ബോര്‍ഡിന്റെ തീരുമാനങ്ങള്‍ നീട്ടിവെക്കണം. കമ്പനിയുടെ മുന്‍കാല പ്രവര്‍ത്തന സംസ്‌കാരത്തെ ഉള്‍ക്കൊള്ളാന്‍ ബോര്‍ഡ് അംഗങ്ങള്‍ തയ്യാറാകണം. ഇല്ലെങ്കിലത് ബോര്‍ഡും അതിന്റെ കഴിഞ്ഞകാലവും തമ്മിലുള്ള വിച്ഛേദനത്തിന് കാരണമാകും.

വേതന വര്‍ദ്ധനവിനെ 67 ശതമാനം ഓഹരിയുടമകള്‍ വോട്ടിംഗില്‍ പിന്തുണച്ചുവെന്നാണ് ബോര്‍ഡ് അവകാശപ്പെടുന്നത്. എന്നാല്‍ മൂന്നിലൊന്ന് ഓഹരിയുടകള്‍ എതിര്‍ത്തിട്ടുണ്ട്. ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് പിന്നാലെ പോകുന്നതിന് മുന്‍പ് ബോര്‍ഡ് അവരോട് പ്രതികരിക്കണം. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ബോര്‍ഡിന്റെ തീരുമാനത്തെ ഒരു വിഭാഗം നിക്ഷേപകര്‍ എതിര്‍ക്കുന്നതെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy