നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഷേഖ് ഹസീന ന്യൂഡല്‍ഹിയിലെത്തി

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഷേഖ് ഹസീന ന്യൂഡല്‍ഹിയിലെത്തി

ന്യൂഡല്‍ഹി: നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്നലെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഹസീനയെ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തിയിരുന്നു. ഔദ്യോഗിക വീട് സ്ഥിതി ചെയ്യുന്ന തലസ്ഥാനനഗരിയിലെ കല്യാണ്‍ മാര്‍ഗില്‍നിന്നും എയര്‍പോര്‍ട്ടിലേക്ക് യാതൊരു ട്രാഫിക് നിയന്ത്രണവും വരുത്താതെയാണു മോദി ബംഗ്ലാദേശ് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയത്.

ഇന്ന് മോദി-ഹസീനയുമായി ചര്‍ച്ച നടത്തും. ബംഗ്ലാദേശിന്റെ സൈനികാവശ്യങ്ങള്‍ക്കായി ഇന്ത്യ അനുവദിക്കുന്ന 500 മില്യന്‍ യുഎസ് ഡോളറിന്റെ സഹായം ഇന്ന് പ്രഖ്യാപിക്കുമെന്നും കരുതുന്നുണ്ട്. ഹസീനയുടെ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ പ്രതിരോധം മുതല്‍ ഐസിടി (ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍, ടെക്‌നോളജി) വരെയുള്ള മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിക്കുന്നതിനായി 20-ാളം കരാറുകളില്‍ ഒപ്പുവയ്ക്കുമെന്നും ഉറപ്പായിട്ടുണ്ട്.

ടീസ്റ്റ നദീജല കരാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാര്യമായ തീരുമാനങ്ങളൊന്നും പ്രഖ്യാപിക്കാന്‍ സാധ്യതയില്ല. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നു വിദേശകാര്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രിയ രംഗനാഥന്‍ പറഞ്ഞു. 2011-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ബംഗ്ലാദേശ് സന്ദര്‍ശനത്തിലാണ് ടീസ്റ്റ നദിയിലെ ജലം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് കരട് തയാറാക്കിയത്. എന്നാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അവസാന നിമിഷം കരട് പിന്‍വലിക്കുകയായിരുന്നു. ടീസ്റ്റ നദിയിലെ ജലം പങ്കുവയ്ക്കുന്ന കരാറില്‍ ഇന്ത്യ, ബംഗ്ലാദേശുമായി ഒപ്പുവച്ചാല്‍ വടക്കന്‍ ബംഗാള്‍ വരള്‍ച്ചയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന കാരണമാണു മമത ബാനര്‍ജി ചൂണ്ടിക്കാണിച്ചത്.

Comments

comments

Categories: Top Stories, World