2017 ഹ്യുണ്ടായ് എലൈറ്റ് i20 പുറത്തിറക്കി

2017 ഹ്യുണ്ടായ് എലൈറ്റ് i20 പുറത്തിറക്കി

5.36 ലക്ഷം മുതല്‍ 8.51 ലക്ഷം രൂപ വരെയാണ് വില

ന്യൂ ഡെല്‍ഹി : ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എലൈറ്റ് i20 യുടെ ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു. 5.36 ലക്ഷം രൂപ മുതല്‍ 8.51 ലക്ഷം രൂപ വരെയാണ് പരിഷ്‌കരിച്ച പുതിയ എലൈറ്റ് i20 യുടെ വില.

റെഡ് പാഷന്‍ ബോഡി കളര്‍ വിത്ത് ഫാന്റം ബ്ലാക്ക് റൂഫ്, പോളാര്‍ വൈറ്റ് ബോഡി കളര്‍ വിത്ത് ഫാന്റം ബ്ലാക്ക് റൂഫ് എന്നീ ഡുവല്‍-ടോണ്‍ എക്‌സ്റ്റീരിയര്‍ നിറങ്ങളിലാണ് കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഗ്രാന്‍ഡ് i10 കഴിഞ്ഞാല്‍ ഏറ്റവുമധികം വിറ്റുപോയ ഹ്യുണ്ടായ് മോഡലാണ് എലൈറ്റ് i20. പ്രതിമാസം ശരാശരി 8,000 മുതല്‍ 9,000 വരെ എലൈറ്റ് i20 യാണ് വിറ്റുപോയത്. ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പന നടന്ന കാറുകളിലൊന്നാണ് എലൈറ്റ് i20.

പുതിയ വേര്‍ഷന്‍ എലൈറ്റ് i20 യിലെ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയോടുകൂടിയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഓഡിയോ വീഡിയോ നാവിഗേഷന്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ ലിങ്ക് ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യും.

എലൈറ്റ് i20 ആഗോളതലത്തില്‍ വലിയ വിജയമായിരുന്നുവെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ആന്‍ഡ് സിഇഒ വൈ കെ കൂ പറഞ്ഞു. 2014 ല്‍ ആദ്യമായി അവതരിപ്പിച്ചശേഷം ഇതുവരെ മൂന്ന് ലക്ഷത്തിലധികം എലൈറ്റ് i20 യാണ് വിറ്റുപോയത്. കൂടുതല്‍ ഫസ്റ്റ്-ഇന്‍-സെഗ്‌മെന്റ് സവിശേഷതകളോടുകൂടി അവതരിപ്പിച്ച പുതിയ 2017 എലൈറ്റ് i20 കൂടുതല്‍ സുരക്ഷയും പെര്‍ഫോമന്‍സും അനുപമമായ ഡ്രൈവിംഗ് അനുഭവവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

1.4 U2 CRDi ഡീസല്‍, 1.2 Kappa Dual VTPT പെട്രോള്‍, 1.4 Dual VTPT പെട്രോള്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് പുതിയ 2017 എലൈറ്റ് i20 വിപണിയിലെത്തുന്നത്. ഡീസല്‍ എന്‍ജിന്‍ 4,000 ആര്‍പിഎമ്മില്‍ 90 പിഎസ് കരുത്തും 1,500-2,750 ആര്‍പിഎമ്മില്‍ 22.4 കെജിഎം ടോര്‍ക്കുമേകും. 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്.

1.2 Kappa Dual VTPT പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 83 പിഎസ് കരുത്തും 4,000 ആര്‍പിഎമ്മില്‍ 11.7 കെജിഎം ടോര്‍ക്കും പുറപ്പെടുവിക്കും. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണുള്ളത്.

1.4 Dual VTPT പെട്രോള്‍ എന്‍ജിന്‍ 6,000 ആര്‍പിഎമ്മില്‍ 100 പിഎസ് കരുത്തും 4,000 ആര്‍പിഎമ്മില്‍ 13.5 കെജിഎം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 4-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണുള്ളത്.

സ്മാര്‍ട്ട് എന്‍ട്രി, റിയര്‍ എസി വെന്റുകള്‍, R16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവ കൂടാതെ സുരക്ഷാ ഫീച്ചറുകളായ എബിഎസ്, റിയര്‍ ഡിഫോഗര്‍, ഫോഗ് ലാമ്പുകള്‍ എന്നിവയും സവിശേഷതകളാണ്.

Comments

comments

Categories: Auto