കേരളത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു

കേരളത്തെ വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ചു

വരള്‍ച്ചാ ബാധിതമായ എട്ട് സംസ്ഥാനങ്ങള്‍ക്ക് 24,000 കോടി രൂപ അനുവദിക്കും

ന്യൂഡെല്‍ഹി: കേരളം ഉള്‍പ്പെടെ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വരള്‍ച്ച ബാധിത സംസ്ഥാനങ്ങളായി പ്രഖ്യാപിച്ചു. വരള്‍ച്ച നേരിടുന്നതിനായി 24,000 കോടി രൂപയും ഓരോ സംസ്ഥാനങ്ങള്‍ക്കും അനുവദിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട ഒരോ കുടുംബത്തിനും 50 ദിവസത്തെ അധിക ജോലി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ തുക ഏപ്രില്‍ മാസം തന്നെ ലഭിക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 ദിവസമാണ് നിലവില്‍ തൊഴില്‍ ലഭിക്കുന്നത്.

ധന സഹായത്തിന്റെ 65 ശതമാനം കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍േദശം നല്‍കിയിട്ടുണ്ട്. കേരളത്തെ കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളെയാണ് വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തെ വരള്‍ച്ച ബാധിത പ്രദേശമായി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. വരള്‍ച്ച ബാധിതമായി പ്രഖ്യാപിച്ച നിയമസഭയുടെ പ്രമേയവും കേരളം കേന്ദ്രത്തിന് അയച്ചിരുന്നു.

എല്‍നിനോ പ്രതിഭാസം ഉണ്ടായതാണ് കേരളമടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ കുറയാന്‍ ഇടയാക്കിയതെന്നാണ് നിരീക്ഷണം. മഴ ലഭിക്കാതെ വന്നതോടെ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയില്‍ ഏറ്റവും കുറവ് മഴ ലഭിച്ച വര്‍ഷമാണ് കടന്നുപോയത്. മഴയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യതകള്‍ ആരായുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
ഇത്തവണയും രാജ്യത്തിന്റെ പല ഭഗങ്ങളിലും കാലവര്‍ഷത്തില്‍ ലഭിക്കേണ്ട മഴ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.

സാധാരണ നിലയില്‍ രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 95 ശതമാനം മാത്രമെ ഈ വര്‍ഷം ലഭിക്കുള്ളുവെന്നാണ് നിരീക്ഷണം. 96 മുതല്‍ 104 ശതമാനം വരെ മഴയാണ് രാജ്യത്ത് കാലവര്‍ഷത്തില്‍ ലഭിക്കാറുള്ളത്. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ മഴയുടെ ലഭ്യതയില്‍ വലിയ കുറവുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. നേരത്തേ നൂറുവര്‍ഷത്തെ കാഠിന്യമേറിയതെന്നു വിലയിരുത്തിയ 2012ലെ വരള്‍ച്ചയേക്കാളും രൂക്ഷമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ജനുവരിയിലും ഡിസംബറിലും സാധാരണ ലഭിക്കുന്ന തണുത്ത കാലാവസ്ഥയെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടുതലായിരുന്നു.

Comments

comments

Categories: Top Stories

Related Articles