ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.4%ല്‍ എത്തും: എഡിബി

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 7.4%ല്‍ എത്തും: എഡിബി

2018-19ല്‍ വളര്‍ച്ച 7.6 ശതമാനത്തിലേക്ക് എത്തുമെന്നും നിഗമനം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ മെച്ചപ്പെട്ട പ്രകടനം നിരീക്ഷിക്കാനാകുമെന്നും നടപ്പു സാമ്പത്തികവര്‍ഷം (2017-2018) രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് 7.4 ശതമാനത്തിലെത്തുമെന്നും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എഡിബി) വിശകലനം. അടുത്ത സാമ്പത്തിക വര്‍ഷം ഇത് 7.6 ശതമാനത്തിലേക്ക് കുതിക്കുമെന്നും സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയ്ക്കു മുന്നില്‍ സ്ഥാനം നിലനിര്‍ത്തുമെന്നും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് വ്യക്തമാക്കി.

2016-2017 സാമ്പത്തിക വര്‍ഷം 7.1 ശതമാനമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തുകയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിഗമനം. കഴിഞ്ഞ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിതമായി നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച് സാമ്പത്തിക വിദഗ്ധരും അനലിസ്റ്റുകളും നിരവധി ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ചിരുന്നു. നോട്ട് അസാധുവാക്കല്‍ നടപടിയുടെ ചുവടുപിടിച്ച് രാജ്യത്ത് ഉടലെടുത്ത പണ പ്രതിസന്ധി ഇന്ത്യയിലെ പ്രധാന വ്യാവസായിക മേഖലകളെ പ്രതികൂലമായി ബാധിച്ചിരുന്നു.

എന്നാല്‍, ഇത്തരത്തില്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും വലിയ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഭയത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യക്ക് ഏഴു ശതമാനത്തിന് മുകളില്‍ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്താനാകുന്നത് പ്രതീക്ഷാജനകമാണെന്നാണ് എഡിബി വിലയിരുത്തുന്നത്.

ശക്തമായ ഉപഭോഗവും സാമ്പത്തിക പരിഷ്‌കരണ നയങ്ങളും ബിസിനസിലുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും രാജ്യത്ത് നിക്ഷേപത്തിന്റെ ഒഴുക്ക് കൂടുമെന്നും എഡിബി വിലയിരുത്തുന്നു. ചൈനയുടെ കാര്യത്തില്‍ 2017ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 6.5 ശതമാനത്തിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2018ല്‍ ഇത് വീണ്ടും കുറഞ്ഞ് 6.2 ശതമാനത്തിലെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ 6.7 ശതമാനമായിരുന്നു ചൈനയുടെ ജിഡിപി നിരക്ക് രേഖപ്പെടുത്തിയിരുന്നത്. രാജ്യത്ത് വാണിജ്യ സാമ്പത്തിക സ്ഥിരത നിലനിര്‍ത്തുന്നതിന് തുടര്‍ന്നും ചൈനീസ് സര്‍ക്കാര്‍ ഒതുക്കത്തോടെയുള്ള ശ്രമങ്ങളായിരിക്കും നടത്തുകയെന്നും ഘടനാപരമായ പരിഷ്‌കരണങ്ങള്‍ സര്‍ക്കാരിന്റെ ലക്ഷ്യത്തിനനുസരിച്ച വളര്‍ച്ച നിലനിര്‍ത്തുന്നതിന് ചൈനയെ സഹായിക്കുമെന്നും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് പറയുന്നു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ജിഎസ്ടിയും, എഫ്ഡിഐ ഉദാരവല്‍ക്കരണവും ഉള്‍പ്പടെ നിരവധി സാമ്പത്തിക പരിഷ്‌കരണ നടപടികളാണ് ഇന്ത്യ ഏറ്റെടുത്തിട്ടുള്ളത്. ഇന്ത്യയെ ഒരു ബിസിനസ് സൗഹൃദ രാഷ്ട്രമാക്കി മാറ്റുക, ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇത്തരം പരിഷ്‌കരണങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നതെന്ന് എഡിബി വിലയിരുത്തുന്നു. ജൂലൈ ഒന്നു മുതല്‍ ഏകീകൃത ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരും.

Comments

comments

Categories: Banking, World