ഇന്ത്യന്‍ കാര്‍ വിപണി : മൂന്നാം സ്ഥാനത്തിന് പോര് കനക്കും

ഇന്ത്യന്‍ കാര്‍ വിപണി : മൂന്നാം സ്ഥാനത്തിന് പോര് കനക്കും

ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാരുതി സുസുകി, ഹ്യുണ്ടായ് എന്നിവര്‍ കൊണ്ടുപോകും

ന്യൂ ഡെല്‍ഹി : 2016-17 സമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ രാജ്യത്തെ മുന്‍നിര കാര്‍നിര്‍മ്മാതാക്കളായ മാരുതി സുസുകിയും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുമാണ് വിപണി വിഹിതം കയ്യടക്കിവെച്ചിരിക്കുന്നത്. മാരുതി സുസുകിക്ക് 47.74 ശതമാനവും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയ്ക്ക് 16.85 ശതമാനവുമാണ് വിപണി വിഹിതം. എന്നാല്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ മൂന്നാം സ്ഥാനത്തിന് ആരാകും അവകാശികള്‍ എന്ന ചോദ്യമാണ് ഇപ്പോള്‍ മുഴങ്ങികേള്‍ക്കുന്നത്. അര ഡസനോളം കമ്പനികളാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ഒന്നര-രണ്ട് വര്‍ഷമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍നിന്ന് മൂന്നാം സ്ഥാനം തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത് ഹോണ്ടയാണ്. സ്‌കോര്‍പ്പിയോ, എക്‌സ്‌യുവി 500 എന്നീ മോഡലുകളുടെ പേരില്‍ അഭിമാനം കൊള്ളുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ കുറച്ചു മാസം ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ കടത്തിവെട്ടിയെങ്കിലും ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുറഞ്ഞതോടെ ഹോണ്ട വീണ്ടും പിന്നോക്കം പോയി. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ നാട്ടുകാരനായ എതിരാളി ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കി വെടിപൊട്ടിച്ചുകഴിഞ്ഞു. നിലവിലെ നാലാം സ്ഥാനത്തുനിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിവരുമെന്നാണ് ടാറ്റയുടെ വീരവാദം.

നിലവില്‍ 6,7,8 സ്ഥാനങ്ങളിലുള്ള ടൊയോട്ട, റെനോ, ഫോര്‍ഡ് എന്നീ കാര്‍ നിര്‍മ്മാണ കമ്പനികള്‍ അഞ്ചാം സ്ഥാനത്തുനിന്ന് ഏറെ അകലെയല്ല. വിപണനതന്ത്രത്തില്‍ റെനോ ജഗജില്ലികളാണെങ്കില്‍ ടാറ്റ മോട്ടോഴ്‌സ് മോഡലുകള്‍ മെച്ചപ്പെടുത്തി അവതരിപ്പിക്കുന്നതില്‍ അഗ്രഗണ്യരാണ്.

ദെയ്ഹാറ്റ്‌സു ഉള്‍പ്പെടെ ടൊയോട്ടയുടെ ഭാവി ശോഭനമാണ്. കോംപാക്റ്റ് സ്‌പോര്‍ട് യൂട്ടിലിറ്റി വെഹിക്ക്ള്‍, ഹാച്ച്ബാക്ക് സെഗ്‌മെന്റുകളില്‍ പ്രവേശിച്ചാല്‍ ഇവര്‍ക്ക് വിപണി വിഹിതം വര്‍ധിപ്പിക്കാമെന്ന് എമര്‍ജിംഗ് മാര്‍ക്കറ്റ്‌സ് ഓട്ടോമോട്ടീവ് അഡൈ്വസേഴ്‌സ് ഡയറക്റ്റര്‍ ദീപേഷ് റാത്തോര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ കുറഞ്ഞ വില്‍പ്പന നടക്കുന്ന സെഗ്‌മെന്റുകളില്‍ ഇവര്‍ ഒതുങ്ങിനില്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര നിലവില്‍ മൂന്നാം സ്ഥാനത്താണെങ്കിലും ഈ സിംഹാസനം അത്ര സുരക്ഷിതമല്ല. റെനോ ഡസ്റ്ററില്‍നിന്നും ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ടില്‍നിന്നുമാണ് മഹീന്ദ്ര ആദ്യ വെല്ലുവിളി നേരിട്ടത്. എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇപ്പോഴും അതിന്റെ തിളക്കം കാത്തുസൂക്ഷിക്കുന്നു.

അതേസമയം ഹ്യുണ്ടായ്‌യുടെ ക്രേറ്റ, മാരുതി സുസുകിയുടെ വിറ്റാര ബ്രെസ എന്നിവയ്ക്ക് ബദലായി എം&എം കൊണ്ടുവന്ന കെയുവി 100, ടിയുവി 300, നുവോ സ്‌പോര്‍ട് എന്നിവ പ്രതീക്ഷിച്ച ഫലം നല്‍കിയില്ല. വിദഗ്ധരില്‍ ചിലര്‍ രൂപകല്‍പ്പനയില്‍ പാളിച്ച കണ്ടെത്തിയപ്പോള്‍ മറ്റ് ചിലര്‍ വിലയും ഇന്ധനക്ഷമതയും പോരായ്മയായെന്ന് ചൂണ്ടിക്കാട്ടി. വളര്‍ന്നുവരുന്ന ഡീസല്‍വരുദ്ധ മനോഭാവവും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ ബാധിച്ചു.

2016-17 സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ വിപണി 32 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര നേടിയത് മൂന്ന് ശതമാനം വളര്‍ച്ച മാത്രമാണ്. യൂട്ടിലിറ്റി വാഹന സെഗ്‌മെന്റിലെ പകുതിയോളം മോഡലുകളും മഹീന്ദ്രയുടേതാണെങ്കിലും വിപണി വിഹിതം 28 ശതമാനം മാത്രമാണ്.

എന്നാല്‍ വില്‍പ്പന വര്‍ദ്ധിക്കുന്നിടത്തോളം കാലം വിപണി വിഹിത റാങ്കിംഗിനെക്കുറിച്ച് എം&എം മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക ആശങ്കപ്പെടുന്നില്ല. കെയുവി, ടിയുവി മോഡലുകളുടെ പ്രതീക്ഷിച്ച വില്‍പ്പന നടന്നില്ലെന്ന് സമ്മതിച്ച ഗോയങ്ക പക്ഷേ ഇപ്പോള്‍ വില്‍പ്പനയില്‍ ഉണര്‍വ്വ് പ്രകടമാണെന്ന് വ്യക്തമാക്കി.

ഈ സാമ്പത്തിക വര്‍ഷം കുറഞ്ഞത് ആറ് മോഡലുകള്‍ വിപണിയിലെത്തിക്കാനാണ് എം&എം തയ്യാറെടുക്കുന്നത്. ടൊയോട്ട ഇന്നോവ, മാരുതി സുസുകി ബ്രെസ എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി യു321, എസ്201 എന്നീ കോഡ്‌നാമമുള്ള രണ്ട് മോഡലുകള്‍ പുതിയ പ്ലാറ്റ്‌ഫോമുകളിലായിരിക്കും പുറത്തിറക്കുന്നത്. ടിയുവി പ്ലാറ്റ്‌ഫോമില്‍ യു302 കോഡ്‌നാമമുള്ള വാഹനവും പുറത്തിറക്കും.

ഗ്രാമീണ വിപണിയില്‍നിന്ന് നഗര വിപണികള്‍ പിടിച്ചെടുക്കുക എന്നതാണ് മഹീന്ദ്ര നേരിടുന്ന പ്രധാന വെല്ലുവിളി.

2017 സാമ്പത്തിക വര്‍ഷം ടാറ്റ മോട്ടോഴ്‌സിന്റെ കാര്‍ വില്‍പ്പന പതിനാല് ശതമാനമാണ് വര്‍ധിച്ചത്. 1.7 ലക്ഷം കാറുകള്‍ വിറ്റു. 5.62 ശതമാനം വിപണി വിഹിതത്തോടെ ഹോണ്ടയെ മറികടന്ന് നാലാം സ്ഥാനത്തെത്താനും കഴിഞ്ഞു.

ടിയാഗോ ഹാച്ച്ബാക്ക്, ഹെക്‌സ എസ്‌യുവി എന്നിവ വിപണിയില്‍ തിളങ്ങിനില്‍ക്കുകയും പുതിയ ടിഗോര്‍, നെക്‌സണ്‍ മോഡലുകള്‍ അടുത്ത രണ്ട് വര്‍ഷം മികച്ച വില്‍പ്പന വളര്‍ച്ച സമ്മാനിക്കുകയും ചെയ്താല്‍ 2019 സാമ്പത്തിക വര്‍ഷാവസാനത്തോടെ ഇന്ത്യയിലെ കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ടാറ്റ മോട്ടോഴ്‌സിന് മൂന്നാം സ്ഥാനം നേടാനാകുമെന്ന് പാസഞ്ചര്‍ വെഹിക്ക്ള്‍ ഡിവിഷന്‍ പ്രസിഡന്റ് മായങ്ക് പരീക് പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം 25 വയസ്സിന് താഴെ വരുന്ന യുവാക്കളാണെന്നതിനാല്‍ യുവാക്കളെ ആകര്‍ഷിക്കുന്നതിനാണ് ടാറ്റ മോട്ടോഴ്‌സ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രീമിയം ബ്രാന്‍ഡെന്ന വിശേഷണം തിരികെപിടിക്കാനാണ് ഹോണ്ട ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി സിവിക്, സിആര്‍വിയുടെ ഡീസല്‍ വകഭേദം എന്നിവ തിരികെ കൊണ്ടുവരും. 2017 ഓടെ മൂന്ന് ലക്ഷം വാഹനങ്ങള്‍ വില്‍പ്പന നടത്തുമെന്നാണ് ഹോണ്ട കാര്‍സ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ ലക്ഷ്യത്തിന്റെ അറുപത് ശതമാനം മാത്രമേ കൈവരിക്കാന്‍ സാധിച്ചുള്ളൂ.

വിഷന്‍-2025 പദ്ധതിയുടെ ഭാഗമായി പത്ത് ശതമാനം വിപണി വിഹിതം സ്വന്തമാക്കാനാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പത്ത് ലക്ഷം രൂപയ്ക്ക് താഴെ വില വരുന്ന കാറുകളുടെ സെഗ്‌മെന്റില്‍ ടൊയോട്ട ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും.

നാല് വര്‍ഷത്തിനിടെ ഇന്ത്യയില്‍ 3,000 കോടി രൂപ വരെ നിക്ഷേപിക്കാനാണ് റെനോ തീരുമാനിച്ചിരിക്കുന്നത്. മാരുതി സുസുകിയുടെയും ഹ്യുണ്ടായ്‌യുടെയും വിപണി മേധാവിത്വത്തെ വെല്ലുവിളിക്കുന്നതിന് എസ്‌യുവി, എംപിവി, ക്രോസ്ഓവര്‍, സെഡാന്‍ സെഗ്‌മെന്റുകളിലായി വര്‍ഷം തോറും എട്ട് ലക്ഷം രൂപയ്ക്ക് താഴെ വില വരുന്ന ഒരോ കാര്‍ പുറത്തിറക്കുകയാണ് റെനോയുടെ ലക്ഷ്യം.

2018 ല്‍ ഫിഗോയുടെയും ആസ്പയറിന്റെയും പരിഷ്‌കരിച്ച പതിപ്പ് വിപണിയിലെത്തിക്കാനാണ് ഫോര്‍ഡ് നീക്കം നടത്തുന്നത്. തുടര്‍ന്ന് പുതിയ ഇക്കോസ്‌പോര്‍ട്ടും അവതരിപ്പിക്കും.

Comments

comments

Categories: Auto, Business & Economy