ഇന്ത്യ 5,525 മെഗാവാട്ട് സൗരോര്‍ജ്ജശേഷി കൂട്ടിച്ചേര്‍ത്തു

ഇന്ത്യ 5,525 മെഗാവാട്ട് സൗരോര്‍ജ്ജശേഷി കൂട്ടിച്ചേര്‍ത്തു

കൂടുതല്‍ സംഭാവന നല്‍കിയത് ആന്ധ്ര പ്രദേശ്

ന്യൂഡെല്‍ഹി: 2016-17 കാലയളവില്‍ ഇന്ത്യ 5,525.98 മെഗാവാട്ട് സൗരോര്‍ജ്ജശേഷി കൂട്ടിച്ചേര്‍ത്തെന്ന് ന്യൂ ആന്‍ഡ് റിന്യുവബിള്‍ എനര്‍ജി മന്ത്രാലയത്തിന്റെ (എംഎന്‍ആര്‍ഇ) ഏറ്റവും പുതിയ കണക്കുകള്‍. ഇതൊരു റെക്കോര്‍ഡാണ്. 2015-16 കാലയളവില്‍ 3,010 മെഗാവാട്ട് സോളാര്‍ ശേഷിയാണ് ഇന്ത്യ കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വളര്‍ച്ച ഏതാണ്ട് ഇരട്ടിയിലെത്തിയെന്ന് ഇപ്പോഴത്തെ കണക്കുകള്‍ തെളിയിക്കുന്നു. നിലവില്‍ 12,288.83 മെഗാവാട്ടാണ് ഇന്ത്യയുടെ ആകെ സോളാര്‍ശേഷി. 2016 മാര്‍ച്ച് അവസാനമിത് 6,762.85 മെഗാവാട്ടായിരുന്നു.

സൗരോര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് മന്ത്രാലയം കഠിനപരിശ്രമം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഊര്‍ജ്ജ മന്ത്രാലയം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചതിനാലാണ് ലക്ഷ്യത്തില്‍ നിന്ന് കുറച്ച് കുറവായിരുന്നെങ്കിലും വളര്‍ച്ച മെച്ചപ്പെട്ടത്. 2016-17 അവസാനത്തില്‍ 17,000 മെഗാവാട്ടായിരുന്നു എംഎന്‍ആര്‍ഇയുടെ ലക്ഷ്യം. അടുത്തവര്‍ഷം അവസാനം സൗരോര്‍ജ്ജശേഷി 20,000 മെഗാവാട്ടിലെത്തിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് എംഎന്‍ആര്‍ഇയുടെ ജോയിന്റ് സെക്രട്ടറിയായ സന്തോഷ് വൈദ്യ പറഞ്ഞു. 2017-18 മറ്റൊരു 7,750 മെഗാവാട്ട് ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ ആന്ധ്ര പ്രദേശാണ് മികച്ച പ്രകടനം നടത്തുന്നത്. 2016-17 കാലയളവില്‍ ആന്ധ്ര 1,294.26 മെഗാവാട്ടിന്റെ പരമാവധി സോളാര്‍ ശേഷി ചേര്‍ത്തു. കര്‍ണ്ണാടക -882.38 മെഗാവാട്ട്, തെലങ്കാന- 759.13 മെഗാവാട്ട്, രാജസ്ഥാന്‍- 543 മെഗാവാട്ട്, തമിഴ്‌നാട് -630.01 മെഗാവാട്ട്, പഞ്ചാബ് -388 മെഗാവാട്ട്, ഉത്തര്‍പ്രദേശ് -193.24 മെഗാവാട്ട്, ഉത്തരാഖണ്ഡ് – 192.35 മെഗാവാട്ട് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ സംഭാവന.

ഇതോടെ സോളാര്‍ ശേഷിയില്‍ 1,867.23 മെഗാവാട്ടുമായി ആന്ധ്രാപ്രദേശ് ഒന്നാമതെത്തി. 1,812.93 മെഗാവാട്ടുശേഷിയുള്ള രാജസ്ഥാനാണ് രണ്ടാംസ്ഥാനത്ത്. വര്‍ഷങ്ങളായി സോളാര്‍ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നിന്ന ഗുജറാത്ത് 1,249.37 മെഗാവാട്ടുമായി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തെലങ്കാന (1,286.98 മെഗാവാട്ട്) മൂന്നാംസ്ഥാനത്തുണ്ട്.

Comments

comments

Categories: Top Stories

Related Articles