കര്‍ഷക അനുകൂല നയങ്ങള്‍ ട്രാക്റ്റര്‍ വില്‍പ്പനയെ തുണയ്ക്കുമെന്ന് വിലയിരുത്തല്‍

കര്‍ഷക അനുകൂല നയങ്ങള്‍  ട്രാക്റ്റര്‍ വില്‍പ്പനയെ  തുണയ്ക്കുമെന്ന് വിലയിരുത്തല്‍

കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍  ട്രാക്റ്റര്‍ കമ്പനികള്‍ 5,82,000 യൂണിറ്റുകള്‍ വിറ്റു

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക അനുകൂല നയങ്ങളും ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന മേന്മയും രാജ്യത്തെ ട്രാക്റ്റര്‍ വില്‍പ്പനയെ ഈ സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിക്കുമെന്ന് വിലയിരുത്തല്‍.

2017-18 സാമ്പത്തിക വര്‍ഷത്തില്‍ ട്രാക്റ്റര്‍ വ്യവസായം ഇരട്ടയക്ക വളര്‍ച്ച നേടിയാല്‍, നാല് വര്‍ഷം മുന്‍പ് സൃഷ്ടിച്ച റെക്കോര്‍ഡ് വില്‍പ്പന തിരുത്തിക്കുറിക്കപ്പെടും. കഴിഞ്ഞ ധനകാര്യ വര്‍ഷത്തില്‍ ട്രാക്റ്റര്‍ കമ്പനികള്‍ 5,82,000 യൂണിറ്റുകള്‍ വിറ്റു. മുന്‍വര്‍ഷത്തെക്കാള്‍ 18 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷം ട്രാക്റ്റര്‍ വ്യവസായ രംഗം 10 ശതമാനം വികസിച്ചാല്‍ വില്‍പ്പന 6,40,000 യൂണിറ്റിലെത്തും. 2014 സാമ്പത്തികവര്‍ഷത്തെ 6,31,000 യൂണിറ്റിനെക്കാള്‍ അധികമായിരിക്കും അത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള പരിശ്രമങ്ങളും കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തന വേഗതയുമെല്ലാം വളരെ വ്യക്തമാണ്. ട്രാക്റ്റര്‍ വ്യവസായത്തെ വളര്‍ച്ച നേടുന്നതിന് പ്രാപ്തമാക്കുന്ന ഘടകങ്ങളാണിവ- മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയിലെ കാര്‍ഷിക അനുബന്ധവിഭാഗം പ്രസിഡന്റ് രാജേഷ് ജെജുരികര്‍ പറഞ്ഞു. മഹീന്ദ്രയുടെ ചെറിയ ട്രാക്റ്ററായ ജിവോ പുറത്തിറക്കിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലസംഭരണികളിലെ വെള്ളത്തിന്റെ തോത്, ധനസഹായങ്ങള്‍, പലിശ നിരക്കുകളിലെ കുറവ്, കര്‍ഷകര്‍ക്ക് നല്‍കുന്ന താങ്ങു വില എന്നിവയൊക്കെ ട്രാക്റ്റര്‍ വ്യവസായത്തിന് അനുകൂല സാഹചര്യങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വര്‍ഷം കാലവര്‍ഷം അഞ്ച് ശതമാനം കുറവായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനമുണ്ടെങ്കിലും ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. മഴയുടെ അളവ് എത്രയായാലും ട്രാക്റ്റര്‍ വ്യവസായത്തിന് വളര്‍ച്ചാ സാധ്യതയുണ്ട്. ഇക്കുറിയും വളര്‍ച്ച തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെജുരികര്‍ വിശദമാക്കി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതിയ ബ്രാന്‍ഡുകളുടെ പിന്‍ബലത്തില്‍ ട്രാക്റ്റര്‍ വിപണിയില്‍ മഹീന്ദ്ര മുന്നേറുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി 1.8 ശതമാനം അധിക വിപണി വിഹിതം സ്വന്തമാക്കിയിരുന്നു. ഇതോടെ അവരുടെ വിപണി വിഹിതം 42.7 ശതമാനത്തിലെത്തുകയും ചെയ്തു. മൂന്നുവര്‍ഷത്തിനിടെ മഹീന്ദ്ര പുറത്തിറക്കുന്ന മൂന്നാമത്തെ പുതിയ ബ്രാന്‍ഡാണ് ജിവോ. 2016, 2017 സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം നുവോയും യുവോയും കമ്പനി പുറത്തിറക്കിയിരുന്നു.

Comments

comments

Categories: Auto, Business & Economy