ഷോപ്പിംഗ് മാളുകള്‍ക്കൊപ്പം ഇ-കൊമേഴ്‌സും വളരുന്നു

ഷോപ്പിംഗ് മാളുകള്‍ക്കൊപ്പം ഇ-കൊമേഴ്‌സും വളരുന്നു

ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വളര്‍ച്ച ഇരട്ട അക്കം കടക്കുമെന്ന് ദുബായ് ചേമ്പര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ യുഎഇയില്‍ നടക്കുന്ന കച്ചവടത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ഇ-കൊമേഴ്‌സില്‍ നിന്നു വരുന്നത്.

ദുബായ്: യുഎഇയില്‍ കച്ചവടം പൊടിപൊടിക്കുകയാണ്. കടകളിലൂടെയും മറ്റുമുള്ള കച്ചവടം ശക്തമായി തുടരുന്നതിനൊപ്പം ഇ-കോമേഴ്‌സ് മേഖല മികച്ച മുന്നേറ്റം നടത്തുന്നതായി റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ വളര്‍ച്ച ഇരട്ട അക്കം കടക്കുമെന്ന് ദുബായ് ചേമ്പര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ യുഎഇയില്‍ നടക്കുന്ന കച്ചവടത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് ഇ-കൊമേഴ്‌സില്‍ നിന്നു വരുന്നത്.

യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗക് ഡോട്ട് കോമിനെ ഏറ്റെടുക്കാന്‍ തയ്യാറായി പ്രമുഖ ഈ കോമേഴ്‌സ് സ്ഥാപനമായ ആമസോണ്‍ ഡോട്ട് കോം എത്തിയത് ഇ-കോമേഴ്‌സ് മേഖലയ്ക്ക് ശക്തിപകരുമെന്നാണ് വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്കന്‍ പ്രദേശത്തെ ഇ-കൊമേഴ്‌സ് മേഖല 2017 ലെ 20 ബില്യണ്‍ ഡോളറില്‍ നിന്ന് 2020 ല്‍ 200 ബില്യണ്‍ ഡോളറായി വളരുമെന്ന് കെയ്‌റോയില്‍ പ്രവര്‍ത്തിക്കുന്ന അറബ് ഫെഡറേഷന്‍ ഫോര്‍ ഇ-കൊമേഴ്‌സിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോ.അലി അല്‍ ഖൗരി പറഞ്ഞു.

ദുബായ് ചേമ്പറിന്റെ കണക്ക് അനുസരിച്ച് യുഎഇയിലെ റീട്ടെയ്ല്‍ സെക്റ്റര്‍ 2021 ആകുമ്പോഴേക്കും 71 ബില്യണ്‍ ഡോളറിന്റേതാകും. 2016 ന്റെ അവസാനം ഇത് 56.6 ബില്യണ്‍ ഡോളര്‍ ആയിരുന്നു. കോമ്പൗണ്ട് ആനുവല്‍ ഗ്രോത്ത് റേറ്റില്‍ (സിഎജിആര്‍) 4.9 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റീട്ടെയ്ല്‍ മേഖലയില്‍ നിന്ന് 11 ശതമാനമാണ് രാജ്യത്തിന്റെ ജിഡിപിയിലേക്ക് എത്തുന്നത്. ദുബായുടെ റീട്ടെയ്ല്‍ ഹോള്‍സെയില്‍ സെക്റ്ററില്‍ നിന്ന് 29 ശതമാനം ജിഡിപിയിലേക്ക് എത്തുന്നുണ്ട്.

ഷോപ്പിംഗ് മാളുകളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ഷാ വര്‍ഷം 5.8 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. അതിനാല്‍ റീട്ടെയ്ല്‍ മേഖലയിലെ ഡിമാന്‍ഡ് കഴിഞ്ഞ വര്‍ഷം സ്ഥിരതയുള്ളതായിരുന്നെന്ന് ചേമ്പര്‍ പറയുന്നു. വിനോദ സഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ധനവും വില്‍പ്പന നികുതി ഇല്ലാത്തതും സെയില്‍ ഇവന്റുകളും ഷോപ്പിംഗ് ഫെസ്റ്റിവലകളും വ്യാപിച്ചതും ഷോപ്പിംഗ് മാളുകളിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിന് കാരണമായി. 2016 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ നിരവധി പേരാണ് എത്തിയത്. ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുന്നതിന്റെ തെളിവാണിതെന്നും ദുബായ് ചേമ്പര്‍ പറയുന്നു.

ഇമാര്‍ മാള്‍സിന്റേയും അല്‍ ഫുട്ടൈം പ്രോപ്പര്‍ട്ടീസിന്റേയും നിയന്ത്രണത്തിലുള്ള യുഎഇയിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് മാളുകളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ സ്ഥിരതയാര്‍ന്ന വര്‍ധനവാണുള്ളത്. ഇവിടങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകളുടെ എണ്ണത്തില്‍ വര്‍ഷാവര്‍ഷം 5 ശതമാനത്തിന്റെ വര്‍ധനവാണുള്ളതെന്നും ചേമ്പര്‍.

റീട്ടെയ്ല്‍ മേഖല മുന്നോട്ടുപോകുന്നതിലൂടെ ദുബായ്ക്ക് നിരവധി ഗുണങ്ങളുണ്ടാകുമെന്ന് ദുബയ് ചേമ്പറിന്റെ സിഇഒയും പ്രസിഡന്റുമായ ഹമദ് ബുആമിമ് പറഞ്ഞു. നഗരത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതിനും വരുമാനം വര്‍ധിക്കുന്നതിനും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റീട്ടെയ്‌ലേഴ്‌സിനെ ദുബായിലേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy, World