കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആസൂത്രണങ്ങള്‍ ബിജെപി ആരംഭിച്ച് കഴിഞ്ഞു. നിലവിലെ പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചാലുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയില്‍ പ്രധാനമായ ചില മാറ്റങ്ങള്‍ വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഗോവ മുഖ്യമന്ത്രിയാകാന്‍ മനോഹര്‍ പരീക്കര്‍ രാജി വെച്ചതോടെ അദ്ദേഹത്തിന്റെ വകുപ്പിന്റെ അധിക ചുമതല വഹിക്കുന്നത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ്. ഇക്കാര്യത്തിലായിരിക്കും പ്രധാന മാറ്റം ഉണ്ടാകുക. പുനഃസംഘടനയില്‍ പ്രതിരോധ വകുപ്പ് പുതിയൊരു ആള്‍ക്ക് നല്‍കിയേക്കുമെന്നാണ് സൂചന.

നിലവിലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ മാറ്റി പകരം രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജസിന്ധ്യയെ നിയമിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മികച്ച മന്ത്രിയെന്ന നിലയില്‍ വലിയ തോതില്‍ അംഗീകാരം നേടിയ സുഷമ സ്വരാജിനെ മാറ്റാനുള്ള പ്രധാന കാരണം സമീപകാലത്തുണ്ടായ അവരുടെ ആരോഗ്യപ്രശ്‌നങ്ങളാണ്. വസുന്ധര രാജെയ്ക്ക് പകരം ഓം മാത്തുര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കും.

ഭാവിതന്ത്രങ്ങളുടെ ഭാഗമായി പുതുമുഖങ്ങളെ ഉയര്‍ത്തിക്കൊണ്ട് വരാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. 75 വയസ്സുകാരനായ കേന്ദ്ര ചെറുകിട വ്യവസായ മന്ത്രി കല്‍രാജ് സിങ്ങിനെ മാറ്റുന്നത് പരിഗണനയിലാണ്. ടെലികോം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായ മനോജ് സിന്‍ഹയെ കാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്താനും സാധ്യതയുണ്ട്. നേരത്തെ യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് മനോജ് സിന്‍ഹയുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു.

യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയതില്‍ സിന്‍ഹയ്ക്ക് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരാനിരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ട് ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള പുതുമുഖങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കും. ഒപ്പം ശിവസേനയ്ക്ക് ഒരുമന്ത്രിയെ ലഭിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ ശിവസേനയുടെ സഹായം ഉറപ്പിക്കുന്നത് ബിജെപിക്ക് സഹായകരമാവും.

Comments

comments

Categories: Top Stories