ആമസോണിന്റെ 1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ജെഫ് ബെസോസ്

ആമസോണിന്റെ 1 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ജെഫ് ബെസോസ്

വാഷിംഗ്ടണ്‍: പ്രതിവര്‍ഷം ആമസോണിന്റെ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചതായി ആമസോണ്‍ ഡോട്ട് കോം സ്ഥാപകന്‍ ജെഫ് ബെസോസ് അറിയിച്ചു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനിയും, ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനദാതാവുമാണ് ആമസോണ്‍ ഡോട്ട് കോം. തന്റെ ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ബ്ലൂ ഓറിജി’ ന്റെ പ്രവര്‍ത്തനത്തിനു നിക്ഷേപം കണ്ടെത്തുന്നതിനു വേണ്ടിയാണ് ജെഫ് ബെസോസ് ആമസോണ്‍ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങുന്നത്.

നിരക്ക് അടിസ്ഥാനത്തില്‍ 11 മിനുറ്റ് നേരത്തേക്ക് ബഹിരാകാശത്ത് സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ബ്ലൂ ഒറിജിന്‍ റോക്കറ്റ് കമ്പനിയിലൂടെ ജെഫ് ബോസോസ് പദ്ധതിയിടുന്നത്. 2018ല്‍ ബഹിരാകാശത്തേക്ക് വിനോദ സഞ്ചാരികളെ എത്തിക്കാനാകുമെന്നാണ്് ബ്ലൂ ഒറിജിന്റെ കണക്കുകൂട്ടല്‍. കമ്പനി പൈലറ്റുമാരെയും എന്‍ജിനീയര്‍മാരെയും ഉള്‍പ്പെടുത്തികൊണ്ട് ഈ വര്‍ഷം തന്നെ പരീക്ഷണ പറക്കല്‍ ആരംഭിക്കാനാകുമെന്നാണ് ബ്ലൂ ഒറിജിന്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അടുത്ത വര്‍ഷം വരെ ഇത് പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ലെന്നാണ് ജെഫ് ബെസോസ് പറയുന്നത്.

ബ്ലൂ ഒറിജിന്റെ ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനും കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും പ്രതിവര്‍ഷം ആമസോണില്‍ നിന്നും ഒരു ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിക്കുമെന്നും, ഇതു സവഴി സമാഹരിക്കുന്ന തുക ബ്ലൂ ഓറിജിനു വേണ്ടി നിക്ഷേപിക്കുമെന്നും ജെഫ് ബെസോസ് വ്യക്തമാക്കിയിട്ടുണ്ട്. ബഹിരാകാശ യാത്രയുടെ ചെലവ് കുറയ്ക്കുക എന്ന ദീര്‍ഘ നാളായുള്ള സ്വപ്‌നത്തിനൊപ്പം ബ്ലൂ ഒറിജിനിനെ ലാഭത്തിലാക്കുക എന്നതു കൂടി കണക്കിലെടുത്താണ് ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ആമസോണിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് ജെഫ് ബെസോസ്. 80.9 മില്യണ്‍ ഓഹരികളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. നിലവിലുള്ള ഓഹരികളില്‍ നിന്നും 1 ബില്യണ്‍ ഡോളര്‍ കണ്ടെത്തുന്നതിന് ആമസോണിന്റെ 1,099,771 ഓഹരികള്‍ ജെഫ് ബെസോസ് വിറ്റഴിക്കും. ബുധനാഴ്ചത്തെ വ്യാപാര നിലയനുസരിച്ച് 73.54 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള, (16.95 ശതമാനം) ഓഹരികളാണ് ബെസോസിന്റെ കൈവശമുള്ളത്. നിലവില്‍ ജെഫ് ബെസോസ് ലോകത്തിലെ ധനവാന്മാരില്‍ രണ്ടാം സ്ഥാനക്കാരനാണ്. 78 ബില്യണ്‍ ഡോളറിലധികമാണ് ജെഫ് ബെസോസിന്റെ ആസ്തി.

Comments

comments