യോഗി ആദിത്യനാഥ് 36,359 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി

യോഗി ആദിത്യനാഥ് 36,359 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളി

ന്യൂഡല്‍ഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നല്‍കിയ വാഗ്ദാനം നിറവേറ്റി കൊണ്ടു യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 36,359 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ ചൊവ്വാഴ്ച എഴുതി തള്ളി. ഇതുപ്രകാരം ഒരു കര്‍ഷകന്റെ പരാമവധി ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പ സര്‍ക്കാര്‍ എഴുതി തള്ളും.

സര്‍ക്കാര്‍ തീരുമാനം യുപിയിലെ 86 ലക്ഷം ചെറുകിട-ദരിദ്ര കര്‍ഷകര്‍ക്ക് പ്രയോജനകരമാകുമെന്നാണു കരുതപ്പെടുന്നത്. രണ്ട് ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ളവരെ ചെറുകിട വിഭാഗമായും ഒരു ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ളവരെ ദരിദ്ര വിഭാഗമായിട്ടുമാണു പരിഗണിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

കാര്‍ഷികാവശ്യത്തിനായി സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍നിന്നും എടുത്ത വായ്പകളായിരിക്കും എഴുതി തള്ളുന്നത്. വായ്പകള്‍ 2016 മാര്‍ച്ച് 31നു മുന്‍പ് എടുത്തവയായിരിക്കണം. നെല്ല്, ഗോതമ്പ് കൃഷി ചെയ്യാനും വളം, കീടനാശിനി തുടങ്ങിയവ വാങ്ങുന്നതിനും വേണ്ടി എടുത്തവയായിരിക്കണം വായ്പ.

കാര്‍ഷിക കടം വിഭാഗത്തില്‍ ഇന്ത്യയിലെ മറ്റ് ഒരു സംസ്ഥാനവും ഇത്രയും വലിയ തുക എഴുതി തള്ളിയിട്ടില്ല. 2008-ല്‍ യുപിഎയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാര്‍ എഴുതി തള്ളിയ കാര്‍ഷിക കടത്തിന്റെ പകുതിയിലേറെ വരും ഇപ്പോള്‍ യോഗി ആദിത്യനാഥ് മന്ത്രിസഭ എഴുതി തള്ളിയ തുക.

കാര്‍ഷിക വായ്പയായി എഴുതി തള്ളുന്ന 36,359 കോടി രൂപ കണ്ടെത്താന്‍ സര്‍ക്കാര്‍ കിസാന്‍ രാഹത്ത് കടപത്രം ഇറക്കാനും തീരുമാനിച്ചിട്ടുണ്ട്. വലിയൊരു തുകയാണു കാര്‍ഷിക കടമായി എഴുതി തള്ളുന്നത്. യുപി സര്‍ക്കാരിനെ സംബന്ധിച്ച് തീരുമാനം നടപ്പില്‍ വരുത്തുന്നത് സുഗമമായിരിക്കില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രൂപീകരിച്ചതിനു ശേഷമായിരിക്കും തുടര്‍നടപടികള്‍ കൈക്കൊള്ളുന്നത്.

Comments

comments

Categories: Top Stories